തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗർ സ്വദേശിയാണ് രാജേന്ദ്രൻ. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്ജ് പ്രസൂൺ മോഹൻ കണ്ടെത്തിയിരുന്നു.
അന്ന് കോടതിക്ക് മുമ്പാകെ എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദിച്ചപ്പോൾ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് കുടുക്കിയതാണെന്നും മനസ്താപമില്ലെന്നുമായിരുന്നു രാജേന്ദ്രന്റെ മറുപടി. ഒപ്പം മുകൾ കോടതിയിൽ പോകുമെന്നും രക്ഷപ്പെടുമെന്നും ഇയാൾ പറഞ്ഞിരുന്നു.
മുൻകാലക്രിമിനൽ പശ്ചാത്തലം ഉൾപ്പടെ പരിഗണിച്ചുകൊണ്ട് പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു.
ദ്യക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ, സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ചായിരുന്നു വാദം നടത്തിയത്. പ്രോസിക്യൂഷൻ 118 സാക്ഷികളിൽ 96 പേരെ സാക്ഷികളായി വിസ്‌തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങിയ 12 പെൻഡ്രൈവ്, ഏഴ് ഡി.വി.ഡി എന്നിവയും 222 രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു.
2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാരചെടിക്കടയിൽ വച്ച് രാജേന്ദ്രൻ വിൽപ്പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂർ ചരുവിള കോണത്ത് സ്വദേശിനിയുമായ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. ചെടി വാങ്ങാൻ എന്ന വ്യാജേന എത്തിയായിരുന്നു പ്രതി കൊലപാതകം നടത്തിയത്. വിനീതയുടെ കഴുത്തിൽ ഉണ്ടായിരുന്ന നാലരപ്പവൻ സ്വർണമാല കവരാനായിരുന്നു ക്രൂരകൊലപാതകം. ഓൺ ലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രൻ പണത്തിന് ആവശ്യം വരുമ്പോഴാണ് കൊലപാതകങ്ങൾ ചെയ്‌തിരുന്നത്.