പ്രസവത്തിനിടെ നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞ സംഭവം; നഴ്‌സ് അറസ്റ്റില്‍
national news
പ്രസവത്തിനിടെ നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞ സംഭവം; നഴ്‌സ് അറസ്റ്റില്‍
ന്യൂസ് ഡെസ്‌ക്
Saturday, 12th January 2019, 12:56 pm

ജോധ്പുര്‍: രാജസ്ഥാനില്‍ പ്രസവത്തിനിടെ നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞ സംഭവത്തില്‍ നഴ്‌സ് അറസ്റ്റില്‍. രാംഗഡ് ആശുപത്രിയിലെ പുരുഷ നഴ്‌സ് അമൃത് ലാലാണ് അറസ്റ്റിലായത്.

കുറ്റകൃത്യം മറച്ചുവെക്കാന്‍ പ്രതിയെ സഹായിച്ച മറ്റൊരു നഴ്‌സായ ജുജ്ഹാര്‍ സിങ് ഒളിവിലാണ്. ഇരുവര്‍ക്കുമെതിരെ കൊലപാതക കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.


പ്രസവത്തിന് യുവതി എത്തിയപ്പോള്‍ ഡ്യൂട്ടി ഡോക്ടറെ വിളിക്കാതെ പ്രസവം നടത്തിയ സംഭവത്തില്‍ ഇരുവരേയും ആശുപത്രി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുഞ്ഞ് പുറത്ത് വരാതെ പ്രസവം ബുദ്ധിമുട്ടേറിയപ്പോള്‍ നഴ്‌സ് കുഞ്ഞിനെ പുറത്തേക്ക് പിടിച്ച് വലിക്കുകയായിരുന്നു. വലിക്കുന്ന ശക്തിയില്‍ കുഞ്ഞിന്റെ ശരീരം രണ്ടായി മുറിഞ്ഞു.

സംഭവം നടന്നത്തിനു ശേഷം വിവരം ആരെയും അറിയിക്കാതെ കുഞ്ഞിന്റെ മൃതദേഹം നഴ്‌സുമാര്‍ മോര്‍ച്ചറിയില്‍ ഉപേക്ഷിച്ചു. യുവതിയുടെ നില ഗുരുതരമാണെന്നും ജോധ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റാനും ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു.


ജോധ്പൂരിലെ ഉമൈദ് ആശുപത്രിയില്‍ എത്തിച്ച യുവതി കുഞ്ഞിന്റെ തലയും പ്ലാസന്റയും മാത്രമാണ് പ്രസവിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കുടുംബത്തെ വിവരമറിയിക്കുകയും രാംഗഡ് ആശുപത്രിക്കെതിരെ ഭര്‍ത്താവ് പരാതി നല്‍കുകയുമായിരുന്നു. യുവതി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

WATCH THIS VIDEO: