മുംബൈ: മഹാരാഷ്ട്രയിലെ വോട്ടർപട്ടികയിൽ 96 ലക്ഷം വ്യാജവോട്ടർമാരെന്ന ആരോപണവുമായി മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ.
‘പ്രാദേശിക പാർട്ടികളെ ഇല്ലാതാക്കാൻ ശ്രമം നടക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി 96 ലക്ഷം വ്യാജവോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് അറിയാൻ കഴിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും ഇതുനടന്നു.
മുബൈയിൽ എട്ട് മുതൽ 8.5 ലക്ഷത്തോളവും പൂനൈ, താനെ, നാസിക് എന്നിവിടങ്ങളിൽ 8 മുതൽ 8.5 ലക്ഷത്തോളവും വ്യാജ വോട്ടുകൾ ചേർത്തു. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ തീർക്കാതെ തെരഞ്ഞടുപ്പ് നടത്തിയാൽ മഹാരാഷ്ട്രയിലെയും രാജ്യത്തെയും വോട്ടർമാരോടുള്ള അവഹേളനമാണ്’ രാജ് താക്കറെ പറഞ്ഞു.
മുംബൈയിലെ ഗോരേഗാവിൽ എം.എൻ.എസ് ബൂത്ത് ലെവൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയ ജനതാ പാർട്ടിയെയും (ബി.ജെ.പി) സഖ്യകക്ഷികളെയും, ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയെയും, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയെയും (എൻ.സി.പി) ലക്ഷ്യം വച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.
വോട്ടർ പട്ടിക ശുദ്ധീകരിക്കാനും ബന്ധപ്പെട്ട എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അംഗീകാരം ലഭിക്കുന്നത് വരെ സംസ്ഥാനത്തെ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ മാറ്റിവെക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനോട് രാജ് താക്കറെ ആവശ്യപ്പെട്ടു.
പൊതുജന പങ്കാളിത്തം കാണിച്ച വോട്ടർ പട്ടിക ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തി, മുൻകൂട്ടി നിശ്ചയിച്ച ഫലം പ്രഖ്യാപിക്കുന്നുവെന്നും ഈ വിഷയത്തിൽ ഭരണ കക്ഷികൾ എന്തിനാണ് ഇടപെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പ് കണക്കുകൾ വളച്ചൊടിച്ചതാണെന്ന് ആരോപിച്ച അദ്ദേഹം പാർട്ടിക്ക് സീറ്റ് നേടാനായില്ല എന്ന വിമർശനത്തെ തള്ളിക്കളഞ്ഞു.
പ്രതിപക്ഷ പാർട്ടിയായിരുന്നപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷാപാദം കാണിച്ചുവെന്ന് പറഞ്ഞ മോദിയുടെ വീഡിയോയും താക്കറെ പ്രദർശിപ്പിച്ചു. വോട്ടർപട്ടികയിലെ പൊരുത്തക്കേടുകൾ വളരെക്കാലമായി നിലനിൽക്കുന്ന പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കങ്ങൾ കൂടുതൽ ശക്തമാകുന്നതിനിടെയാണ് ഈ ആരോപണങ്ങൾ ഉയർന്നുവരുന്നത്.
അതേസമയം, വോട്ടർപട്ടികയിൽ ഒരു രാഷ്ട്രീയപ്പാർട്ടിക്കും കൃത്രിമം നടത്താൻ കഴിയില്ലെന്നും തിരുത്തലുകളും മാറ്റങ്ങളും സുരക്ഷിതമായാണ് ചെയ്യുന്നതെന്നും മഹാരാഷ്ട്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.