രാജേഷ് ഖന്ന അന്തരിച്ചു
Movie Day
രാജേഷ് ഖന്ന അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th July 2012, 2:09 pm

ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ രാജേഷ് ഖന്ന അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. []

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ രാജേഷ് ഖന്നയെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ നിലമെച്ചപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം വീട്ടിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. എന്നാല്‍ വീട്ടിലെത്തിയ ഖന്നയുടെ ആരോഗ്യനില വീണ്ടും വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഏപ്രില്‍ ഒന്നിനാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഖന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാല് ദിവസങ്ങള്‍ക്കുശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. പിന്നീട് ജൂണ്‍ 23ന് ഖന്നയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചത്തെ ചികിത്സയ്ക്കുശേഷം തിരികെ മുംബൈയിലെ വസതിയിലെത്തി. പിന്നീട് ജൂണ്‍ 14ന് രക്തസമ്മര്‍ദ്ദം കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ഖന്ന വീണ്ടും ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു.
ബോളിവുഡിലെ ആദ്യകാല സൂപ്പര്‍താരങ്ങളിലൊരാളായ രാജേഷ് ഖന്ന കാക്ക എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. 1969-1972 കാലയളവില്‍ തുടര്‍ച്ചയായി 15 സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ രാജേഷ് ഖന്നയ്ക്കുണ്ടായിരുന്നു. അഭിനയിച്ച 163 ചിത്രങ്ങളില്‍ 106 ചിത്രങ്ങളിലും ഖന്ന നായകനായിരുന്നു.


1942 ഡിസംബര്‍ 29ന് അമൃതസറിലാണ് ഖന്ന ജനിച്ചത്.   പിതാവിന്റെ ബന്ധുക്കളുടെ ദത്തുപുത്രനായാണ് ഖന്ന വളര്‍ന്നത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് ഖന്നയുടെ ഉറ്റസുഹൃത്തായിരുന്ന രവികുമാറാണ് പിന്നീട് സിനിമാ താരം ജിതേന്ദ്രയായി മാറിയത്. പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ അഭിനയമായിരുന്നു ഖന്നയുടെ മനസുനിറയെ. സ്‌കൂളിലും കോളേജുകളിലും നാടക മത്സരങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഖന്ന വാരിക്കൂട്ടി.

സിനിമയിലെത്താന്‍ ഖന്നയെ നാടകങ്ങള്‍ സഹായിച്ചില്ല.  ദേശീയതലത്തില്‍ പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തിയ ഒരു മത്സരത്തിലൂടെയാണ് ഖന്ന സിനിമയിലെത്തുന്നത്. ആഖ്‌രി ഖത്ത്‌ ആണ് ആദ്യ ചിത്രം.  എന്നാല്‍ 1967 ല്‍ ഇറങ്ങിയ രവീന്ദ്രദേവിന്റെ  രാസ് എന്ന ചിത്രത്തിലൂടെയാണ് നടന്‍ എന്ന നിലയില്‍ താന്‍ അറിയപ്പെട്ടു തുടങ്ങിയതെന്ന് ഒരു അഭിമുഖത്തില്‍ ഖന്നതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പക്ഷേ, ഖന്ന ശ്രദ്ധിക്കപ്പെട്ടത്  1967 ല്‍ തന്നെ ഇറങ്ങിയ ഔരത് , ഖാമോശി, ആരാധന എന്നീ ചിത്രങ്ങളിലൂടെയാണ്. ആരാധന എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ഖന്നയെ ഇന്ത്യയുടെ ആദ്യ സൂപ്പര്‍താരമായി വിമര്‍ശകര്‍ പുകഴ്ത്തി. അക്കാലത്ത് മികച്ച ഗായകനായിരുന്ന കിഷോര്‍ കുമാര്‍ പാടിയ ഒരുപാട് ഗാന രംഗങ്ങളില്‍ അഭിനയിച്ചത് രാജേഷ് ഖന്നയാണ്. രാജേഷ് ഖന്ന, ആര്‍.ഡി. ബര്‍മന്‍, കിഷോര്‍ കുമാര്‍ സംഗീത-അഭിനയ സഖ്യം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് 1976 ല്‍ ചില പരാജയ ചിത്രങ്ങള്‍ മൂലം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് മങ്ങലേറ്റു. പക്ഷേ, പിന്നീട് 1980 കളില്‍ അമര്‍ദീപ്, ആഞ്ചല്‍ എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം തിരിച്ചു വന്നു.

