'എന്താ സാര്‍ നിങ്ങളെ മാറ്റി കമല്‍ ഹാസനെ കൊണ്ടുവരാന്‍ ആലോചിക്കുകയാണോ'; ശോഭനയുടെ ചോദ്യത്തെകുറിച്ച് രജനീകാന്ത്
Entertainment news
'എന്താ സാര്‍ നിങ്ങളെ മാറ്റി കമല്‍ ഹാസനെ കൊണ്ടുവരാന്‍ ആലോചിക്കുകയാണോ'; ശോഭനയുടെ ചോദ്യത്തെകുറിച്ച് രജനീകാന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th September 2022, 1:51 pm

മണിരത്‌നം സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ബിഗ് ബജറ്റ് ചിത്രം പൊന്നിയിന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യുകയാണ്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയറാം എന്നിങ്ങനെ മലയാളം- തമിഴ്- ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു.

രജനീകാന്ത്, കമല്‍ ഹാസന്‍ എന്നിവരുള്‍പ്പെടെ നിരവധി താരങ്ങള്‍ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തിരുന്നു. ഇതിനിടെ മണിരത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ദളപതി എന്ന സിനിമയില്‍ മമ്മൂട്ടി, ശോഭന എന്നിവര്‍ക്കൊപ്പം അഭിനയിച്ചതിന്റെ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് രജനീകാന്ത്.

ദളപതിക്ക് വേണ്ടി മേക്കപ്പ് ചെയ്തതിനെ കുറിച്ചും കോസ്റ്റിയൂം ധരിച്ചതിനെ കുറിച്ചുമൊക്കെയാണ് രജനീകാന്ത് സംസാരിച്ചത്. M3DB Cafe എന്ന വെബ്‌സൈറ്റാണ് രജനീകാന്തിന്റെ സംസാരത്തിന്റെ ടെക്‌സ്റ്റ് രൂപം പബ്ലിഷ് ചെയ്തിരിക്കുന്നത്.

”മണിരത്‌നത്തിനോടോപ്പം ദളപതി സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് നടന്ന ഒന്നുരണ്ട് സംഭവങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാമെന്ന് കരുതുന്നു.

ദളപതിയുടെ ആദ്യ ദിവസത്തെ ഷൂട്ടിങ് മൈസൂരില്‍ നടക്കുകയായിരുന്നു. ഞാന്‍ ആ സമയത്ത് ബോംബെയില്‍ ഒരു ഹിന്ദി സിനിമയില്‍ അഭിനയിക്കുകയായിരുന്നു. അവിടെ നിന്ന് മൈസൂര്‍ എത്തിയപ്പോള്‍ അര്‍ധരാത്രി പന്ത്രണ്ട് മണിയോടടുത്തായി.

അടുത്ത ദിവസം രാവിലെ മേക്കപ്പ് മാനെ വിളിച്ചപ്പോള്‍, ‘മേക്കപ്പ് ഒന്നും ഇല്ലെന്നാണല്ലോ പറഞ്ഞിരിക്കുന്നത്’ എന്ന് അയാള്‍. അതൊന്നും കാര്യമാക്കേണ്ട, മുഖം കഴുകി ഫൗണ്ടേഷന്‍ ഇട്ടോളാന്‍ ഞാനും. കാരണം മമ്മൂട്ടിയാണ് കൂടെ അഭിനയിക്കുന്നത്. ആപ്പിള്‍ പോലെ തുടുത്തിരിപ്പുണ്ട് അദ്ദേഹം. ഞാന്‍ മേക്കപ്പ് ഇടാതെ പോയാല്‍ പൗര്‍ണമിയും അമാവാസിയും പോലെയായിപ്പോവും. ശരിയെന്ന് പറഞ്ഞ് മേക്കപ്പ് മാന്‍ ഫൗണ്ടേഷനൊക്കെ ഇട്ടു.

അപ്പോഴേക്കും കോസ്റ്റ്യൂംസ് കൊണ്ടുവന്നു. ലൂസ് ഷര്‍ട്ടും ലൂസ് പാന്റ്‌സും. അതൊന്ന് ടൈറ്റ് ചെയ്ത് കൊണ്ടുവരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നതെന്ന് അവരും. അവസാനം നിര്‍ബന്ധിച്ച ശേഷം ടൈറ്റ് ചെയ്ത് കൊണ്ടുവന്നു. പിന്നെ കുറെ സാധാരണ ചെരുപ്പുകള്‍ നിരത്തി വെച്ചിട്ടുണ്ട്.

‘ഞാന്‍ ദളപതിയാ… ഷൂ കൊണ്ടുവരൂ’ എന്ന് പറഞ്ഞപ്പോള്‍ വാക്കിങ് ഷൂ കൊണ്ടുവന്നു. അതും ധരിച്ച് ഷൂട്ടിങ് സ്ഥലത്തേക്ക് പോയി. എന്നെ കണ്ടയുടനെ മണിരത്‌നം അടിമുടി നോക്കി. കോസ്റ്റ്യൂം ചേഞ്ച് ചെയ്തില്ലേ എന്ന് ചോദിച്ചപ്പോള്‍ ‘ഇത് തന്നെയാ കോസ്റ്റ്യൂം’ എന്ന് ഞാന്‍ മറുപടി പറഞ്ഞു.

പിന്നെ നോക്കിയപ്പോള്‍ മണിരത്‌നം, സന്തോഷ് ശിവന്‍, തോട്ടാ ധരണി, സുഹാസിനി എന്നിവരൊക്കെ വട്ടം കൂടിനിന്ന് സംസാരിക്കുകയാണ്. ഷോട്ടെടുക്കുന്ന ലക്ഷണമൊന്നുമില്ല. ശോഭനയും ഞാനും കൂടിയുള്ള ഷോട്ടാണ്. ശോഭനയാണെങ്കില്‍ തക്കം കിട്ടിയാല്‍ കളിയാക്കുന്ന പ്രകൃതമുള്ള വ്യക്തിയാണ്.

എന്റെ അടുത്തുവന്ന് ‘എന്താ രജനി സാര്‍ അവരൊക്കെ സംസാരിക്കുന്നത്? നിങ്ങളെ മാറ്റി കമല്‍ ഹാസനെ ഈ ക്യാരക്ടറിന് വേണ്ടി ആലോചിക്കുകയാണോ?’ എന്നൊക്കെ പറഞ്ഞുതുടങ്ങി ശോഭന. കുറച്ചുകഴിഞ്ഞ് മണിരത്‌നം വന്ന് ‘ഓകെ, ഷൂട്ട് തുടങ്ങാം’ എന്ന് പറഞ്ഞു. കുളത്തിനടുത്ത് ഞാനും ശോഭനയും ഇരിക്കുന്ന ഷോട്ട് ആണ്. അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു,” രജനീകാന്ത് പറഞ്ഞു.

1991ല്‍ റിലീസ് ചെയ്ത ദളപതി തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്. ചിത്രത്തില്‍ ശ്രീവിദ്യയും അരവിന്ദ് സ്വാമിയും അണിനിരന്നിരുന്നു.

Content Highlight: Rajinikanth shares an experience with actress Shobana during the shoot of Thalapathi movie