താങ്ക്യൂ റോളക്‌സ് സര്‍; സൂര്യക്ക് നന്ദി പറഞ്ഞ് രാജ് കമല്‍ ഫിലിംസ്
Film News
താങ്ക്യൂ റോളക്‌സ് സര്‍; സൂര്യക്ക് നന്ദി പറഞ്ഞ് രാജ് കമല്‍ ഫിലിംസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th June 2022, 2:08 pm

ഒരാഴ്ച പിന്നിട്ടിട്ടും തിയേറ്ററില്‍ സൃഷ്ടിച്ച തരംഗം തരി പോലും കുറയാതെ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് കമല്‍ ഹാസന്‍ ചിത്രം വിക്രം. ഒരാഴ്ച പിന്നിട്ട് മലയാളത്തിലുള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ റിലീസ് ചെയ്തിട്ടും തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ് വിക്രം.

ഫഹദ് ഫാസില്‍, വിജയ് സേതുപതി, നരേയ്ന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം എന്നിവരും എത്തിയ മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്നു വിക്രം. ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ സൂര്യയും അഭിനയിച്ചിരുന്നു. റോളക്‌സ് എന്ന സൂര്യയുടെ കഥാപാത്രം ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

നേരത്തെ സൂര്യക്ക് നന്ദിയറിയിച്ച കമല്‍ അദ്ദേഹത്തിന് റോളക്‌സ് വാച്ചും സമ്മാനമായി നല്‍കിയിരുന്നു. ഇപ്പോള്‍ ചിത്രം നിര്‍മിച്ച രാജ് കമല്‍ ഫിലിംസും സൂര്യക്ക് നന്ദിയറിയിച്ചിരിക്കുകയാണ്. റോളക്‌സ് എന്ന കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് രാജ് കമല്‍ ഫിലിംസ് നന്ദി പറഞ്ഞത്.

തന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് സൂര്യ വിക്രത്തില്‍ അഭിനയിച്ചതെന്നും അതിന് സൂര്യയോട് നന്ദി പറയുന്നില്ലെന്നും പകരം അടുത്ത ചിത്രത്തില്‍ മുഴുവന്‍ സമയവും തങ്ങള്‍ ഒന്നിച്ചുണ്ടാകുമെന്നും കമല്‍ പറഞ്ഞിരുന്നു. വിക്രത്തിന്റെ വിജയത്തിന് പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് മലയാളമുള്‍പ്പെടെയുള്ള അഞ്ച് ഭാഷകളില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോയിലാണ് കമല്‍ ഹാസന്‍ ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ വാരം തിയേറ്ററുകളിലെത്തിയ വിക്രം തമിഴ്‌നാട്ടില്‍ മാത്രമല്ല, ചിത്രം റിലീസ് ചെയ്ത മാര്‍ക്കറ്റുകളിലൊക്കെ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ആദ്യ അഞ്ച് ദിനത്തിലെ കണക്കുകള്‍ എടുത്താല്‍ കേരള കളക്ഷനില്‍ ചിത്രം റെക്കോര്‍ഡിട്ടു.

ചിത്രം ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയത് 5.02 കോടി ആയിരുന്നു. ശനിയാഴ്ച 5.05 കോടിയും ഞായറാഴ്ച 5.65 കോടിയും നേടിയ ചിത്രത്തിന്റെ തിങ്കളാഴ്ചത്തെ കളക്ഷന്‍ 3.02 കോടി ആയിരുന്നു. ആകെ അഞ്ച് ദിനങ്ങളിലെ കളക്ഷന്‍ ചേര്‍ത്താല്‍ 22.29 കോടി. ആദ്യ അഞ്ച് ദിനത്തിലെ കളക്ഷന്‍ എടുത്താല്‍ കേരളത്തില്‍ ഒരു തമിഴ് ചിത്രം ഇതുവരെ നേടുന്ന ഏറ്റവും വലിയ ഗ്രോസ് ആണിത്.

Content Highlight: Raj Kamal Films thanked Surya for the character of rolex