പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം ഡിയസ് ഈറെക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രണവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമെന്നാണ് ചിത്രം കണ്ടിറങ്ങിയവര്‍ ഒന്നടങ്കം പറയുന്നത്.
ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം, എന്നീ ചിത്രങ്ങളിലെ അഭിനയത്തില്‍ നിന്നും തികച്ചും വ്യതസ്തമായ പ്രകടനം കാഴ്ച്ചവച്ച പ്രണവിനെ ചിത്രത്തിലേക്കെത്തിക്കാനായി നടത്തിയ മുന്നൊരുക്കങ്ങളെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍.
‘ഞാനീ കഥയെഴുതിയത് പ്രണവിനെ മനസ്സില്‍ കണ്ടിട്ടായിരുന്നു. വിചാരിച്ചതിലും എളുപ്പത്തില്‍ പ്രണവ് കഥാപാത്രത്തെ മനസ്സിലാക്കി. കൊച്ചിയില്‍ വരുമ്പോഴെല്ലാം ചിത്രത്തെക്കുറിച്ച് ഒരുപാട് നേരം ചര്‍ച്ച ചെയ്തിരുന്നു’, രേഖാ മോനോനുമായി നടത്തിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു.
പ്രണവിന്റെ മാനറിസവും രീതികളുമെല്ലാം മനസ്സില്‍ കണ്ടാണ് ഈ കഥാപാത്രത്തെ രൂപപെടുത്തിയത്, അതുകൊണ്ട് തന്നെ ഞാന്‍ ഉദ്ദേശിച്ച ലോകത്തേക്ക് പ്രണവിനെ കൊണ്ടുവരുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല.
പ്രണവിനെ ഞാനൊരിക്കലും മോഹന്‍ലാല്‍ സാറിന്റെ മകനായി കണ്ടിട്ടില്ല, എന്നെ സംബന്ധിച്ച് പ്രണവ് ഒരു അഭിനേതാവ് മാത്രമാണ്, കഥയിലെ രോഹനായി മാത്രമായാണ് ഞാന്‍ പ്രണവിനെ കണ്ടിട്ടുള്ളത്. തിരിച്ച് പ്രണവിനും അങ്ങനെ തന്നെയായിരുന്നു.
പ്രണവ് വീട്ടിലേക്ക് കയറിച്ചെല്ലുന്ന ഷോട്ടാണ് ആദ്യം എടുത്തത് കാരണം ചിത്രത്തിലെ ഏറ്റവും സിംപിംളായ സീനായിരുന്നു അത്. ഈ ഷോട്ടിന് ശേഷമാണ് പ്രണവിന്റെ കഥാപാത്രത്തിന്റെ സൗണ്ട് മോഡുലേഷനും മീറ്ററും മറ്റു കഥാപപാത്രങ്ങളായിട്ടുള്ള കെമിസ്ട്രിയും വ്യക്തമായത്. ഇതിന് ശേഷം കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു, രാഹുല്‍ സദാശിവന്‍ പറയുന്നു.
കുറഞ്ഞ കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. ഇവരുമായിട്ടുളള്ള കെമിസ്ട്രി സിനിമയില്‍ വളരെ പ്രധാനമാണ്. ജിബിനുമായിട്ടുള്ള രംഗമായിരുന്നു ആദ്യ ദിവസം. ഇത്തരത്തില്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള ഇന്‍ട്രൊഡക്ഷന്‍ ആദ്യം കഴിഞ്ഞതോടെ പിന്നെ ഷൂട്ടിങ് എളുപ്പമായിരുന്നു, രാഹുല്‍ പറഞ്ഞു.
ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് ഡീയസ് ഈറെ. മലയാളത്തില്‍ കാണാത്ത രീതിയിലുള്ള ഹൊറര്‍ കഥ പറയുന്ന ചിത്രത്തിന് ഇതിനോടകം വന്‍ സ്വീകര്യതയാണ് ലഭിച്ചിട്ടുള്ളത്.
Content Highlight: Rahul Sadasivan about Pranav Mohanlal First scene in Diés Iraé