തിരുവനന്തപുരം: കേരള മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കെ.സി വേണുഗോപാലിനെ എഴുതിത്തള്ളാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
വി.ഡി സതീശനോ ചെന്നിത്തലയ്‌ക്കോ അനുകൂലമായി ജാഥ നടത്താനുള്ള അവകാശത്തെയൊന്നും ആരും ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതല വഹിക്കുന്ന ഒരാളുടെ ഫ്‌ളക്‌സ് ബോര്‍ഡ് വലിച്ചുകീറിയുള്ള പ്രതിഷേധത്തെ അനുകൂലിക്കുന്നില്ലെന്നും രാജ്‌മോഹന് ഉണ്ണിത്താന്‍ പറഞ്ഞു.
‘കെ.സി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ്. ഞാന്‍ അയാളുടെ ഒരു ഔദാര്യവും പറ്റിയിട്ടില്ല, ഒരു ഔദാര്യവും ഒട്ടും പ്രതീക്ഷിക്കുന്നുമില്ല. എനിക്കൊരു ചുക്കും അയാള്‍ ചെയ്തു തന്നിട്ടില്ല. പക്ഷേ അയാള്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി അല്ലേ? അയാളെ നമുക്ക് എഴുതി തള്ളാന്‍ പറ്റുമോ?
വി.ഡി സതീശനോ അല്ലെങ്കില്‍ രമേശ് ചെന്നിത്തലയ്‌ക്കോ അനുകൂലമായി ജാഥ നടത്താനുള്ള അവകാശത്തെയൊന്നും ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ പിണറായി വിജയന്റെ ഫ്‌ളക്‌സല്ല അല്ല നിങ്ങള്‍ വലിച്ചുകീറിയത്, നിങ്ങള്‍ വലിച്ചുകീറിയത് ഗോവിന്ദന്‍ മാസ്റ്ററുടെ ഫ്‌ളക്‌സല്ല അല്ല, കോണ്‍ഗ്രസിന്റെ സംഘടനാ ചുമതല വഹിക്കുന്ന, കേരളത്തില്‍ നിരവധി വര്‍ഷക്കാലമായി ഫീല്‍ഡിലുള്ള ഒരു നേതാവിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് വലിച്ചുകീറുന്നു.
അതിനകത്ത് ഉമ്മന്‍ ചാണ്ടിയുണ്ട്. ഉമ്മന്‍ചാണ്ടിയെയും ചവിട്ടിക്കൂട്ടി ചുരുട്ടിയെടുത്ത് ദൂരെ കളഞ്ഞു. ആ പ്രവര്‍ത്തി ആരാണോ ചെയ്തത് അവന്മാരെ കോണ്‍ഗ്രസുകാരനായി കാണാന്‍ പറ്റില്ല.
കെ.സി വേണുഗോപാലിന്റെ ഔദാര്യം പറ്റിയ എത്രയോ ആളുകളുണ്ട്. ഏതെങ്കിലും ഒരുത്തന്‍ ഒരു അക്ഷരം മിണ്ടിയോ ഇതുവരെ? സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുടെ ഫ്‌ളെക്‌സ് വലിച്ചുകീറിയിട്ട് അദ്ദേഹത്തിന്റെ ഔദാര്യത്തില്‍ പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എത്ര പേരുണ്ട്? ആരെങ്കിലും ഒരുത്തന്‍ കമാന്ന് ഒരക്ഷരം മിണ്ടിയോ?
എല്ലാവരും ദല്‍ഹിയില്‍ പോയിരിക്കുന്നത് മന്ത്രിസ്ഥാനം ഒപ്പിച്ചെടുക്കാനാണ്. നല്ല നല്ല വകുപ്പുകള്‍ തട്ടിയെടുക്കാനാണ്. കെ.പി.സി.സി പ്രസിഡന്റ് മന്ത്രിയാകും എന്ന് കണ്ടപ്പോള്‍ തന്നെ ആ കസേര ഒഴിഞ്ഞില്ല, അതിനുമുമ്പ് ആ കസേര പിടിക്കാന്‍ ആളുകള്‍ പോയിരിക്കുകയാണ്.
