സിനിമാനടന്മാരുടെ വീടുകളിലെ ഇ.ഡി റെയ്ഡ് സ്വർണപ്പാളി വിവാദം മുക്കാൻ; കേന്ദ്രമന്ത്രിയായുകൊണ്ട് കൂടുതൽ പറയുന്നില്ല: സുരേഷ് ​ഗോപി
Kerala
സിനിമാനടന്മാരുടെ വീടുകളിലെ ഇ.ഡി റെയ്ഡ് സ്വർണപ്പാളി വിവാദം മുക്കാൻ; കേന്ദ്രമന്ത്രിയായുകൊണ്ട് കൂടുതൽ പറയുന്നില്ല: സുരേഷ് ​ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th October 2025, 11:40 am

പാലക്കാട്: സിനിമാനടൻമാരുടെ വീട്ടിലെ റെയ്ഡ് സ്വർണപ്പാളി വിവാദം മുക്കാനെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. രണ്ടുനടൻമാരെ ഇതിനിടയിലേക്ക് വലിച്ചിഴച്ചുവെന്നും കേന്ദ്രമന്ത്രിയായത് കൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ഭൂട്ടാൻ വാഹന ഇടപാടുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലെ എ്ൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധനക്ക് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പരാമർശം. പാലക്കാട് മലമ്പുഴയിൽ കലുങ്ക് സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്വർണത്തിന്റെ വിഷയം മുക്കാൻ വേണ്ടിയാണോ സിനിമാരംഗത്തുള്ള രണ്ടുപേരെ വീണ്ടും ത്രാസിൽ കയറ്റി അളക്കാൻ കേരള ജനതക്ക് വിട്ടുകൊടുത്തിരിക്കുന്നത്? അതിനെ സംബന്ധിച്ച് എൻ.ഐ.എ, ഇ.ഡി എല്ലാം പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നത് കൊണ്ട് കേന്ദ്ര മന്ത്രി സഭയിൽ ഇരുന്നുകൊണ്ട് അതിനെക്കുറിച്ച് പറയാൻ പാടില്ല. ഈ സർക്കാരിനെ ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന പ്രക്രിയ മാത്രമാണ് പൊലീസിനെ ഉപയോഗിച്ച് നടത്തുന്നത്,’ സുരേഷ് ഗോപി പറഞ്ഞു.

ഇനിയും ഇത്തരത്തിൽ കഥകൾ വരുമെന്നും ഇത് പ്രജാരാജ്യമാണെന്നും പ്രജകളാണ് രാജാക്കൻമാരെന്നും പ്രജകൾ വിരൽ ചൂണ്ടി സംസാരിക്കണമെന്നും നേരത്തെ നടന്ന കലുങ്ക് സൗഹൃദ സംഗമങ്ങളിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു.

കലുങ്ക് സംവാദത്തിൽ വ്യക്തിപരമായ ഒരു ആവശ്യങ്ങളും പരിഗണിക്കപ്പെടുന്നതല്ലെന്നും നിവേദനം തന്നയാളെ താൻ അവഹേളിച്ചുവെന്ന് പറയുന്നത് അവരുടെ മാത്രം വ്യാഖ്യാനമാണെന്നും അവഹേളനങ്ങൾക്ക് താൻ പുല്ലുവിലയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സുരേഷ് ഗോപിയുടെ നേതൃത്തിൽ നടക്കുന്ന കലുങ്ക് സൗഹൃദ സംവാദത്തിൽ വീടിനായി നിവേദനവുമായി എത്തിയ പുള്ള് സ്വദേശി കൊച്ചുവേലായുധനെ മടക്കി അയച്ചതും കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാൻ സഹായം തേടിയ ആനന്ദവല്ലിയെ പരിഹസിച്ചതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

അതേസമയം, സുരേഷ് ഗോപിയുടെ നിരന്തരമായ വിവാദ പ്രസ്താവനകളും നിലപാടുകളും സംസ്ഥാന ബി.ജെ.പിയെ നിഴലിലാക്കുന്ന സാഹചര്യത്തിൽ സുരേഷ് ഗോപിക്കെതിരെ അനൂപ് ആന്റണി പരാതി നൽകിയിരുന്നു.

Content Highlight: Raids on film actors’ homes to bury gold plating controversy says Suresh Gopi