സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഓം. അമരന്‍ എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രതീക്ഷ നല്‍കുന്നവയായിരുന്നു. തമിഴ് സൂപ്പര്‍താരം ധനുഷിനൊപ്പം മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും ഓമില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

തമിഴില്‍ സിനിമ ചെയ്യുമ്പോഴെല്ലാം മികച്ച കഥാപാത്രങ്ങള്‍ സമ്മാനിക്കുമെന്നുള്ള പതിവ് ഇത്തവണയും മമ്മൂട്ടി തെറ്റിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതിനെ ശരിവെക്കുന്ന തരത്തിലായിരുന്നു മമ്മൂട്ടിയുടെ ക്യാരക്ടര്‍ ടീസര്‍. സിയാ എന്നറിയപ്പെടുന്ന ബര്‍മാ കാര്‍ത്തികേയന്‍ സമീപകാലത്ത് മമ്മൂട്ടിയുടേതായി വന്ന ഏറ്റവും മാസ് കഥാപാത്രമാണെന്ന് ടീസര്‍ സൂചന നല്‍കുന്നു.

ഇപ്പോഴിതാ ഓമിലേക്ക് മമ്മൂട്ടി എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി. കാര്‍ത്തികേയന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയായിരുന്നു തന്റെ മനസിലെന്ന് സംവിധായകന്‍ പറഞ്ഞു. ഒരുപാട് വട്ടം ശ്രമിച്ചതിന് ശേഷമാണ് മമ്മൂട്ടിയോട് കഥ പറയാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു മമ്മൂട്ടി സാറിനോട് സംസാരിക്കാന്‍ സാധിച്ചത്. അന്ന് കഥയുടെ വണ്‍ലൈന്‍ മാത്രമേ നരേറ്റ് ചെയ്യാന്‍ സാധിച്ചുള്ളൂ. 15 മിനിറ്റ് കൊണ്ട് പറഞ്ഞുകഴിഞ്ഞു. സാറിന് അത് ഇഷ്ടമായി. സ്‌ക്രിപ്റ്റ് കംപ്ലീറ്റായാല്‍ ഒന്നുകൂടി ഇരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ സ്‌ക്രിപ്റ്റ് കംപ്ലീറ്റാക്കിയ സമയത്ത് അദ്ദേഹത്തോട് അത് പറയാന്‍ സാധിച്ചില്ല.

കാരണം, ആ സമയത്ത് അദ്ദേഹം സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത് നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റ ആരോഗ്യം മോശമായതുകൊണ്ടായിരുന്നു ബ്രേക്കെടുത്തത്. അഞ്ച് മാസത്തോളം സിനിമയില്‍ നിന്ന് മാറിനിന്ന ശേശം ഇപ്പോള്‍ ആരോഗ്യമെല്ലാം ഓക്കെയായി. മുഴുവന്‍ സ്‌ക്രിപ്റ്റും വായിച്ചുകേള്‍പ്പിച്ചപ്പോള്‍ മമ്മൂട്ടി സാറിന് ഇഷ്ടമായി. അങ്ങനെയാണ് കാര്‍ത്തികേയന് അദ്ദേഹം ഓക്കെ പറഞ്ഞത്,’ രാജ്കുമാര്‍ പെരിയസാമി പറഞ്ഞു.

വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം താരനിര കൊണ്ടും ഗംഭീരമാണ്. സായ് പല്ലവിയും ശ്രീലീലയുമാണ് ചിത്രത്തിലെ നായികമാര്‍. സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായ സായ് അഭ്യങ്കറാണ് ഓമിന് സംഗീതം നിര്‍വഹിക്കുന്നത്. ഒക്ടോബര്‍ 16ന് റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം ജയിലര്‍ 2 കാരണം നവംബറിലേക്ക് മാറ്റുകയായിരുന്നു. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടര്‍ബാര്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. എല്ലാം ഒത്തുവന്നാല്‍ ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായി ഓം മാറുമെന്നാണ് പലരുടെയും പ്രവചനം.

Content Highlight : Rajkumar Periyasamy about Mammootty’s role in Om Movie