ഒരു ഓവര്‍ ഞാനെറിയും, എത്ര റണ്‍സ് നേടാന്‍ സാധിക്കും? 'അശ്വിനെതിരെ ബട്‌ലറിന്റെ സ്ട്രാറ്റജി'; വീഡിയോ പങ്കുവെച്ച് രാജസ്ഥാന്‍ റോയല്‍സ്
Sports News
ഒരു ഓവര്‍ ഞാനെറിയും, എത്ര റണ്‍സ് നേടാന്‍ സാധിക്കും? 'അശ്വിനെതിരെ ബട്‌ലറിന്റെ സ്ട്രാറ്റജി'; വീഡിയോ പങ്കുവെച്ച് രാജസ്ഥാന്‍ റോയല്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th November 2022, 10:37 pm

ടി-20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുകയാണ്. അഡ്‌ലെയ്ഡില്‍ വെച്ച് നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ മെല്‍ബണില്‍ വെച്ച് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനെ നേരിടും.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടന്ന ഒന്നാം സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയായിരുന്നു പാകിസ്ഥാന്‍ ഫൈനലില്‍ പ്രവേശിച്ചത്.

2007ന് സമാനമായി മറ്റൊരു ഇന്ത്യ – പാകിസ്ഥാന്‍ ഫൈനല്‍ മത്സരം ലോകം ഉറ്റുനോക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറുടെയും ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെയും ഒരു വീഡിയോ ആണ് രാജസ്ഥാന്‍ പങ്കുവെച്ചിരിക്കുന്നത്. ഐ.പി.എല്ലിനിടെ ചിത്രീകരിച്ച ഒരു വീഡിയോയാണ് ടീം ഇപ്പോള്‍ ‘എക്‌സ്‌ക്ലൂസീവായി’ പങ്കുവെച്ചിരിക്കുന്നത്.

‘എക്‌സ്‌ക്ലൂസീവ്. അശ്വിനെയും ഇന്ത്യയെയും നേരിടാനുള്ള തന്ത്രങ്ങളെ കുറിച്ച് ജോസ് ബട്‌ലര്‍’ എന്ന ക്യാപ്ഷനോടെയാണ് ടീം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

താന്‍ നെറ്റ്‌സില്‍ ഒരു ഓവര്‍ എറിയുമെന്നും എത്ര റണ്‍സ് നേടാന്‍ സാധിക്കുമെന്നുമുള്ള അശ്വിന്റെ ചോദ്യത്തിന് മറുപടിക്കുള്ള ബട്‌ലറിന്റെ വീഡിയോയാണ് ടീം പങ്കുവെച്ചിരിക്കുന്നത്.

‘ഞാന്‍ നെറ്റ്‌സില്‍ ഒരു ഓവര്‍ എറിയും. അതായത് ആറ് പന്തുകള്‍, നോ ബോള്‍ ഉണ്ടാകില്ല. അങ്ങനെയെങ്കില്‍ എത്ര റണ്‍സ് നേടാന്‍ സാധിക്കും?’ എന്നായിരുന്നു അശ്വിനിന്റെ ചോദ്യം.

ഓവറിനിടെ എപ്പോഴെങ്കിലും ഒരു ബൗണ്ടറി നേടുമെന്നും അത് റിവേഴ്‌സ് സ്വീപ്പായിരിക്കുെമന്നുമാണ് ബട്‌ലര്‍ പറയുന്നത്.

‘ഓവറില്‍ എപ്പോഴെങ്കിലും ഒരു ബൗണ്ടറി നേടാന്‍ ഞാന്‍ ശ്രമിക്കും. ഒമ്പതോ പത്തോ റണ്‍സ് ഞാന്‍ നേടും,’ എന്നായിരുന്നു ബട്‌ലര്‍ പറഞ്ഞത്.

കുറച്ചുനാള്‍ കഴിഞ്ഞാല്‍ ഇരുവരും ഓസ്‌ട്രേലിയയില്‍ കളിക്കണമെന്ന കാര്യവും അശ്വിന്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

അഡ്‌ലെയ്ഡില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ വിജയിക്കാന്‍ ശ്രമിക്കുമെന്നും, ഇന്ത്യ പാകിസ്ഥാന്‍ ഫൈനല്‍ മത്സരത്തിന് അവസരമുണ്ടാക്കില്ലെന്നും ബട്‌ലര്‍ നേരത്തെ പറഞ്ഞിരുന്നു.

 

ഇന്ത്യ സ്‌ക്വാഡ്:

കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍) വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ആര്‍. അശ്വിന്‍, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, രവി ബിഷ്ണോയ്, ഷര്‍ദുല്‍ താക്കൂര്‍, യൂസ്വേന്ദ്ര ചഹല്‍

ഇംഗ്ലണ്ട് സ്‌ക്വാഡ്:

അലക്സ് ഹേല്‍സ്, ഡേവിഡ് മലന്‍, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്സ്, ലിയാം ഡോവ്സണ്‍, ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി, സാം കറന്‍, ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ക്രിസ് ജോര്‍ദന്‍, ഡേവിഡ് വില്ലി, ലൂക് വുഡ്, മാര്‍ക് വുഡ്, റിച്ചാര്‍ഡ് ഗ്ലീസണ്‍, ടൈമല്‍ മില്‍സ്

Content Highlight: Rajastan Royals post video of R Ashwin and Jos Buttler ahead of India vs England semi final