ന്യൂദല്‍ഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ ‘നെഹ്‌റു-ബാബരി മസ്ജിദ് ‘ പരാമര്‍ശം പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
‘ഇവയെല്ലാം ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളാണ’ , ചര്‍ച്ചചെയ്യപ്പെടേണ്ട മറ്റു പല പ്രധാന വിഷയങ്ങളുമുണ്ട്. എന്നാല്‍ പുതിയകാര്യങ്ങള്‍ കൊണ്ടുവന്ന് ശ്രദ്ധ തിരിക്കുന്നതിലൂടെ ജനങ്ങളുടെ ആശങ്കകളെകുറിച്ച് സംസാരിക്കാന്‍ നമുക്ക് കഴിയാതാവുന്നു,’ പ്രിയങ്ക പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ പ്രതികരിച്ച് സമയം കളയേണ്ടതില്ലെന്നായിരുന്നു ഈ വിഷയത്തില്‍ പ്രതികരണം ആയാഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി.
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പൊതുഫണ്ട് ഉപയോഗിച്ച് ബാബരി മസ്ജിദ് നിര്‍മിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അതിനെ എതിര്‍ത്തുവെന്നും കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവിച്ചിരുന്നു.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് photo: PTI
പട്ടേലിന്റെ മരണശേഷം സ്മാരകം നിര്‍മിക്കുന്നതിനായി സ്വരൂപിക്കുന്ന ഫണ്ട് ഉപയോഗിച്ച് സാധാരണക്കാര്‍ക്ക് കിണറുകളും റോഡുകളും നിര്‍മിക്കണമെന്നാണ് നെഹ്‌റു നിര്‍ദേശിച്ചിരുന്നതെന്നും രാജ്‌നാഥ് സിങ് അവകാശപ്പെട്ടു.
‘പൊതുഫണ്ട് ഉപയോഗിച്ച് അയോധ്യയില്‍ ബാബരിമസ്ജിദ് നിര്‍മിക്കാന്‍ ജവര്‍ഹര്‍ലാല്‍ നെഹ്റു ആഗ്രഹിച്ചിരുന്നു. എന്നാല്‍ പട്ടേല്‍ മാത്രമാണ് അതിനെ എതിര്‍ത്തത്. പൊതുഫണ്ട് ഉപയോഗിച്ച് ബാബരി മസ്ജിദ് നിര്‍മിക്കാന്‍ അദ്ദേഹം അനുവദിച്ചില്ല’, രാജ്‌നാഥ് സിങ് പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഒരു രൂപ പോലും നല്‍കിയില്ലെന്നും മുഴുവന്‍ ചെലവും രാജ്യത്തെ ജനങ്ങളാണ് വഹിച്ചത്.
ഇതിനെയാണ് മതേതരത്വം എന്ന് വിളിക്കുന്നതെന്നും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150 ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ‘യൂണിറ്റി മാര്‍ച്ചിന്റെ’ ഭാഗമായ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ രാജ്‌നാഥ് സിങ് പറഞ്ഞു.
Content Highlight: Rajnath Singh’s Nehru-Babri remark diverts attention from important issues, says Priyanka Gandhi