1990 കളില്‍ അദ്ദേഹം അഭിനയജീവിതം കുറക്കുകയും രാഷ്ട്രീയത്തിലേക്ക് തിരിയുകയും ചെയ്തു. 1991 മുതല്‍ 1996 വരെ ന്യൂദല്‍ഹിയില്‍ നിന്ന് ലോകസഭയിലെ അംഗമായി.  1999, 2000 ല്‍ ചിലചിത്രങ്ങളില്‍ അഭിനയിച്ചു. 2007 ല്‍ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വന്നു. 2008ല്‍ അദ്ദേഹത്തിന് ദാദ ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചു.

ആര്‍. ബാല്‍ക്കി സംവിധാനം ചെയ്ത ഹവല്‍സ് ഫാനിന്റെ പരസ്യത്തിലാണ് ഖന്ന അവസാനമായി പ്രത്യക്ഷപ്പെട്ടത്. തന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ആരാധന റീമേക്ക് ചെയ്തു കാണാന്‍ അവസാന കാലത്ത് ഖന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനായി മകളുടെ ഭര്‍ത്താവ് അക്ഷയ്കുമാറിന്റെ പ്രൊഡക്ഷന്‍ ടീമിന്റെ സഹായം തേടിയിരുന്നു. റീമേക്കിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ഖന്നയുടെ മരണം.

അമര്‍ ദീപ്, അന്ദാസ്, അജ്‌നബി, അമര്‍ പ്രേം, അപ്നാ ദേശ്, അനുരാഗ്, ആരാധന, ആനന്ദ്, ആവിഷ്‌കാര്‍, ആഞ്ചല്‍, ആപ് കി കസം, ഔരത്ത്, കാം, ഖാമോഷി, ഗുഡ്ഡി, ത്യാഗ്, ദര്‍ദ്, ഛോട്ടി ബഹു, ശ്രീമാന്‍ജി, ബന്ധന്‍, ദോ രാസ്‌തേ, ദ് ട്രെയിന്‍, സഫര്‍, മര്യാദ, ഹാത്തി മേരേ സാത്തി, മെഹബൂബ് കി മെഹന്ദി, ദുശ്മന്‍, ദില്‍ ദൗലത്ത് ദുനിയാ, മേരേ ജീവന്‍ സാത്തി, രാജാ റാണി, നമക് ഹറാം, പ്രേം നഗര്‍, റൊട്ടി, പ്രേം കഹാനി, മഹാ ചോര്‍, മെഹ്ബൂബ, ഭോല ബാല, നൗക്‌രി, ജനത ഹവില്‍ദാര്‍, പ്രേം ബന്ധന്‍, റെഡ് റോസ്, തുടങ്ങി 2010ലെ ദോ ദിലോം കേ ഖേല്‍ മേ എന്ന ചിത്രത്തില്‍ വരെ അദ്ദേഹം അഭിനയിച്ചു. എട്ടു ചിത്രങ്ങളില്‍ അദ്ദേഹം പിന്നണിഗായകനായിട്ടുമുണ്ട്.

സിനിമാജീവിതത്തിന്റെ തുടക്കത്തില്‍ നടിയും ഫാഷന്‍ ഡിസൈനറുമായിരുന്ന അഞ്ജു മഹേന്ദ്രുവുമായി പ്രണയത്തിലായിരുന്നു ഖന്ന. ഏഴ് വര്‍ഷത്തിനുശേഷം ആ ബന്ധത്തില്‍ വിള്ളല്‍ വീണു. പിന്നീട് 1973 മാര്‍ച്ചില്‍ നടി ഡിംപിള്‍ കപാഡിയയെ രാജേഷ് ഖന്ന വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഖന്നയ്ക്ക് രണ്ടു കുട്ടികളുണ്ട്. ട്വിങ്കിള്‍ ഖന്നയും, റിങ്കി ഖന്നയും.  പിന്നീട് 1984ല്‍ ഡിംപിളുമായി അകന്നെങ്കിലും വിവാഹബന്ധം വേര്‍പെടുത്തിയിരുന്നില്ല. പിന്നീട് ഖന്നയുടെ അവസാന കാലത്ത് ഡിംപിള്‍ അദ്ദേഹത്തോട് കൂടുതല്‍ അടുത്തിരുന്നു. ഖന്ന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് ഡിംപിളായിരുന്നു ഒപ്പമുണ്ടായിരുന്നത്.