ലഖ്നൗ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്തമായി തുടരുന്നതിനിടെ ഈ ആവശ്യത്തെ എതിര്‍ത്ത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെ രാഷ്ട്രീയ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി ബലികഴിക്കാന്‍ കഴിയില്ലെന്ന് രാജ്‌നാഥ് സിങ് ലഖ്നൗവില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തെ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഭരണഘടനാ ചട്ടക്കൂടിനുമെതിരെ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണ് കോണ്‍ഗ്രസെന്നും സിങ് ആരോപിച്ചു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ‘കൃത്രിമമായ രോഷം’ സൃഷ്ടിക്കാനും ‘തടസപ്പെടുത്തലിന്റെ രാഷ്ട്രീയം’ കളിക്കാനും ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിക്കുന്നു.

‘രാഷ്ട്രീയമായ സ്വാര്ത്ഥതയ്ക്കുവേണ്ടി ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെ ബലികഴിക്കാന്‍ പാടില്ല. ഈ യാഥാര്‍ത്ഥ്യം എല്ലാവരും മനസിലാക്കണം. കൃത്രിമമായി സൃഷ്ടിച്ച രോഷം, സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍, രാഷ്ട്രീയ അവസരവാദം എന്നിവയിലൂടെ ഇന്ത്യയുടെ വികസനയാത്രയെ തടസപ്പെടുത്താന്‍ കഴിയില്ല.

ജനാധിപത്യം സംരക്ഷിക്കുന്നു എന്ന പേരില്‍ തടസപ്പെടുത്തലിന്റെ രാഷ്ട്രീയം കളിക്കുന്നതിന് പകരം, ജനവിധി മാനിക്കാനും തന്റെ രാഷ്ട്രീയ പങ്കിനെക്കുറിച്ച് ആത്മപരിശോധന നടത്താനും രാഹുല്‍ ജി തയ്യാറാകണം ഇതാണ് അദ്ദേഹത്തോടുള്ള എന്റെ നിര്‍ദേശം,’ രാജ്‌നാഥ് പറഞ്ഞു.

ബംഗ്ലാദേശിലെ സംഭവവികാസങ്ങളുടെ മാതൃകയില്‍ ഇന്ത്യയില്‍ ഭരണമാറ്റം കൊണ്ടുവരാന്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും ശ്രമിക്കുന്നുണ്ടെന്നും, ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുവാക്കളെ അണിനിരത്തി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച് രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാന്‍ അവര്‍ ശ്രമിക്കുകയാണെന്നും സിങ് ആരോപിച്ചു. യുവാക്കളെ ‘അരാജകത്വ രാഷ്ട്രീയത്തിലെ കരുക്കളാക്കി’ മാറ്റി രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി പറയുന്നു.

‘രാജ്യത്തെ യുവാക്കളെ അരാജകത്വ രാഷ്ട്രീയത്തിന്റെ കരുക്കളാക്കാന്‍ ശ്രമം നടക്കുന്നു. ബംഗ്ലാദേശിലെ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായി തുറന്നു സമ്മതിച്ചുകൊണ്ട്, അവിടെ നടന്നതുപോലെ ഇന്ത്യയിലും ഭരണമാറ്റം ആഗ്രഹിക്കുന്നവരുണ്ട്. മറ്റുചിലരാകട്ടെ, സര്‍ക്കാരിനെ അട്ടിമറിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്നു.

ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കുക, രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുക എന്നത് മാത്രമാണ് ഇവരുടെ അജണ്ട എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഇവരുടെ പോരാട്ടം തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിന് വേണ്ടിയല്ല, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയുമല്ല, രാജ്യത്തെ യുവാക്കളുടെ ശോഭനമായ ഭാവിക്കുവേണ്ടിയുമല്ല. മറിച്ച്, രാജ്യത്ത് അരാജകത്വം അഴിച്ചുവിട്ട് അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢാലോചനയാണിത്,’ രാജ്‌നാഥ് ആരോപിച്ചു.

Content Highlight: Rajnath Singh accuses Congress of seeking ‘regime change’ amid anti-CEC protests