ഒടുവില്‍ രജനീകാന്തും കൈവിട്ടു; തമിഴ്‌നാട്ടിലെ ബി.ജെ.പി ശ്രമങ്ങള്‍ പാളി; അമിത് ഷാ മടങ്ങി
national news
ഒടുവില്‍ രജനീകാന്തും കൈവിട്ടു; തമിഴ്‌നാട്ടിലെ ബി.ജെ.പി ശ്രമങ്ങള്‍ പാളി; അമിത് ഷാ മടങ്ങി
ന്യൂസ് ഡെസ്‌ക്
Sunday, 22nd November 2020, 12:38 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ രജനീകാന്തിനെ ഒപ്പം നിര്‍ത്താനുള്ള ബി.ജെ.പി ശ്രമം പാളി. ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ പ്രതീക്ഷയോടെ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങി.

എസ്.ഗുരുമൂര്‍ത്തി വഴിയായിരുന്നു അമിത് ഷാ രജനീകാന്തിനെ സമീപിച്ചത്. നടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളും നിലനിന്നിരുന്നു. എന്നാല്‍ സജീവരാഷ്ട്രീയത്തിലേക്ക് ഇപ്പോഴില്ലെന്ന് നടന്‍ തന്നെ അറിയിച്ചതോടെ ഈ ചര്‍ച്ചകള്‍ക്ക് വിരാമമായിരിക്കുകയാണ്.

തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനോട് കുടുംബത്തിന് വലിയ യോജിപ്പില്ലെന്നും രജനീകാന്ത് അറിയിച്ചു. എന്നെങ്കിലും തീരുമാനത്തില്‍ മാറ്റം വരുകയാണെങ്കില്‍ അന്ന് കൂടിയാലോചന നടത്താമെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു.

രജനീകാന്തിനെ ഒപ്പം നിര്‍ത്തികൊണ്ട് പുതിയ രാഷ്ട്രീയ സഖ്യവും തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് പുതിയ ചരിത്രം സൃഷ്ടിക്കലുമായിരുന്നു ബി.ജെ.പി കേന്ദ്രങ്ങളുടെ പ്രതീക്ഷ.

കരുണാനിധിയുടെ മകന്‍ എം.അളഗിരിയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അളഗിരിയുടെ വിശ്വസ്തനായ കെ.പി രാമലിംഗം ബി.ജെ.പി അംഗത്വം സ്വീകരിച്ചതല്ലാതെ അവിടെയും കാര്യമായ നീക്കങ്ങള്‍ നടത്താന്‍ ബി.ജെ.പിക്കായിട്ടില്ല.

അളഗിരിക്കും രജനീകാന്തിനൊപ്പം വരുന്ന തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കാനുമുള്ള പദ്ധതികളായിരുന്നു ബി.ജെ.പി നേതൃത്വം കരുതിയിരുന്നത്.എന്നാല്‍ എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗോബാക്ക് അമിത്ഷാ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു. അഞ്ച് ലക്ഷത്തിനടുത്ത് ഹാഷ് ടാഗുകളാണ് വന്നത്. ട്വിറ്ററില്‍ ഇപ്പോഴും തമിഴ് ജനതയുടെ ഗോബാക്ക് ട്വീറ്റുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. അമിത് ഷാ, തമിഴ്നാട് പെരിയാറിന്റെ നാടാണ് എന്ന് ട്വീറ്റുകളില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajanikanth will not join BJP, BJP attempts in Tamilnadu become vain, Amit Shah returns to Delhi