എഡിറ്റര്‍
എഡിറ്റര്‍
ഉത്താരാഖണ്ഡില്‍ പേമാരിക്ക് സാധ്യത, രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
എഡിറ്റര്‍
Sunday 23rd June 2013 10:30am

utharagandh...

ന്യൂദല്‍ഹി: പ്രളയം ദുരിതം വിതച്ച ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം  പുരോഗമിക്കുകയാണ്.  എന്നാല്‍ കനത്ത മഴ മൂലം ഹെലികോപ്റ്റര്‍ വഴി നടത്തിയിരുന്ന രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
Ads By Google

തീര്‍ത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, ഋഷികേശ്, ഉത്തര്‍പ്രയാഗ് എന്നിവിടങ്ങളില്‍ നടത്തിയിരുന്ന രക്ഷാപ്രവര്‍ത്തനമാണ് താല്‍ക്കലികമായി നിര്‍ത്തിവെച്ചത്.

ഇന്നലെ രക്ഷാപ്രവര്‍ത്തനത്തില്‍ കേദാര്‍നാഥിലെ ഗൗരികുണ്ട്-റാംബാര കുന്നുകള്‍ക്കിടയില്‍ ഒറ്റപ്പെട്ട ആയിരത്തോളം ആളുകളെ കണ്ടെത്തി രക്ഷിച്ചിരുന്നു.

ആയിരക്കണക്കിന് സൈനികര്‍ക്കൊപ്പം വ്യോമസേനയുടെ ഹെലികോപ്റ്റര്‍ വ്യൂഹങ്ങളും ആളുകളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുന്നതിന് ഇടതടവില്ലാതെ പ്രവര്‍ത്തിച്ചിരുന്നു. കേദാര്‍നാഥിലും ഗംഗോത്രിയിലും  ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയായി.

കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഇന്നലെ ദുരന്തഭൂമിയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ഉത്തരാഖണ്ഡില്‍ രക്ഷാപ്രപര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാറിന് വീഴ്ച്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രി ഇന്നലെ അറിയിച്ചു.

മൂന്നുദിവസത്തിനുള്ളില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഈ രംഗത്തെ വിദഗ്ധനായ വി.കെ. ദുഗ്ഗലിനെ ചുമതലപ്പെടുത്തിയതായും കേന്ദ്രമന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിങ്കാളാഴ്ച്ച വീണ്ടും ശക്തമായ കാലവര്‍ഷമെത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.  എന്നാല്‍ വാര്‍ത്താവിനിമയ  സൗകര്യങ്ങളുടെ അപര്യാപ്തതയും, ഭക്ഷണ ദൗര്‍ലഭ്യവും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്.

വിവിധസ്ഥലങ്ങളിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഉത്തരകാശി-ഹര്‍സില്‍ റോഡ്  ഗതാഗതത്തിന് ഇതുവരെ തുറന്ന് കൊടുത്തിട്ടില്ല. റോഡിലെ തടസം നീക്കി 74 കിലോമീറ്റര്‍ ദൂരം സഞ്ചാരയോഗ്യമാക്കാനുള്ള ശ്രമത്തിലാണ് കരസേന.

കേദാര്‍നാഥ് ക്ഷേത്രത്തിനു പുറത്തു മൃതശരീരങ്ങള്‍ കുന്നുകൂടിക്കിടക്കുകയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. സമീപത്തെ കുന്നുകളില്‍നിന്നു മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തിയ കൂറ്റന്‍ കല്ലുകള്‍ ക്ഷേത്രനഗരിയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.

പ്രദേശത്തെ മൊബൈല്‍ ടവറുകള്‍ക്കു കേടുപാടുകളില്ലെങ്കിലും ഫോണ്‍ചാര്‍ജ് ചെയ്യാന്‍ വൈദ്യുതിയില്ലാത്തതിനാല്‍ ആളുകള്‍ക്ക്
പുറംലോകവുമായി ബന്ധപ്പെടാനാകുന്നില്ല.

അതേസമയം ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ കുടുങ്ങിപ്പോയ മലയാളി തീര്‍ഥാടകരെ രക്ഷിക്കാന്‍ സ്വകാര്യ ഹെലികോപ്റ്റര്‍ അയക്കുമെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുമായി ചര്‍ച്ച നടത്തിയെന്നും ആവശ്യമായ സഹായം നല്കാമെന്ന് ആന്റണി അറിയിച്ചതായും കെ.സി ജോസഫ് മാധ്യമങ്ങളെ അറിയിച്ചു.

Advertisement