അന്ന് താരലേലത്തില്‍ ആര്‍ക്കും വേണ്ടാതെ പുറത്തായവന്‍ ഇന്ന് ക്യാപ്റ്റന്‍; കിരീടമണിയുന്ന എട്ടാമന്‍
IPL
അന്ന് താരലേലത്തില്‍ ആര്‍ക്കും വേണ്ടാതെ പുറത്തായവന്‍ ഇന്ന് ക്യാപ്റ്റന്‍; കിരീടമണിയുന്ന എട്ടാമന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th February 2025, 1:28 pm

 

ഐ.പി.എല്‍ പുതിയ സീസണിനുള്ള ക്യാപ്റ്റനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരു. രജത് പാടിദാറിന് കീഴിലാണ് ആര്‍.സി.ബി പുതിയ സീസണില്‍ കളത്തിലിറങ്ങുക. ഫ്രാഞ്ചൈസിയുടെ എട്ടാമത് നായകനായാണ് ഈ മധ്യപ്രദേശുകാരന്‍ ചുമതലയേല്‍ക്കുന്നത്.

വ്യാഴാഴ്ച ചേര്‍ന്ന ആര്‍.സി.ബി മാനേജ്മെന്റ് യോഗത്തിലാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. നേരത്തെ ക്യാപറ്റന്‍സി വിട്ടൊഴിഞ്ഞ വിരാട് കോഹ്‌ലി പുതിയ സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.

സീനിയര്‍ താരം ക്രുണാല്‍ പാണ്ഡ്യയെയും ആര്‍.സി.ബി നായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ പാടിദാറിന് നറുക്കുവീഴുകയായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിന്റെ ക്യാപ്റ്റനാണ് 31കാരനായ രജത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ ഫൈനലിലെത്തിക്കാനും താരത്തിന് സാധിച്ചിരുന്നു.

ഐ.പി.എല്‍ 2025ന്റെ മെഗാ താരലേലത്തിന് മുമ്പ് 11 കോടിനല്‍കിയാണ് ടീം രജത്തിനെ നിലനിര്‍ത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ആര്‍.സി.ബി ക്യാപ്റ്റനാവുമോ എന്ന ചോദ്യത്തിന് ഉത്തരവാദിത്തം ഏല്‍പ്പിച്ചാല്‍ സന്തോഷത്തോടെ ഏറ്റെടുക്കുമെന്നായിരുന്നു താരത്തിന്റെ പ്രതികണം.

റോയല്‍ ചലഞ്ചേഴ്‌സിനെ നയിച്ച ക്യാപ്റ്റന്‍മാര്‍

(താരം – സ്പാന്‍ എന്നീ ക്രമത്തില്‍)

രാഹുല്‍ ദ്രാവിഡ് – 2008

കെവിന്‍ പീറ്റേഴ്‌സണ്‍ – 2009

അനില്‍ കുംബ്ലെ – 2009-2010

ഡാനിയല്‍ വെറ്റോറി – 2011-2012

വിരാട് കോഹ്‌ലി – 2011-2023

ഷെയ്ന്‍ വാട്‌സണ്‍ – 2017

ഫാഫ് ഡു പ്ലെസി – 2022-2024

രജത് പാടിദാര്‍ – 2025*

2021ലാണ് പാടിദാര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഭാഗമാകുന്നത്. സീസണില്‍ കളിച്ച നാല് മത്സരത്തില്‍ നിന്നും 71 റണ്‍സാണ് താരം സ്വന്തമാക്കിയത്. ശേഷം ഐ.പി.എല്‍ 2022ന് മുമ്പ് നടന്ന മെഗാ താര ലേലത്തിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്‌സ് പാടിദാറിനെ വിട്ടുകളഞ്ഞിരുന്നു.

മെഗാ ലേലത്തില്‍ ഒരു ടീം പോലും സ്വന്തമാക്കാതെ അണ്‍ സോള്‍ഡായ താരം ശേഷം റോയല്‍ ചലഞ്ചേഴ്‌സിലേക്ക് റീപ്ലേസ്‌മെന്റായി തിരിച്ചെത്തി. തുടര്‍ന്നുള്ള സീസണുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ പാടിദാറിനെ ക്യാപ്റ്റന്‍സിയേല്‍പ്പിക്കാനും റോയല്‍ ചലഞ്ചേഴ്‌സ് തയ്യാറായി.

Content Highlight: Rajat Patidar appointed as Royal Challengers Bengaluru’s new captain