ഡീസല്‍ വാഹനങ്ങള്‍ക്ക് എക്‌സൈസ് തീരുവ ഏര്‍പ്പെടുത്തണം : പെട്രോളിയം മന്ത്രാലയം
Big Buy
ഡീസല്‍ വാഹനങ്ങള്‍ക്ക് എക്‌സൈസ് തീരുവ ഏര്‍പ്പെടുത്തണം : പെട്രോളിയം മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th June 2012, 9:44 am

ന്യൂദല്‍ഹി : ഡീസല്‍ കാറുകള്‍ക്ക് എക്‌സൈസ് തീരുവ ഏര്‍പ്പെടുത്തണമെന്നാവശ്യവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി ധനമന്ത്രി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചു. പെട്രോള്‍ വില വര്‍ദ്ധിച്ചതിനാല്‍ ഡീസലിന്റെ ഉപയോഗം വര്‍ദ്ധിച്ചെന്നും ഈ സമയത്ത് ഡീസല്‍ കാറുകളുടെ വില വര്‍ദ്ധിപ്പിക്കുന്നത് സഹായകരമാകുമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിച്ചിരിക്കുന്നത്. എക്‌സൈസ് തീരുവ 2,55,000 രൂപ വരെ വര്‍ദ്ധിപ്പിക്കണമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

ഈ വര്‍ഷം ഡീസല്‍ ഉപയോഗം 7.2 ശതമാനമായി വര്‍ദ്ധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 6.2 ശതമാനമായിരുന്നു. എന്നാല്‍ പെട്രോള്‍ ഉപയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 5 ശതമാനം കുറവുണ്ടായിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ഡീസലിന് ഉയര്‍ന്ന തോതിലുള്ള സബ്‌സിഡിയാണ് നല്‍കിവരുന്നത്. ഇതുവഴിയുണ്ടാകുന്ന നഷ്ടം നികത്തുവാന്‍ തീരുവ ഏര്‍പ്പെടുത്തുന്നത് സഹായകരമാകുമെന്നാണ് ജയ്പാല്‍ റെഡ്ഡിയുടെ അഭിപ്രായം. ഡിസലിന് നേരിട്ട് വിലവര്‍ദ്ധിപ്പിക്കുന്നത് മറ്റ് സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നതിന് കാരണമാകുമെന്നതിനാലാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് എക്‌സൈസ് തീരുവ ഏര്‍പ്പെടുത്താന്‍ പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.