ഈ വര്‍ഷത്തെ ആദ്യ ബിഗ് ബജറ്റ് ചിത്രം ബോക്‌സ് ഓഫീസില്‍ വമ്പന്‍ പരാജയത്തിലേക്ക് കുതിക്കുകയാണ്. പ്രഭാസ് നായകനായെത്തിയ രാജാസാബിന്റെ പ്രീമിയര്‍ ഷോ കഴിഞ്ഞ ദിവസമായിരുന്നു. പ്രീമിയര്‍ ഷോയ്ക്ക് പിന്നാലെ ആരാധകര്‍ പോലും ചിത്രത്തിനെതിരെ വലിയ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരുതരത്തിലും പിടിച്ചിരുത്താത്ത സിനിമയാണ് രാജാസാബെന്ന് എല്ലാവരും ഒന്നടങ്കം അഭിപ്രായപ്പെട്ടു.
ചിത്രത്തിന് നെഗറ്റീവ് റിവ്യൂ വന്നതിന് പിന്നാലെ സംവിധായകന്‍ മാരുതി ട്രോളന്മാരുടെ ഇരയായി മാറിയിരിക്കുകയാണ്. പ്രീ റിലീസ് ഇവന്റില്‍ മാരുതി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കവെ കുറച്ചധികം കോണ്‍ഫിഡന്‍സോടെ മാരുതി രാജാസാബിനെ ബൂസ്റ്റ് ചെയ്തു.
സംവിധായകന്‍ മാരുതി Photo: Screen grab/ People Media Factory
‘മൂന്ന് മണിക്കൂര്‍ നേരമാണ് ഈ സിനിമയുടെ ദൈര്‍ഘ്യം. ഈ മൂന്ന് മണിക്കൂറിനിടക്ക് ഏതെങ്കിലും ഒരു സീന്‍ നിങ്ങളെ ഒരു ശതമാനമെങ്കിലും നിരാശപ്പെടുത്തിയാല്‍, നിങ്ങള്‍ക്ക് ഞാന്‍ എന്റെ അഡ്രസ് തന്നെ തരാം, അവിടെ വന്ന് നിങ്ങള്‍ക്ക് അഭിപ്രായം പറയാം. വില്ല നമ്പര്‍ 17, കൊല്ല ലക്ഷ്വറിയ, കൊണ്ടാപൂര്‍. ഷോ കഴിഞ്ഞ് നേരെ അങ്ങോട്ട് വരൂ, ഞാന്‍ അവിടെ തന്നെ കാണും,’ എന്നായിരുന്നു മാരുതി പറഞ്ഞത്.
എന്നാല്‍ പ്രീമിയറിന് ശേഷം ആരാധകരെല്ലാവരും സംവിധായകന്റെ വീട് വളഞ്ഞെന്ന തരത്തിലുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. ഗതികെട്ട് സംവിധായകന്‍ വീട് മാറിയെന്നും പൊലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെടുന്നെന്നുമുള്ള ട്രോളുകളും വൈറലായിരിക്കുകയാണ്. തെലുങ്ക്, തമിഴ്, മലയാളം പേജുകള്‍ ഇതിനോടകം മാരുതിയെ ട്രോളുകയാണ്.
രാജാസാബ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ നിന്ന് സംവിധായകന്റെ വീട്ടിലേക്ക് ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയാല്‍ നന്നായിരിക്കുമെന്നുള്ള ട്രോള്‍ ചിരിയുണര്‍ത്തുന്നു. ഇത്രയും കോണ്‍ഫിഡന്‍സ് ആര്‍ക്കും കാണില്ലെന്നും സംവിധായകന്റെ കാര്യം ഏറെക്കുറെ തീരുമാനമായെന്നും ചിലര്‍ പോസ്റ്റില്‍ പങ്കുവെക്കുന്നുണ്ട്. പല സിനിമകളിലും വില്ലന്മാര്‍ വീട് ആക്രമിക്കുന്ന രംഗങ്ങളില്‍ സംവിധായകന്റെ പേര് ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റുകള്‍ വൈറലാവുകയാണ്.
പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി രാജാസാബ് മാറുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധരുടെ വിലയിരുത്തല്‍. 450 കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ആന്ധ്രക്ക് പുറത്ത് കാര്യമായ ഹൈപ്പുണ്ടായിരുന്നില്ല. ഹൊറര്‍ കോമഡി ഴോണറിലൊരുങ്ങിയ ചിത്രത്തില്‍ മോശം വി.എഫ്.എക്‌സും കെട്ടുറപ്പില്ലാത്ത തിരക്കഥയുമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
ആദ്യദിനം 100 കോടി നേടാന്‍ യാതൊരു സാധ്യതയുമില്ലെന്ന് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നു. ആദിപുരുഷിന് ശേഷം പ്രഭാസിന്റെ കരിയറില്‍ ട്രോള്‍ മെറ്റീരിയലായി മാറാന്‍ എല്ലാ സാധ്യതയും രാജാസാബിനുണ്ടെന്നും അഭിപ്രായമുണ്ട്. മാളവിക മോഹനന്‍, നിധി ആഗര്‍വാള്‍, റിദ്ധി കുമാര്‍, സഞ്ജയ് ദത്ത് തുടങ്ങി വന്‍ താരനിരയാണ് രാജാസാബില്‍ അണിനിരന്നത്.