മുഖഭാവം മാറ്റാനായി പലതരം വിക്രിയകള്‍ കാണിച്ചു: അവരെല്ലാവരും ചേര്‍ന്നാണ് സുട്ടുവിനെ നടനാക്കിയത്: രാജേഷ് മാധവന്‍
Malayalam Cinema
മുഖഭാവം മാറ്റാനായി പലതരം വിക്രിയകള്‍ കാണിച്ചു: അവരെല്ലാവരും ചേര്‍ന്നാണ് സുട്ടുവിനെ നടനാക്കിയത്: രാജേഷ് മാധവന്‍
ഐറിന്‍ മരിയ ആന്റണി
Monday, 23rd February 2026, 7:58 pm

ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി നടന്‍ രജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പെണ്ണും പൊറാട്ടും. അന്താരാഷ്ട്ര രാജ്യാന്തര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ ചിത്രം ഫെബ്രുവരി 13നാണ് തിയേറ്ററുകളിലെത്തിയത്. നൂറോളംപുതുമുഖങ്ങള്‍ക്ക്പുറമെ ഇരുനൂറോളം മൃഗങ്ങളും അണിനിരക്കുന്നുണ്ടെന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങള്‍ നേടിയ പെണ്ണും പൊറാട്ടിന്റെ ട്രെയ്ലര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ചിത്രത്തില്‍ അഭിനേതാക്കളോടൊപ്പം തിളങ്ങിയ ഒരാള്‍ കൂടിയുണ്ടായിരുന്നു സുട്ടു എന്ന നായ. സുട്ടുവിന് ടൊവിനോയുടെ ശബ്ദം ഉപയോഗിച്ചതും പ്രേക്ഷകരില്‍ ആവേശം ഉണര്‍ത്തിയിരുന്നു.

ഇപ്പോഴിതാ സുട്ടുവിന്റെ കൂടെയുള്ള ഷൂട്ടിങ് വെല്ലുവിളി നിറഞ്ഞതായിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് രാജേഷ് മാധവന്‍. 6 മാസം പ്രായമുള്ളപ്പോള്‍ കോട്ടയം വൈക്കത്ത് നിന്ന് ഞങ്ങള്‍ക്ക് കിട്ടിയതാണ് സുട്ടുവിനെയെന്ന് അദ്ദേഹം പറയുന്നു.

‘അന്നുമുതല്‍ ഒരു വര്‍ഷത്തിലധികമായി അവന്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ട്. സിനിമയ്ക്ക് വേണ്ടിയുള്ള ചെറിയ പരിശീലനം കൊടുക്കുന്നുണ്ടായിരുന്നെങ്കിലും ഷൂട്ടിങ് അല്‍പ്പം പാടായിരുന്നു. ആദ്യ സീന്‍ ഷൂട്ട് ചെയ്യാന്‍ മാത്രം പ്ലാന്‍ ചെയ്തതിലും ഇരട്ടി ദിവസങ്ങളെടുത്തു.

നായയുടെ മുഖത്ത് നിന്ന് നമുക്ക് വേണ്ട വികാരം ഇതാണെന്ന് പറഞ്ഞാല്‍ ആ വികാരം ഉണ്ടാകുന്നതു വരെ ക്യാമറയും പിടിച്ചു നില്‍ക്കാന്‍ തയ്യാറായ ക്യാമറമാന്‍. അതിന്റെ മുഖഭാവം മാറ്റാനായി പലതരം വിക്രിയകള്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് കാണിക്കുന്ന എന്റെ അസി.ഡയറക്ടര്‍മാര്‍, മണിക്കൂറുകള്‍ നീളമുള്ള സീനുകളില്‍ നിന്ന് വേണ്ട സീന്‍ മാത്രം വെട്ടിയെടുത്ത എഡിറ്റര്‍ ചമന്‍ ചാക്കോ ഇവരെല്ലാവരും ചേര്‍ന്നാണ് സുട്ടുവിനെ നടനാക്കിയത്,’ രാജേഷ് മാധവന്‍ പറയുന്നു.

ഈ സിനിമയ്ക്ക് പുതുമുഖങ്ങളെ ആവശ്യമായിരുന്നുവെന്നും പരിചിതമല്ലാത്ത സാഹചര്യം പ്രേക്ഷകര്‍ക്ക് കിട്ടണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും രാജേഷ് പറയുന്നു. ഒരേ ശൈലിയിലുള്ള ഒരു കൂട്ടം ആളുകള്‍ ഉണ്ടെങ്കില്‍ നല്ലതാണെന്ന് തോന്നിയിരുന്നുവെന്നും അവര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഒരു താളമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആ താളത്തിലാണ് തമാശയും ജീവിതവും അടുപ്പവുമെല്ലാം ഉണ്ടാകുകയെന്നും പാലക്കാട് കൊല്ലങ്കോട് ഭാഗത്തായിരുന്നു ഷൂട്ടിങ് എന്നും രാജഷേ് മാധവന്‍ കൂട്ടിച്ചേര്‍ത്തു.

ടൊവിനോയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് രാജേഷ് മുമ്പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. സുട്ടുവിന്റെ ശബ്ദം ആരുടേതാവണം എന്നതിനെ കുറിച്ച് തനിക്ക് ആദ്യമേ ധാരണയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച രാജേഷ് പിന്നീട് നിരവധി സിനിമകളില്‍ കോമഡി വേഷങ്ങളില്‍ തിളങ്ങി. ന്നാ താന്‍ കേസ് കേസ് കൊട് എന്ന സിനിമക്ക് ശേഷം ചിത്രത്തിന്റെ സ്പിന്‍ ഓഫ് ആയി വന്ന സുരേശന്തേയും സുമലതയുദേയും ഹൃദയഹാരിയായ പ്രണയകഥയില്‍ രാജേഷ് മാധവന്‍ നായകനായും അഭിനയിച്ചിരുന്നു.

Content Highlight:  Rajesh Madhavan on Suttu, the dog from the movie Pennum Porattum

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.