ഗംഭീര്‍ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നു? വമ്പന്‍ ഓഫറുമായി സൂപ്പര്‍ ടീം
Sports News
ഗംഭീര്‍ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നു? വമ്പന്‍ ഓഫറുമായി സൂപ്പര്‍ ടീം
ആദര്‍ശ് എം.കെ.
Tuesday, 17th February 2026, 12:26 pm

ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ സ്വന്തമാക്കാന്‍ ഐ.പി.എല്‍ സൂപ്പര്‍ ടീം രാജസ്ഥാന്‍ റോയല്‍സ്. ടീമിന്റെ മെന്റര്‍, സി.ഇ.ഒ പൊസിഷനുകള്‍ വാഗ്ദാനം ചെയ്ത് വമ്പന്‍ ഓഫറാണ് രാജസ്ഥാന്‍ റോയല്‍സ് ഗംഭീറിന് മുമ്പില്‍ വെച്ചിരിക്കുന്നത്.

2027 ലോകകപ്പ് വരെ ഇന്ത്യന്‍ ടീമുമായി കരാറുള്ളതിനാല്‍ ഗംഭീര്‍ ഈ ഓഫര്‍ സ്വീകരിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഹല്ലാ ബോല്‍ ആരാധകര്‍.

സുപ്രീം കോടതിയുടെ ലോധ കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം, ഒരാള്‍ക്ക് ഒരേസമയം ദേശീയ ടീമിലും ഐ.പി.എല്‍ ഫ്രാഞ്ചൈസിയിലും ഔദ്യോഗിക പദവികള്‍ വഹിക്കാന്‍ കഴിയില്ല. ഇതിനാല്‍ തന്നെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരിക്കെ രാജസ്ഥാനൊപ്പം പ്രവര്‍ത്തിക്കാന്‍ ഗംഭീറിന് സാധിക്കില്ല.

നിലവിലെ സാഹചര്യത്തില്‍ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകസ്ഥാനത്ത് നിന്നും പടിയിറങ്ങാനോ രാജസ്ഥാന്റെ ഓഫര്‍ സ്വീകരിക്കാനോ സാധ്യതയില്ല.

ഗൗതം ഗംഭീര്‍. Photo: BCCI

 

2027 ലോകകപ്പില്‍ ഗംഭീര്‍ തന്നെയായിരിക്കും ഇന്ത്യയുടെ പരിശീലകന്‍. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഇനമായി വരുമ്പോഴും ഗംഭീര്‍ തന്നെയായിരിക്കും പരിശീലകന്‍ എന്നാണ് കരുതുന്നത്.

നിലവില്‍ 2026 ടി-20 ലോകകപ്പിന്റെ തിരക്കിലാണ് ഇന്ത്യന്‍ ടീം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് മത്സരവും വിജയിച്ച് ഇന്ത്യ ഇതിനോടകം സൂപ്പര്‍ 8നും യോഗ്യത നേടിയിട്ടുണ്ട്. റിപ്പോര്‍ട്ടുകളനുസരിച്ച്, ഗംഭീര്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള തന്റെ ദൗത്യത്തില്‍ പൂര്‍ണ സംതൃപ്തനും പ്രതിജ്ഞാബദ്ധനുമാണ്.

ഗൗതം ഗംഭീര്‍. Photo: BCCI

ഐ.പി.എല്ലില്‍ കളിക്കാരനായും മെന്ററായും മികച്ച നേട്ടങ്ങള്‍ ഗംഭീറിനുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്ന് തവണ കിരീടം നേടിയപ്പോള്‍ അതില്‍ ഗംഭീറിന്റെ പങ്ക് ഏറെ നിര്‍ണായകമായിരുന്നു. രണ്ട് തവണ ക്യാപ്റ്റനായി കൊല്‍ക്കത്തയെ കിരീടമണിയിച്ച ഗംഭീര്‍ ഒരു തവണ മെന്ററായും കിരീടനേട്ടത്തിന്റെ ഭാഗമായി.

കൂടാതെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ രണ്ട് തവണ പ്ലേ ഓഫിലെത്തിക്കുന്നതിലും അദ്ദേഹം മെന്ററെന്ന നിലയില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ദേശീയ ടീമിനൊപ്പമുള്ള മികച്ച പ്രകടനം തുടരുന്നതിനാല്‍ ഗംഭീര്‍ ഉടന്‍ ഈ ഓഫര്‍ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍

 

Content Highlight: Rajasthan Royals reportedly made a huge offer to Gautam Gambhir

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.