ചുരുങ്ങിയ കാലം കൊണ്ട് സിനിമാപ്രേമികളുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് രജിഷ വിജയന്‍. ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ രജിഷ ഓരോ സിനിമയിലും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കര്‍ണന്‍, ജയ് ഭീം, ബൈസണ്‍ തുടങ്ങിയ സിനിമകളില്‍ മികച്ച കഥാപാത്രങ്ങളായിരുന്നു രജിഷയുടേത്.

എന്നാല്‍ അടുത്തിടെ രജിഷ വിജയന്‍ ട്രോളന്മാരുടെ ഇരയായി മാറിയിരുന്നു. കൃഷന്ദ് സംവിധാനം ചെയ്ത മസ്തിഷ്‌കമരണം എന്ന ചിത്രത്തിലെ ഗാനരംഗമാണ് താരത്തിന് ട്രോളുകള്‍ നല്‍കിയത്. കരിയറിന്റെ തുടക്കത്തില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ ഒരിക്കലും ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന് രജിഷ പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമായി മസ്തിഷ്‌കമരണത്തില്‍ താരം ഐറ്റം ഡാന്‍സ് ചെയ്തതാണ് വിവാദമായത്.

രജിഷ വിജയന്‍ Photo: Screengrab/ Sillymonks Mollywood

എന്നാല് കഴിഞ്ഞ ദിവസം നടന്ന പ്രീമിയര്‍ ഷോയ്ക്ക് ശേഷം നടന്ന പ്രസ്മീറ്റില്‍ രജിഷ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടു. എന്തുകൊണ്ടാണ് താന്‍ ഇത്തരമൊരു ഗാനരംഗത്തില്‍ അഭിനയിച്ചതെന്ന കാര്യത്തിന് വ്യക്തത വന്നില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് രജിഷ ആരംഭിച്ചത്. കൊച്ചിയിലായിരുന്നു ചിത്രത്തിന്റെ പ്രിവ്യൂ സംഘടിപ്പിച്ചത്.

‘ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സിനിമ കണ്ടപ്പോള്‍ കിട്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരുപാട് നാള്‍ ബഹിരാകാശത്ത് പോകാനും അവിടെ പറന്നുനടക്കാനുമുള്ള അവസരം ലഭിച്ചിരുന്നു. അപ്പോഴൊക്കെ എന്നോട് എല്ലാവരും ചോദിച്ചിരുന്നത് എന്തിനാണ് ഇത് ചെയ്തത് എന്നായിരുന്നു. അപ്പോഴൊക്കെ ഈ സിനിമ അതിനുള്ള മറുപടി നല്‍കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അങ്ങനെ സംഭവിച്ചെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ,’ രജിഷ പറയുന്നു.

സംവിധായകനായ കൃഷന്ദിനെക്കുറിച്ചും താരം സംസാരിച്ചു. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വ്യത്യസ്തമായി ചിന്തിക്കുന്ന ഒരാളാണ് കൃഷന്ദെന്ന് രജിഷ പറഞ്ഞു. ഈ ചിത്രത്തിന്റെ കഥ പറയുന്ന സമയത്ത് പല സീനുകളും എങ്ങനെ ചിത്രീകരിക്കുമെന്ന് കണ്‍ഫ്യൂഷനുണ്ടായിരുന്നെന്നും എന്നാല്‍ അതെല്ലാം ഗംഭീരമായി എടുത്തിട്ടുണ്ടെന്നും രജിഷ കൂട്ടിച്ചേര്‍ത്തു.

കൃഷന്ദിനെപ്പറ്റി എടുത്ത് പറയണം. എല്ലാവരും ചോദിക്കുന്ന കാര്യമാണ് ‘കൃഷന്ദ് എന്താണ് കഴിക്കുന്നത്? എന്ത് കഴിച്ചിട്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ പറ്റുന്നത്’ എന്നൊക്കെ. എല്ലാവരെയും പോലെ ചിക്കനും മട്ടനും തന്നെയാണ് കൃഷന്ദും കഴിക്കുന്നത്. പക്ഷേ, അയാളെപ്പോലെ ഒരു മള്‍ട്ടി ടാസ്‌കറിനെ ഞാന്‍ വേറെ കണ്ടിട്ടില്ല. ഇപ്പോഴും എന്തെങ്കിലുമൊക്കെ ചിന്തിക്കുകയായിരിക്കും,’ രജിഷ പറഞ്ഞു.

ഓരോ സിനിമയിലും വ്യത്യസ്തമായ അവതരണരീതി പരീക്ഷിക്കുന്ന കൃഷന്ദ് ഇത്തവണ ഫ്യൂച്ചറിസ്റ്റിക് സൈബര്‍ പങ്ക് ഴോണറിലാണ് മസ്തിഷ്‌കമരണം അണിയിച്ചൊരുക്കിയത്. നിരഞ്ജ് മണിയന്‍പിള്ള രാജു, സഞ്ജു ശിവറാം, ദിവ്യപ്രഭ, ജഗദീഷ്, സുരേഷ് കൃഷ്ണ, രാഹുല്‍ രാജഗോപാല്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

 

Content Highlight: Rajisha Vijayan’s speech after Masthishka Maranam movie viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