രണ്ട് ചക്രവാതച്ചുഴി! കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
Kerala News
രണ്ട് ചക്രവാതച്ചുഴി! കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th September 2023, 7:56 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നുവെന്ന് കാലാവസ്ഥ വകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട്. കേരളത്തില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. രണ്ട് ചക്രവാതച്ചുഴി ഒന്നിച്ച് നിലനില്‍ക്കുന്നതിനാലാണ് കേരളത്തില്‍ മഴയെത്താനുള്ള സാഹചര്യം ശക്തമായി തുടരുന്നത്.

വടക്ക് പടിഞ്ഞാറന്‍ മധ്യ പ്രദേശിന് മുകളിലും മ്യാന്മാര്‍ തീരത്തിന് സമീപം മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഓരോ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 72 മണിക്കൂറില്‍ ചക്രവാതച്ചുഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.

ഈ സാഹചര്യം കണക്കിലെടുത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 11, 12 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്ററില്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, കേരള-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Content Highlights: Rain to intensify in Kerala; Yellow alert for five districts