ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ച വോട്ട് ചോരിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് തമിഴ്നാട് മന്ത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തുന്നതെന്ന് ഡി.എം.കെ സംഘടനാ സെക്രട്ടറി ആർ. എസ്. ഭാരതി.
തമിഴ്‌നാട് ഗ്രാമവികസന മന്ത്രി ഐ. പെരിയസാമിയുടെ ചെന്നൈയിലെയും ഡിണ്ടിഗലിലെയും വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്തിയത് തെളിഞ്ഞിരിക്കുന്നു. ഈ വെളിപ്പെടുത്തലിൽ രാജ്യം ഞെട്ടിപ്പോയി. വോട്ട് ചോരിയിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്,’ അദ്ദേഹം ആരോപിച്ചു.
പാർട്ടിക്ക് ഇ.ഡിയെയോ മോദിയെയോ ഭയമില്ലെന്നും സ്വയംഭരണ സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുപ്പ് ഉപകരണങ്ങളായി ഉപയോഗിക്കുന്നതെന്ന് ഭാരതി ആരോപിച്ചു. മറ്റുള്ളവരുടെ നിയമവിരുദ്ധ പണമിടപാട് ആരോപിക്കുന്ന അതേ ബി.ജെ.പി തന്നെയാണ് വോട്ട് ക്രമക്കേട് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പെരിയസാമിയുടെ വീട്ടിലും മകനും ഡി.എം.കെ എം.എൽ.എയുമായ സെന്തിൽകുമാറിന്റെ വീട്ടിലുമാണ് ഇ.ഡി റെയ്ഡ് നടത്തിയത്. കള്ളപ്പണം വെളുപ്പിൽ തടയൽ നിയമവ്യവസ്ഥകൾ പ്രകാരമാണ് നടപടിയെന്ന് ഇ.ഡി അധികൃതർ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിൽ അഴിമതിക്കേസിൽ ഐ. പെരിയസാമിയെ കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതിയുടെ വിധി റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി, വീണ്ടും വിചാരണ നടത്താൻ ഉത്തരവിട്ടിരുന്നു.
2008ൽ ഭവന വകുപ്പ് മന്ത്രിയായിരിക്കെ അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധിയുടെ അംഗരക്ഷകന് ഹൗസിങ് ബോർഡിന്റെ വീട് അനുവദിച്ചതിൽ ക്രമക്കേട് ഉണ്ടെന്നായിരുന്നു കേസ്.
2012ൽ അണ്ണാ ഡി.എം.കെ ഭരണകാലത്ത് രജിസ്റ്റർ ചെയ്ത കേസ് വിജിലൻസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ പ്രത്യേക കോടതി മന്ത്രിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.
Content Highlight: Raid on minister’s house was to divert attention from vote theft: DMK