എഡിറ്റര്‍
എഡിറ്റര്‍
ഉളിക്കലില്‍ വീണ്ടും ഉരുള്‍പൊട്ടല്‍: മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി
എഡിറ്റര്‍
Tuesday 7th August 2012 12:35pm

 

കോഴിക്കോട്: കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉരുള്‍പൊട്ടലിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം ആറായി. ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയായ പുല്ലൂരാംപാറയിലെ ഉരുള്‍പൊട്ടലില്‍ അഞ്ച് പേര്‍ മരിച്ചു. തുണ്ടത്തില്‍ ബിജുവിന്റെ മകന്‍ കുട്ടന്‍ എന്ന അമല്‍ (3), പുത്തന്‍പുരയില്‍ വര്‍ക്കി, കാനാംകുന്നത്ത് ഗോപാലന്‍, ആനക്കാംപൊയില്‍ തുണ്ടത്തില്‍ ജോസഫ്, ആനക്കാംപൊയില്‍ ബിജുവിന്റെ ഭാര്യ ലിസി എന്നിവരാണ് മരിച്ചത്.

Ads By Google

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ ഒരു കുട്ടി വെള്ളത്തില്‍ വീണ് മരിച്ചു. വള്ളിത്തോട് സ്വദേശി അക്ഷയ് 9 ആണ് മരിച്ചത്. അതിനിടെ ഇടുക്കി ഉളിക്കലില്‍ വീണ്ടും ഉരുള്‍പ്പൊട്ടി. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ മലയോര മേഖലകളിലുള്ളവരെ ഒഴിപ്പിച്ചു.

പുല്ലൂരാംപാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആറുപേരെ കാണാതായിട്ടുണ്ട്. 500 ഏക്കറോളം സ്ഥലം ഒലിച്ചുപോയിട്ടുണ്ട്.  ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അവധി പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടലില്‍ ഒമ്പത് വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

മലയിടിഞ്ഞ് പുല്ലൂരാംപാറ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ആനക്കാംപൊയില്‍, പുല്ലൂരാംപാറ, കൊടക്കാട്ട് പാറ, മഞ്ഞുമല എന്നീഭാഗങ്ങള്‍ പൂര്‍ണ്ണമായും മറ്റ് പ്രദേശങ്ങളുമായി ഒറ്റപ്പെട്ടിരിക്കുകയാണ്. റോഡ് ഗതാഗതം പൂര്‍ണ്ണമായും തകരാറിലായി. പലയിടത്തും റോഡില്‍ വെള്ളക്കെട്ടാണ്. രക്ഷാപ്രവര്‍ത്തനത്തിനും ഇത് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

കോഴിക്കോട് ജില്ലയില്‍ എട്ടോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് വിവരം. മുക്കം പുഴ കരകവിഞ്ഞ് ഒഴുകുകയാണ്.

കണ്ണൂരില്‍ വാണിയപ്പാറ ആനപ്പന്തി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കനത്തമഴയെ തുടര്‍ന്ന് ഇരിട്ടി, ശ്രീകണ്ഠാപുരം പട്ടണങ്ങള്‍ വെള്ളത്തിനടിയിലാണ്.

ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. രാവിലെ മുതല്‍ തുടരുന്ന കനത്ത മഴ തുടര്‍ന്നതോടെയാണ് ഉരുള്‍പൊട്ടിയത്. ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞതോടെ മിക്കയിടങ്ങളും വെള്ളക്കെട്ടിലായി.

രാവിലെ സ്‌കൂളുകളിലേക്കും ഓഫീസിലേക്കും തിരിച്ചവരില്‍ പലരും വൈകിട്ട് മലയോരത്തേക്ക് തിരിച്ചെത്താനാവാതെ വഴിയില്‍ കുടുങ്ങി. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പ്രധാനമായും നടക്കുന്നത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Advertisement