'മമ്മൂട്ടി മാപ്പ് പറഞ്ഞു, ഫാന്‍സിനെ വിമര്‍ശിച്ചു'; വിവാദമായപ്പോള്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതി അധ്യക്ഷന്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ പിന്‍വലിച്ചു
indian cinema
'മമ്മൂട്ടി മാപ്പ് പറഞ്ഞു, ഫാന്‍സിനെ വിമര്‍ശിച്ചു'; വിവാദമായപ്പോള്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതി അധ്യക്ഷന്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ പിന്‍വലിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th August 2019, 2:58 pm

ന്യൂദല്‍ഹി: മമ്മൂട്ടിയെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് തഴഞ്ഞതിനു പിന്നാലെ അടുത്ത വിവാദവുമായി പുരസ്‌കാര സമിതി അധ്യക്ഷനും ബോളിവുഡ് സംവിധായകനുമായ രാഹുല്‍ റവെയ്ല്‍. തന്റെ ഭാഗം ന്യായീകരിച്ചും മമ്മൂട്ടി മാപ്പു പറഞ്ഞെന്നു വ്യക്തമാക്കിയും രാഹുലിട്ട പോസ്റ്റുകളാണ് ഇപ്പോള്‍ വിവാദമായത്.

ഒടുവില്‍ മമ്മൂട്ടിയുമായി ബന്ധപ്പെട്ടിട്ട രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളും രാഹുല്‍ ഡിലീറ്റ് ചെയ്തു.

മമ്മൂട്ടി അഭിനയിച്ച പേരന്‍പിനു പുരസ്‌കാരം ലഭിക്കാത്തതിനാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനു മറുപടിയായായിരുന്നു രാഹുലിന്റെ പോസ്റ്റുകള്‍. മമ്മൂട്ടിയുടെ ആരാധകരില്‍ നിന്നു തനിക്കു സന്ദേശങ്ങള്‍ ലഭിക്കുന്നതായി അദ്ദേഹം അതില്‍ പറയുന്നു.

തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നും സംഭവിച്ചതെന്താണോ അതിനു മാപ്പ് ചോദിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞതായി രാഹുല്‍ ഒരു പോസ്റ്റില്‍ കുറിച്ചു. മറ്റൊരു പോസ്റ്റില്‍ ഫാന്‍സിനെ വിമര്‍ശിക്കുകയായിരുന്നു.

ആ പോസ്റ്റ് ഇങ്ങനെ: ‘മിസ്റ്റര്‍ മമ്മൂട്ടി.. താങ്കളുടെ ആരാധകരെന്ന് അവകാശപ്പെടുന്നവരുടെ കൈയില്‍ നിന്ന്, അല്ലെങ്കില്‍ ഫാന്‍സ് ക്ലബ്ബുകളില്‍ നിന്ന് എനിക്കു നിരവധി വെറുപ്പും വിദ്വേഷവും വൃത്തികേടും നിറഞ്ഞ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്.

പേരന്‍പ് എന്ന ചിത്രത്തിലെ പ്രകടനത്തിന് എന്തുകൊണ്ട് താങ്കളെ നടനായി തെരഞ്ഞെടുത്തില്ല എന്നതിലാണ് ഈ സന്ദേശങ്ങള്‍ മുഴുവനും ലഭിക്കുന്നത്. എന്നാല്‍ ഞാന്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കിക്കൊള്ളട്ടെ..

ആദ്യമായി ആര്‍ക്കും തന്നെ ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ അധികാരമില്ല. രണ്ടാമതായി, താങ്കളുടെ പേരന്‍പ് എന്ന ചിത്രം പ്രാദേശിക പാനല്‍ തന്നെ തള്ളിക്കളഞ്ഞ ഒന്നാണ്. അതുകൊണ്ടുതന്നെ അത് കേന്ദ്ര പാനലിനു മുന്‍പാകെ എത്തിയില്ല.

നിങ്ങളുടെ ആരാധകര്‍, അല്ലെങ്കില്‍ നിങ്ങളുടെ ഭക്തര്‍ വേണ്ടാത്ത ഒരു കാര്യത്തിനു പോരാടുന്നത് അവസാനിപ്പിക്കണം. ജൂറിയെ ഒരിക്കലും ചോദ്യം ചെയ്യരുത്.’

ജൂറി അധ്യക്ഷന്‍ തന്നെ പുരസ്‌കാര നിര്‍ണയ വിവരങ്ങള്‍ പരസ്യപ്പെടുത്തിയതിനെതിരെ വ്യാപകമായ രീതിയിലാണ് ചോദ്യങ്ങളുയര്‍ന്നത്. ഇതിനു പിന്നാലെ രാഹുല്‍ രണ്ട് പോസ്റ്റുകളും പിന്‍വലിച്ചു.