അയ്യര്‍പ്പടക്കൊപ്പം ബെംഗളൂരുവും വീണു; പഞ്ചാബ് അടക്കി വാഴുന്ന ലിസ്റ്റില്‍ രാജസ്ഥാന്റെ തേരോട്ടം
Cricket
അയ്യര്‍പ്പടക്കൊപ്പം ബെംഗളൂരുവും വീണു; പഞ്ചാബ് അടക്കി വാഴുന്ന ലിസ്റ്റില്‍ രാജസ്ഥാന്റെ തേരോട്ടം
Sudev A
Wednesday, 29th April 2026, 8:48 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്സ് പരാജയപ്പെടുത്തിയിരുന്നു. ഈ സീസണിലെ ആദ്യത്തെ തോല്‍വിയാണ് അയ്യരും സംഘവും ഏറ്റുവാങ്ങിയത് പഞ്ചാബിന്റെ തട്ടകമായ പി.സി.എ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ വിജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

ഇതോടെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 200+ ചെയ്സ് ചെയ്ത് വിജയിക്കുന്ന ടീമുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും രാജസ്ഥാന് സാധിച്ചു. ഇത് ആറാം തവണയാണ് രാജസ്ഥാന്‍ 200+ റണ്‍മല കീഴടക്കുന്നത്. അഞ്ച് തവണ ഇത്തരത്തില്‍ വിജയം കൈവരിച്ച റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ മറികടന്നാണ് രാജസ്ഥാന്റെ കുതിപ്പ്.

നിലവില്‍ രാജസ്ഥാന്‍ ഈ പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കൊപ്പമാണ്. ഈ ലിസ്റ്റില്‍ ഒന്നാമതുള്ളത് രാജസ്ഥാന്‍ വീഴ്ത്തിയ പഞ്ചാബ് കിങ്സ് ആണെന്നുള്ളതും ശ്രദ്ധേയമാണ്. 11 തവണയാണ് പഞ്ചാബ് എതിരാളികള്‍ക്കെതിരെ 200+ റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ചത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 200+ റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുന്ന ടീമുകള്‍, മത്സരങ്ങളുടെ എണ്ണം

പഞ്ചാബ് കിങ്സ്-11

സണ്‍റൈസേഴ്സ് ഹൈദരാബാദ്-6

മുംബൈ ഇന്ത്യന്‍സ്-6

രാജസ്ഥാന്‍ റോയല്‍സ്-6

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-5

ചെന്നൈ സൂപ്പര്‍ കിങ്സ്-3

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്-3

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-3

ദല്‍ഹി ക്യാപിറ്റല്‍സ്-3

ഗുജറാത്ത് ടൈറ്റന്‍സ്-2

അതേസമയം മത്സരത്തില്‍ രാജസ്ഥാന് വേണ്ടി അവസാന ഘട്ടത്തില്‍ 52 റണ്‍സ് നേടിയ ഡെണോവന്‍ ഫെരേരയും 31 റണ്‍സ് നേടിയ ഇംപാക്ട് പ്ലെയര്‍ ശുഭം ദുബെയുമാണ്വിജയ ശില്‍പ്പികള്‍. 26 പന്തില്‍ നിന്ന് മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടെയാണ് ഫെരേര അര്‍ധ സെഞ്ച്വറി നേടിയത്. ദുബെ 12 പന്ത് നേരിട്ട് രണ്ട് സിക്സും മൂന്ന് ഫോറും നേടി മിന്നും പ്രകടനം കാഴ്ചവെച്ചു. യശസ്വി ജെയ്സ്വാളും അര്‍ധ സെഞ്ച്വറി നേടി വിജയത്തില്‍ നിര്‍ണായകമായി. ജെയ്സ്വാള്‍ 27 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 51 റണ്‍സാണ് നേടിയത്.

രാജസ്ഥാന് വേണ്ടി ഓപ്പണിങ്ങില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയായിരുന്നു വൈഭവ് സൂര്യവംശി മടങ്ങിയത്. 16 പന്തില്‍ അഞ്ച് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 43 റണ്‍സാണ് താരം അടിച്ചെടുത്തത്. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ 16 റണ്‍സും നേടി മടങ്ങി.

പഞ്ചാബിന് വേണ്ടി വമ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയത് മാര്‍കസ് സ്റ്റോയ്നിസും പ്രഭ്സിമ്രാന്‍ സിങ്ങുമാണ്. സ്റ്റോയ്നിസ് 22 പന്തില്‍ നിന്ന് പുറത്താകാതെ 62 റണ്‍സാണ് അടിച്ചെടുത്തത്. ആറ് സിക്സും നാല് ഫോറുമായിരുന്നു താരം നേടിയത്. 281.82 എന്ന സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

ഇന്നിങ്സിലെ അവസാന ഓവറില്‍ രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയാണ് താരം പഞ്ചാബിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. പ്രഭ്സിമ്രാന്‍ സിങ് 44 പന്തില്‍ ഒരു സിക്സും ആറ് ഫോറും ഉള്‍പ്പെടെ 59 റണ്‍സ് നേടിയാണ് മടങ്ങിയത്. പ്രിയാന്‍ഷ് ആര്യ (11 പന്തില്‍ 29), കൂപ്പര്‍ കനോലി (14 പന്തില്‍ 30), ശ്രേയസ് അയ്യര്‍ (27 പന്തില്‍ 30) എന്നിവരും പഞ്ചാബിന്റെ സ്‌കോര്‍ ഉയര്‍ത്തി.

രാജസ്ഥാന് വേണ്ടി അരങ്ങേറ്റക്കാരന്‍ യാഷ് പുഞ്ച രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പഞ്ചാബ് കിങ്സ് 13 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 12 പോയിന്റുമായി രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണ്. മെയ് മുന്നിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് അയ്യരുടെയും സംഘത്തിന്റെയും അടുത്ത മത്സരം. മെയ് ഒന്നിന് നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സാണ് രാജസ്ഥാന്റെ എതിരാളികള്‍.

Content Highlight: Rajasthan Royals set Huge Record list in IPL

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.