അത് മുയലല്ല പ്രഭാസേ, മുതലയാ, രാജാസാബ് ട്രെയ്‌ലറിന് പിന്നാലെ വി.എഫ്.എക്‌സിന് ട്രോള്‍
Indian Cinema
അത് മുയലല്ല പ്രഭാസേ, മുതലയാ, രാജാസാബ് ട്രെയ്‌ലറിന് പിന്നാലെ വി.എഫ്.എക്‌സിന് ട്രോള്‍
അമര്‍നാഥ് എം.
Tuesday, 30th December 2025, 7:52 pm

കല്‍ക്കി എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം പ്രഭാസ് നായകനായെത്തുന്ന ചിത്രമാണ് രാജാസാബ്. മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആരാധകര്‍ക്ക് വന്‍ പ്രതീക്ഷയാണ്. ചാമിങ്ങായിട്ടുള്ള പ്രഭാസാണ് രാജാസാബിന്റെ ഹൈപ്പ് ഫാക്ടര്‍. 2024ല്‍ അനൗണ്‍സ് ചെയ്ത ചിത്രം ഈ വര്‍ഷം പുറത്തിറങ്ങുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ വി.എഫ്.എക്‌സ് വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ റിലീസ് നീണ്ടുപോവുകയായിരുന്നു.

കഴിഞ്ഞദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കഥയെക്കുറിച്ച് വിശദമായി സംസാരിക്കുന്ന മൂന്ന് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തുവിട്ടത്. പ്രഭാസിന്റെ ആരാധകര്‍ ട്രെയ്‌ലര്‍ ഏറ്റെടുത്തു. രണ്ട് ഗെറ്റപ്പില്‍ പ്രഭാസ് പ്രത്യക്ഷപ്പെടുന്ന രാജാസാബ് ഹൊറര്‍ ഫാന്റസി ഴോണറിലാണ് ഒരുങ്ങിയത്.

രാജാസാബ് ട്രോള്‍ Photo: Mangapathi/ X.com

മൂന്ന് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറിന് ട്രോളുകള്‍ ലഭിക്കുന്നുണ്ട്. ചിത്രത്തിലെ വി.എഫ്.എക്‌സ് രംഗങ്ങളാണ് പ്രധാനമായും ട്രോളിനിരയാകുന്നത്. ഒരുലോഡ് പ്രേതങ്ങളാണ് ചിത്രത്തിലുള്ളത്. ഹൊറര്‍ ക്രീച്ചറുകളെ കാണിക്കുന്ന രംഗങ്ങളെല്ലാം ഹോളിവുഡ് ഇന്‍ഡസ്ട്രി പോലും ഇപ്പോള്‍ കൈവെക്കാത്ത ഇത്തരം ‘പേടിപ്പിക്കുന്ന ജന്തുക്കളെ’ ഉപയോഗിക്കുന്നത് ഔട്ട് ഓഫ് ഫാഷനായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ട്രെയ്‌ലറിലെ ഒരു രംഗത്തില്‍ പ്രഭാസിന്റെ കഥാപാത്രം മുതലയെ വാലില്‍ ചുഴറ്റി അടിച്ച് കൊല്ലുന്ന രംഗവും ട്രോളിനിരയാകുന്നുണ്ട്. തെലുങ്ക് ഇന്‍ഡസ്ട്രിയായതുകൊണ്ട് ഇതല്ല, ഇതിനപ്പുറവും കാണേണ്ടി വരുമെന്നാണ് പലരുടെയും കമന്റ്. ‘അത് മുതലയാണ്, മുയലല്ല, വാലില്‍ പിടിച്ച് അടിച്ച് കൊല്ലാന്‍’, ‘കുറച്ചെങ്കിലും വില കൊടുത്തൂടേ പ്രഭാസേ’ എന്നിങ്ങനെയാണ് പല കമന്റുകളും.

രാജാസാബ് ട്രോള്‍ Photo: Positive Fan/ X.com

450 കോടി ബജറ്റിലെത്തിയ ചിത്രത്തില്‍ 450 രൂപയുടെ ക്വാളിറ്റി പോലുമില്ലാത്ത ഗ്രാഫിക്‌സാണെന്നും പലരും പരിഹസിക്കുന്നുണ്ട്. ട്രെയ്‌ലറിന്റെ ഒടുവില്‍ കാണിക്കുന്ന പ്രഭാസിന്റെ ജോക്കര്‍ ഗെറ്റപ്പും ട്രോളിനിരയാകുന്നുണ്ട്. ‘ഡാര്‍ക്ക് നൈറ്റ് 144p’ എന്നാണ് പലരുടെയും കമന്റുകള്‍. ഒട്ടും ചേരാത്ത വിഗ്ഗും ഗെറ്റപ്പുമാണ് പ്രഭാസിന്റേതെന്നും കമന്റുകളുണ്ട്.

ചിത്രത്തിലെ മൂന്ന് നായികമാരെയും ഗ്ലാമര്‍ ഷോയ്ക്ക് മാത്രം വേണ്ടി മാത്രം ഉള്‍പ്പെടുത്തിയതും വിമര്‍ശനത്തിന് വിധേയമായി. മാളവിക മോഹനന്‍, നിധി അഗര്‍വാള്‍, റിദ്ധി കുമാര്‍ എന്നിവരുടെ ഗ്ലാമര്‍ രംഗങ്ങള്‍ മാത്രമേ ട്രെയ്‌ലറില്‍ കാണിച്ചിട്ടുള്ളൂ. തെലുങ്ക് സിനിമയുടെ സ്ഥിരം സ്വഭാവമാണിതെന്നും വിമര്‍ശനങ്ങളുണ്ട്.

പ്രഭാസ് Phot: Screen grab/ T Series Telegu

 

തെലുങ്ക് ഇന്‍ഡസ്ട്രിയിലെ വലിയ സീസണായ സംക്രാന്തിക്ക് തിയേറ്ററുകളിലെത്തുന്ന രാജാസാബ് ആദ്യദിനം ഗംഭീര കളക്ഷന്‍ നേടുമെന്നാണ് ആരാധകര്‍ വാദിക്കുന്നത്. ചിരഞ്ജീവിയുടെ മന ശങ്കര വരപ്രസാദ് ഗാരു, വിജയ്‌യുടെ ജന നായകന്‍ എന്നീ സിനിമകളെ മറികടന്ന് രാജാസാബിന് വിജയിക്കാനാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Rajasaab movie trailer getting trolls for bad VFX

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം