തൃശൂര്‍: 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കാര്യം നൂറ് ശതമാനം ഉറപ്പുള്ളതാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച ‘വോട്ട് വൈബ്’ എന്ന മുഖാമുഖം പരിപാടിയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. ഭരണം കിട്ടിയാല്‍ 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണശൈലിയില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം എയിംസിനായി സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളത്തിലെ സ്‌റ്റൈലിഷ് മണ്ഡലങ്ങളില്‍ ഒന്നാണ് നേമം. ബി.ജെ.പി ശക്തമായ മത്സരം കാഴ്ചവെക്കുന്നതും സ്വാധീനം ചെലുത്തുന്നതുമായ മണ്ഡലം കൂടിയാണിത്.
നിലവില്‍ സി.പി.ഐ.എം നേതാവ് വി. ശിവന്‍കുട്ടിയാണ് നേമം എം.എല്‍.എ. ബി.ജെ.പിയുടെ കുമ്മനം രാജശേഖറിനെയും കോണ്‍ഗ്രസിന്റെ കെ. മുരളീധരനെയും പരാജയപ്പെടുത്തിയാണ് വി. ശിവന്‍കുട്ടി നേമം പിടിച്ചെടുത്തത്.
വി. ശിവന്‍കുട്ടി നിലവില്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രിയാണ്. 38.24 ശതമാനം വോട്ടുകള്‍ക്കാണ് കുമ്മനം രാജശേഖരന്‍ തോറ്റത്. അതേസമയം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഒ. രാജഗോപാലാണ് നേമത്ത് നിന്ന് വിജയിച്ചത്.