ലോക്കോ പൈലറ്റ് മൊബൈലിൽ ക്രിക്കറ്റ് മത്സരം കാണുകയായിരുന്നു; ആന്ധ്രാ ട്രെയിൻ കൂട്ടിയിടിയെ കുറിച്ച് റെയിൽവേ മന്ത്രി
national news
ലോക്കോ പൈലറ്റ് മൊബൈലിൽ ക്രിക്കറ്റ് മത്സരം കാണുകയായിരുന്നു; ആന്ധ്രാ ട്രെയിൻ കൂട്ടിയിടിയെ കുറിച്ച് റെയിൽവേ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd March 2024, 10:22 am

ഇന്ത്യൻ റെയിൽവേയിലെ പുതിയ സുരക്ഷാ നടപടികളെ കുറിച്ച് സംസാരിക്കവെ കഴിഞ്ഞ വർഷത്തെ ആന്ധ്ര ട്രെയിൻ അപകടത്തെ പരാമർശിച്ച് ഇന്ത്യൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

കഴിഞ്ഞ 2023 ഒക്ടോബർ 29നാണ് 14 യാത്രക്കാരുടെ മരണത്തിനിടയാക്കിയ വിജയനഗരം ജില്ലയിലെ ട്രെയിൻ അപകടം സംഭവിച്ചത്. രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റിരുന്നു.

രണ്ട് പാസഞ്ചർ ട്രെയിനുകളിലൊന്നിന്റെ ഡ്രൈവറും അസിസ്റ്റന്റ് ഡ്രൈവറും അപകട സമയം ഫോണിൽ ക്രിക്കറ്റ്‌ മത്സരം കാണുകയായിരുന്നുവെന്നാണ് അശ്വിനി വൈഷ്ണവ് പറഞ്ഞത്.

ആന്ധ്രാപ്രാദേശിലെ വിജയം നഗരം ജില്ലയിലെ കണ്ടകംപള്ളിയിൽ വെച്ചാണ് ഹൗറ – ചെന്നൈ പാതയിൽ രായഗഡ പാസഞ്ചറും വിശാഖ പട്ടണം പലാസ ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചത്. അന്ന് വൈകിട്ട് ഏഴ് മണിക്കായിരുന്നു സംഭവം. പലാസ ട്രെയിനിന്റെ പിന്നിൽ രായഗഡ പാസഞ്ചർ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ അമ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു.

റെയിൽവേയുടെ പുതിയ സുരക്ഷ നടപടികളെ കുറിച്ച് സംസാരിക്കുമ്പോഴാണ് മന്ത്രി അപകടത്തെക്കുറിച്ച് സംസാരിച്ചത്.
‘ ലോക്കോ പൈലറ്റും കോ പൈലറ്റും അപകടസമയം ക്രിക്കറ്റ് മത്സരം കണ്ടതിനാൽ ശ്രദ്ധതെറ്റിയതിനാലാണ് ആന്ധ്രപ്രദേശിൽ ആ സംഭവം ഉണ്ടായത്. അത്തരത്തിലുള്ള പൈലറ്റുമാരെയും അസിസ്റ്റന്റ് പൈലറ്റുമാരെയും കേന്ദ്രീകരിച്ചാണ് പുതിയ സംവിധാനങ്ങൾ ഞങ്ങൾ ഇപ്പോൾ സ്ഥാപിക്കുന്നത്. ട്രെയിൻ നിയന്ത്രിക്കുന്നതിലാണ് പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അശ്വിനി വൈഷ്ണവ് പി.ടി.ഐയോട് പറഞ്ഞു.

സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും എല്ലാ സംഭവത്തിന്റെയും പ്രധാന കാരണം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ പുതിയ പരിഹാരങ്ങൾ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെയിൽവേ സേഫ്റ്റി കമ്മീഷണർമാർ(സി. ആർ. എസ്) നടത്തിയ അന്വേഷണ റിപ്പോർട്ട് ഇതുവരെ പരസ്യമാക്കിയിട്ടില്ലെങ്കിലും, അപകടം നടന്ന് ഒരു ദിവസം കഴിഞ്ഞ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ട്രെയിൻ അപകടത്തിന് ഉത്തരവാദികൾ ഡ്രൈവറും അസിസ്റ്റന്റ് ഡ്രൈവറുമാണെന്ന് കണ്ടെത്തിയിരുന്നു. അപകടത്തിൽ രണ്ട് ജീവിനക്കാരും മരിച്ചിരുന്നു.

Content Highlight: Railway Minister Talk About Andhra Train Collision