അനധികൃത കയ്യേറ്റമെന്ന ആരോപണം; ദല്‍ഹിയില്‍ രണ്ട് പള്ളികള്‍ പൊളിച്ചു നീക്കാന്‍ റെയില്‍വേയുടെ നോട്ടീസ്
national news
അനധികൃത കയ്യേറ്റമെന്ന ആരോപണം; ദല്‍ഹിയില്‍ രണ്ട് പള്ളികള്‍ പൊളിച്ചു നീക്കാന്‍ റെയില്‍വേയുടെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd July 2023, 2:18 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കയ്യേറ്റ ഭൂമിയിലാണെന്ന് ആരോപിച്ച് രണ്ട് പള്ളികള്‍ക്ക് നോട്ടീസ് അയച്ച് റെയില്‍വേ. ബംഗാളി മാര്‍ക്കറ്റ് പള്ളിക്കും ബാബര്‍ ഷാഹ് തകിയ പള്ളിക്കുമാണ് 15 ദിവസത്തിനകം ഒഴിയാന്‍ ആവശ്യപ്പെട്ട് റെയില്‍വേ നോട്ടീസ് അയച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ ഭൂമി ഒഴിഞ്ഞില്ലെങ്കില്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തങ്ങളുടെ ഭൂമി അനധികൃതമായി കയ്യേറിയതാണെന്ന് റെയില്‍വേ നോട്ടീസില്‍ പറയുന്നു. കയ്യേറിയ ഭൂമിയില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടങ്ങളോ, ക്ഷേത്രങ്ങളോ, പള്ളികളോ പൊളിച്ചുനീക്കാന്‍ ബന്ധപ്പെട്ട കക്ഷികളോട് അഭ്യര്‍ത്ഥിക്കുന്നതായും നോട്ടീസിലുണ്ട്. നിശ്ചിത സമയത്തിനകം പൊളിച്ചുനീക്കിയില്ലെങ്കില്‍ റെയില്‍വേ നിയമപ്രകാരം കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. കയ്യേറ്റങ്ങള്‍ നടത്തിയവരായിരിക്കും നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദികളെന്നും അത് റെയില്‍വേ ഏറ്റെടുക്കില്ലെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ബാബര്‍ ഷാഹ് തകിയ പള്ളി 400 വര്‍ഷത്തോളം പഴക്കമുള്ളതാണെന്ന് പള്ളി സെക്രട്ടറി അബ്ദുള്‍ ഗാഫര്‍ അവകാശപ്പെട്ടു.

തങ്ങളുടെ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളാണിവയെന്നാണ് റെയില്‍വേ പറയുന്നത്. എന്നാല്‍ നൂറ്റാണ്ടുകളായി ഇവിടെയുള്ള പള്ളിയാണിതെന്നും ഇവയ്ക്ക് ചരിത്രപരമായ മൂല്യമുണ്ടെന്നും പള്ളി കമ്മിറ്റിയും പറയുന്നു.

ഈ വര്‍ഷം ഏപ്രിലില്‍ ലാന്‍ഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസ്, ദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍, സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ സംയുക്ത കയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്ന നടപടിയുടെ ഭാഗമായി ബംഗാളി മാര്‍ക്കറ്റിലെ പള്ളിയുടെ ഒരു ഭാഗം തകര്‍ന്നിരുന്നു. ഇവിടെ കോണ്‍ഗ്രീറ്റ് ഉപയോഗിച്ച് അനധികൃത നിര്‍മാണം നടത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ പൊളിച്ചുനീക്കല്‍ നടപടിക്ക് മുന്നോടിയായി തങ്ങള്‍ക്ക് നോട്ടീസ് അയച്ചിരുന്നില്ലെന്ന് പള്ളി കമ്മിറ്റിയും ആരോപിച്ചു.

Content Highlight: Railway issue notice to two mosque demanding removal of encrochment