'എന്റെ ഗര്‍ഭം ഇങ്ങനെയല്ല' എന്ന് അമ്പിളി ചേട്ടന്‍ പറഞ്ഞപ്പോഴാണ് ഡയലോഗ് വെട്ടാത്തതിന്റെ ഉപയോഗം മനസിലായത്: രാജസേനന്‍
Malayalam Cinema
'എന്റെ ഗര്‍ഭം ഇങ്ങനെയല്ല' എന്ന് അമ്പിളി ചേട്ടന്‍ പറഞ്ഞപ്പോഴാണ് ഡയലോഗ് വെട്ടാത്തതിന്റെ ഉപയോഗം മനസിലായത്: രാജസേനന്‍
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 1st July 2026, 10:04 pm

മലയാള സിനിമയുടെ തൊണ്ണൂറുകളില്‍ നിറഞ്ഞുനിന്ന സംവിധായകനായിരുന്നു രാജസേനന്‍. ജയറാമിനെ നായകനാക്കി അണിയിച്ചൊരുക്കിയ ചിത്രങ്ങള്‍ ഹിറ്റാക്കി മാറ്റിക്കൊണ്ടിയാരുന്നു മലയാള സിനിമാ നിഘണ്ടുവില്‍ രാജസേനന്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചുകൊണ്ട് ഒരുക്കിയ ചിത്രങ്ങളില്‍ പലതും തിയേറ്ററില്‍ വലിയ വിജയമായി മാറുകയും തമിഴിലേക്കും തെലുങ്കിലേക്കും ഈ ചിത്രങ്ങളുടെ റൈറ്റ്സ് വിറ്റഴിക്കപ്പെടുകയും ചെയ്തിരുന്നു.

കടിഞ്ഞൂല്‍ കല്യാണം, അയലത്തെ അദ്ദേഹം, മേലേപറമ്പില്‍ ആണ്‍വീട്, സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ ബി.എഡ്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്മണി തുടങ്ങി ആരാധകരുടെ ഫേവറിറ്റ് ലിസ്റ്റിലുള്ള ഒട്ടനവധി ചിത്രങ്ങളാണ് രാജസേനന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്. അടുത്തിടെ മൂവി വേള്‍ഡ് മീഡിയ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മേലേപറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിലെ ‘ഇതെന്റെ ഗര്‍ഭമല്ല എന്റെ ഗര്‍ഭം ഇങ്ങനെയല്ല എന്ന’ ഹിറ്റ് ഡയസോഗിനെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

രാജസേനന്‍: X.com

‘രഘുനാഥ് പാലേരി വളരെയധികം ഇന്റലെക്ച്വലാണ്. അദ്ദേഹം കലാകൗമുദിയില്‍ ചെറുകഥ എഴുതുന്ന മുതല്‍ ഞാനദ്ദേഹത്തിന്റെ ഫാനാണ്. വളരെ ക്ലോസായ സമയത്തെല്ലാം പല ചെറുകഥകളും ഞങ്ങള്‍ ഡിസ്‌കസ് ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ ‘എന്റെ ഗര്‍ഭം ഇങ്ങനെയല്ല’ എന്ന ഡയലോഗ് കണ്ടപ്പോള്‍ എനിക്ക് സംശയമായി. അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതങ്ങ് പോകും കേട്ടോ എന്നാണ് പറഞ്ഞത്.

ആദ്യം ഞാന്‍ വെട്ടിക്കളയാന്‍ തീരുമാനിച്ചതായിരുന്നു. പിന്നെ അദ്ദേഹം അത് പൊക്കോളും എന്ന് പറഞ്ഞപ്പോള്‍ ഇത് കേറി കൊളുത്തിയാലോ എന്ന് എനിക്ക് തോന്നി. അമ്പിളി ചേട്ടനെ കൊണ്ട് ഷോട്ടില്‍ ആ ഡയലോഗ് പറയിപ്പിച്ചപ്പോള്‍ എനിക്ക് ഉറപ്പായി അത് ഹിറ്റാകുമെന്ന്. അത്രയും ദീര്‍ഘവീക്ഷണത്തോടെ ആ സ്‌ക്രിപ്റ്റിനെയും ആ ഡയലോഗിനെയും നമ്മള്‍ കണ്ടു. അല്ലാതെ ഞങ്ങളുടെ കൈയിലിരിക്കുന്ന പച്ച മഷി കൊണ്ട് അത് വെട്ടിയിരുന്നെങ്കില്‍ ഒരു ഹിറ്റ് ഡയലോഗ് നഷ്ടപ്പെട്ടേനെ.

Photo: IMDB

പത്ത് മുപ്പത് കൊല്ലമായി കേരളത്തില്‍ പറഞ്ഞ് ചിരിക്കുന്ന ഏത് ട്രോളിലും ഈ ഡയലോഗ് കാണാം. സിനിമയെന്നോ രാഷ്ട്രീയമെന്നോ വ്യത്യാസമില്ലാതെ എല്ലായിടത്തും ഈ ഡയലോഗ് കാണാം. ആ ഒരു നര്‍മം നാച്ചുറലായി ഉണ്ടാകുന്നതാണ്. എന്നാല്‍ ഇപ്പോള്‍ നമുക്ക് നര്‍മം ഉണ്ടാക്കണം,’ രാജസേനന്‍ പറഞ്ഞു.

Content Highlight: Rajasenan talks about Meleparambil Aanveedu Movie and  hit dialogue in it

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.