ഇനിയും പ്രകോപിപ്പിച്ചാല്‍ വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വിളിച്ചുപറയും; സൈബറാക്രമണത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍
Kerala
ഇനിയും പ്രകോപിപ്പിച്ചാല്‍ വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വിളിച്ചുപറയും; സൈബറാക്രമണത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th November 2025, 2:59 pm

കാസര്‍ഗോഡ്: ലൈംഗിക പീഡന കേസ് നേരിടുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ചതിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

ഇനിയും സൈബറാക്രമണം പോലുള്ള പ്രകോപനമുണ്ടായാല്‍ വാര്‍ത്താ സമ്മേളനം നടത്തി കാര്യങ്ങള്‍ വിളിച്ചുപറയുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തനിക്ക് അറിയാവുന്ന മുഴുവന്‍ കാര്യങ്ങളും പൊതുജന സമൂഹത്തിന് മുന്നിലെത്തിക്കുമെന്നും അതിലൊരു തര്‍ക്കവും വേണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ ചുമ്മാ തിരിച്ചുപോകട്ടെ എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പ്രതികരിച്ചു.

കെ.പി.സി.സി അധ്യക്ഷന്‍ പച്ച ജീവനോടെയുണ്ട്. പ്രതിപക്ഷ നേതാവും ജീവിച്ചിരിപ്പുണ്ട്. അവരോട് ചോദിക്കേണ്ട കാര്യങ്ങൾ തന്നോട് ചോദിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ സഹായിക്കുന്ന പാര്‍ട്ടിയിലെ യുവനേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കാന്‍ കഴിയില്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഹുലിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ആയിരം തവണ ഇനിയും ആവര്‍ത്തിക്കുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരേക്കാള്‍ പിന്തുണ തനിക്കുണ്ടെന്ന് കാണിക്കാനാണ് രാഹുല്‍ ശ്രമിച്ചതെന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനം.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ഒളിഞ്ഞും തെളിഞ്ഞും രാഹുലിനെ പിന്തുണച്ചവര്‍ ചിന്തിക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. രാഹുല്‍ വടി കൊടുത്ത് അടി വാങ്ങിയെന്നും നിരന്തരമായ പ്രകോപനത്തെ തുടര്‍ന്നാണ് രാഹുലിനെതിരെ പരാതിപ്പെടാന്‍ യുവതി തയ്യാറായതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് ആക്രമിക്കുന്ന സമീപനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വീകരിച്ചത്.

ഗുരുതരമായ ഒരു സംഭവമുണ്ടായപ്പോള്‍ അതിന്റെ ഗൗരവം മനസിലാക്കണമായിരുന്നു. ഇരയോട് മര്യാദയ്ക്ക് പെരുമാറുക, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കുക… ഇതൊക്കെ ഒരു പൊതുപ്രവര്‍ത്തകന്‍ ചെയ്യേണ്ട കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനുപിന്നാലെ രൂക്ഷമായ സൈബര്‍ അധിക്ഷേപങ്ങളാണ് ഉണ്ണിത്താന്‍ നേരിട്ടത്. രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയ കെ. സുധാകരനെയും രാജ്മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചിരുന്നു. ഇതിന്റെ ഭാഗമായി സുധാകരന്‍ അനുകൂലികളുടെയും സൈബര്‍ ആക്രമണത്തിന് ഉണ്ണിത്താന്‍ ഇരയായിരുന്നു.

Content Highlight: Rajmohan Unnithan responds to cyber attack after criticizing Mamkootathil