പേരിന്റെ കൂടെ ജാതിപ്പേരും പറഞ്ഞു പോയിരിക്കുകയാണ്. ഇവര്‍ ആരെങ്കിലും ഒരാള്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുടെയോ ഉമ്മന്‍ചാണ്ടിയുടെയോ ഫ്‌ളെക്‌സ് വലിച്ചു കീറിയിട്ട് ഒരക്ഷരം ഉരിയാടിയിട്ടില്ല. അപ്പോള്‍ എല്ലാവര്‍ക്കും ഭയമാണ്, സോഷ്യല്‍ മീഡിയ ഭയമാണ്. നാളെ എന്തെങ്കിലും പ്രതികരിച്ചാല്‍ പൊങ്കാലയിടുമെന്ന ഭയമാണ്.
ആ പൊങ്കാലയെ ഭയപ്പെടാത്ത ഒരാളാണ് ഞാന്‍. എല്ലാ കാര്യവും സത്യം പറയുന്ന ഒരാളാണ് ഞാന്‍. ഈ വിവാദമൊക്കെ കെട്ടടങ്ങും.
ഹൈക്കമാന്‍ഡ് ഒരു തീരുമാനം എടുത്ത് ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെയോ അല്ലെങ്കില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെയോ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ ഈ കേരളത്തില്‍ ഒരു അപശബ്ദം പോലും ഉണ്ടാകില്ല.
മൂന്നാല് ദിവസം ആളുകളൊക്കെ തെരുവിലൊക്കെ ഇത് കാണിക്കുമെന്നല്ലാതെ കോണ്‍ഗ്രസിനോട് കൂറും വിധേയത്വവും പ്രതിബദ്ധതയുമുള്ള ഒരാള്‍ പോലും ഹൈക്കമാന്‍ഡിന്റെ തീരുമാനത്തില്‍ പ്രതികരിക്കുമെന്ന് നിങ്ങള്‍ ആരും സ്വപ്നത്തില്‍ വിചാരിക്കണ്ട.
മാത്രമല്ല പിണറായി വിജയന്‍ വ്യക്തിപൂജ നടത്തി കേരള സമൂഹം ഒരു ദുരന്തം നേരിട്ട് കണ്ടതാണ്.
‘കാരണഭൂതന്‍’, ‘ക്യാപ്റ്റന്‍’ അതുപോലെ ആയിരക്കണക്കിന് ആളുകളെക്കൊണ്ട് തിരുവാതിര കളിപ്പിച്ചു. അപ്പോള്‍ വ്യക്തികളല്ല പ്രധാനം, പാര്‍ട്ടിയാണ്, സംഘടനയാണ്. ആ സംഘടനയ്ക്കകത്ത് പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ ഈ തെരുവിലെ പ്രകടനം അവസാനിപ്പിക്കണം.
വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഏത് എക്സ്റ്റന്റ് വരെയും നിങ്ങള്‍ക്ക് ആവശ്യപ്പെടാം, അതിലൊന്നും ഒരു കുഴപ്പവുമില്ല.
അയാള്‍ ടീം യു.ഡി.എഫിനെ നയിച്ച ഒരാളാണ്, അയാള്‍ക്ക് അതിനുള്ള യോഗ്യതയുണ്ട്. നിങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ള അര്‍ഹതയുണ്ട്.
അതുപോലെ തന്നെ അര്‍ഹത കഴിഞ്ഞ തവണ പിണറായി വിജയന്റെ അഴിമതികള്‍ മുഴുവന്‍ തുറന്നുകാട്ടി അവസാനം തെരഞ്ഞെടുപ്പില്‍ തോറ്റ് എം.എല്‍.എമാരുടെ ഭൂരിപക്ഷം ഉണ്ടായിട്ട് തന്നെ ഒഴിവാക്കി എന്ന് പറയുന്ന രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹത്തിന്റെ വാദങ്ങള്‍ ഹൈക്കമാന്‍ഡിന്റെ മുമ്പില്‍ അവതരിപ്പിക്കാന്‍ അവകാശമില്ലേ?, ‘രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.
അതേസമയം കേരളത്തിലെത്തിയ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് വരണമെന്ന നിര്‍ദേശമില്ല. എന്നാല്‍ കേരളത്തിലെ സാഹചര്യം അതീവ സങ്കീര്‍ണ്ണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പൊതുവികാരം പ്രതിപക്ഷ നേതാവായി കേരളത്തെ നയിച്ച വി.ഡി സതീശന് അനുകൂലമാണ്. എന്നാല്‍ എം.എല്‍.മാരിലും പാര്‍ട്ടിയിലും സതീശന് പിന്തുണ കുറവാണ്. അതേസമയം, ഘടക കക്ഷികള്‍ സതീശനൊപ്പമുണ്ടെന്നതും ശ്രദ്ധയേമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlight: Rajmohan Unnithan about KC Venugopal and VD Satheesan