റിബല്‍ സ്റ്റാര്‍, ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ ആരാധകര്‍ വിശേഷിപ്പിക്കുന്ന താരമാണ് പ്രഭാസ്. ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം സ്വന്തമാക്കിയ പ്രഭാസിന് അത് കാത്തുസൂക്ഷിക്കാനാകുന്നില്ല എന്ന് പലരും വിമര്‍ശിക്കുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാജാസാബ്. തിയേറ്ററില്‍ വന്‍ പരാജയമായ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടിയിലെത്തിയിരുന്നു.

പ്രതീക്ഷിച്ചതുപോലെ ഒ.ടി.ടിയില്‍ ട്രോളന്മാര്‍ രാജാസാബിനെ വലിച്ചുകീറുകയാണ്. തിയേറ്റര്‍ റിലീസിന്റെ സമയത്ത് തന്നെ പ്രധാന ചര്‍ച്ചാവിഷയമായിരുന്ന ഫേസ് സ്വാപ്പാണ് ഒ.ടി.ടിയിലും പലരും ചൂണ്ടിക്കാണിക്കുന്നത്. റിസ്‌ക് കൂടുതലുള്ള ആക്ഷന്‍ സീനുകളില്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് പിന്നീട് ഫേസ് സ്വാപ്പ് ചെയ്യുന്നത് സാധാരണമാണ്.

രാജാസാബ് Photo: Amjad Shan/ Facebook

എന്നാല്‍ രാജാസാബിലേക്ക് എത്തുമ്പോള്‍ വെറുതെ ഇരിക്കുന്ന ഷോട്ടില്‍ പോലും പ്രഭാസ് ഡ്യൂപ്പിനെ ഉപയോഗിക്കുന്നുണ്ട്. പല സീനുകളിലും താരത്തിന്റെ മുഖം ഫേസ് സ്വാപ്പ് ചെയ്തിട്ടുണ്ടെന്ന് എടുത്തറിയാനാകുന്നുമുണ്ട്. ഡാന്‍സ് ചെയ്യാനും ചാടാനും ഇരിക്കാനും നടക്കാനും വരെ പ്രഭാസ് രാജാസാബില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്.

ആദ്യപകുതിയില്‍ ബൈക്ക് പൊക്കിയെടുത്ത് എറിയുന്ന ഫൈറ്റ് സീനില്‍ പ്രഭാസിന് പകരം ഡ്യൂപ്പാണ് അഭിനയിച്ചതെന്ന് എടുത്തറിയുന്നുണ്ടെന്നും പോസ്റ്റുകളുണ്ട്. സംവിധായകന്‍ ഇത്ര ശ്രദ്ധയില്ലാതെയാണോ ഈ സീനെല്ലാം എഡിറ്റ് ചെയ്തതെന്നാണ് പലരും ചോദിക്കുന്നത്. പ്രഭാസിന്റെ ആരാധകര്‍ പോലും രാജാസാബിലെ ഈ ഫേസ് സ്വാപ്പിനെ വിമര്‍ശിക്കുന്നുണ്ട്.

രാജാസാബ് Photo: Jio Hotstar

ഇഷ്ടതാരത്തിന്റെ സിനിമ ആദ്യദിനം കാണാന്‍ ആയിരം മുതല്‍ 5000 രൂപ വരെ മുടക്കി ടിക്കറ്റെടുക്കുന്ന ഫാന്‍സിന് ഡ്യൂപ്പിനെ കണ്ട് നിര്‍വൃതി അടയേണ്ട അവസ്ഥയാണെന്നും പരിഹാസങ്ങളുയരുന്നു. പ്രഭാസിന്റെ മുഖം മാത്രമല്ല, ചിത്രത്തിലെ മറ്റ് വി.എഫ്.എക്‌സുകളും അറുബോറാണെന്നും ട്രോളുകളുണ്ട്. മുതലയുമായുള്ള പ്രഭാസിന്റെ ഫൈറ്റ് തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ വൈറലായിരുന്നു.

പ്രഭാസിന്റെ മുഖം വി.എഫ്.എക്‌സാണെന്ന് അറിയിക്കാതിരിക്കാനാണ് മൂന്ന് നായികമാരെ ചിത്രത്തില്‍ കൊണ്ടുവന്നതെന്നും ട്രോളുകളുണ്ട്. 450 കോടി ബജറ്റിലൊരുങ്ങിയ സിനിമയില്‍ ഒരിടത്തുപോലും നല്ല പ്രൊഡക്ഷന്‍ ക്വാളിറ്റി തോന്നിക്കുന്നില്ലെന്നും പോസ്റ്റുകളുണ്ട്. ഈയടുത്ത് പുറത്തിറങ്ങിയതില്‍ ഏറ്റവും മോശം സിനിമയെന്നാണ് പലരും രാജാസാബിനെ വിമര്‍ശിക്കുന്നത്.

രാജാസാബ് Photo: Screen grab/ T Series Telugu

നിര്‍മാതാവിന് 100 കോടിയിലേറെ നഷ്ടം സമ്മാനിച്ച പ്രഭാസിന്റെ മൂന്നാമത്തെ ചിത്രമാണ് രാജാസാബ്. 450 കോടിയിലൊരുങ്ങിയ ചിത്രം 150 കോടിയിലേറെയാണ് നിര്‍മാതാവിന് നഷ്ടമുണ്ടാക്കിയത്. ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ സംവിധായകന്‍ മാരുതിക്ക് നേരെയും ആരാധകര്‍ സൈബര്‍ ആക്രമണവുമായി രംഗത്തെത്തിയിരുന്നു.

Content Highlight: Rajasaab getting criticisms after OTT release