മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടും who cares ആറ്റിറ്റ്യൂഡ് ; എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി അവസാനമെന്ന് പറഞ്ഞ് ഒടുവില്‍ മുങ്ങല്‍
Kerala
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടും who cares ആറ്റിറ്റ്യൂഡ് ; എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി അവസാനമെന്ന് പറഞ്ഞ് ഒടുവില്‍ മുങ്ങല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st August 2025, 2:04 pm

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി അറിയിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തോടും who cares ആറ്റിറ്റ്യൂഡുമായി രാഹുല്‍ മാങ്കൂട്ടത്തില്‍.

താന്‍ പറയാന്‍ വന്ന കാര്യങ്ങള്‍ പറയാന്‍ അനുവദിക്കണമെന്നും അതിനുശേഷമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാമെന്നും ഉറപ്പുപറഞ്ഞ് സംസാരം തുടങ്ങിയ രാഹുല്‍ രാജി പ്രഖ്യാപിച്ച ശേഷം ഉടന്‍ തന്നെ മടങ്ങുകയായിരുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു ചോദ്യം പോലും ചോദിക്കാനുള്ള സമയം നല്‍കാതെയാണ് രാഹുലിന്റെ ഈ മുങ്ങല്‍. വാര്‍ത്താ സമ്മേളനത്തിലുടനീളം തന്നെ ന്യായീകരിച്ചുകൊണ്ടാണ് രാഹുല്‍ സംസാരിച്ചത്.

ഞാന്‍ രാജിവെച്ചു എന്ന് നിങ്ങള്‍ പറയുന്നു. എപ്പോള്‍ വെച്ചു, ആര്‍ക്കാണ് രാജിക്കത്ത് കൊടുത്തത് എന്നൊക്കെ ചോദിച്ചാണ് രാഹുല്‍ സംസാരിച്ചു തുടങ്ങിയത്.

പുറത്തുവന്ന ഓഡിയോയുമായി ബന്ധപ്പെട്ടോ, നടിയുടെ ആരോപണവുമായി ബന്ധപ്പെട്ടോ ഉള്ള ഒരു ചോദ്യം പോലും നേരിടാന്‍ രാഹുല്‍ തയ്യാറായില്ല.

പുറത്തുവന്ന ഓഡിയോ കളവാണോ എന്ന് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് തിടുക്കത്തില്‍ മടങ്ങുമ്പോള്‍ മാധ്യമങ്ങള്‍ ചോദിച്ച നിര്‍ണായക ചോദ്യത്തിനും രാഹുല്‍ മറുപടി നല്‍കിയില്ല.

വാര്‍ത്താ സമ്മേളനത്തിലുടനീളം കൈരളി ചാനിലിനേയും റിപ്പോര്‍ട്ടര്‍ ചാനിലിനേയും കടന്നാക്രമിച്ചായിരുന്നു രാഹുല്‍ സംസാരിച്ചത്.

ഈ വിഷയത്തില്‍ കൈരളിയുടെ തിടുക്കം തനിക്ക് മനസിലാകുമെന്നും ഒരു പരാതിക്കാരി പരാതി നേരില്‍ പറഞ്ഞിട്ടും മുകേഷ് എം.എല്‍.എക്ക് എതിരായി കൈരളിയുടെ ഒരു തിടുക്കവും ഒരു ആത്മരോഷവും താന്‍ കണ്ടില്ലെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

എ.കെ ശശീന്ദ്രന്റെ കേസ് വന്നപ്പോള്‍ ഈ വ്യഗ്രത കണ്ടില്ലല്ലോയെന്നും സര്‍ക്കാരിനെതിരായ ജനവികാരത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഇപ്പോള്‍ കൊണ്ടുവന്നതെന്നും പറഞ്ഞ് സ്വയം ന്യായീകരിക്കുകയായിരുന്നു രാഹുല്‍.

സംസാരത്തിനിടെ മാധ്യമപ്രവര്‍ത്തര്‍ ഉപ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ആദ്യം താനൊന്നും പറയട്ടെയെന്നും അതിന് ശേഷം നിങ്ങള്‍ക്ക് ചോദിക്കാനുള്ള സമയം തരാമെന്ന പറഞ്ഞ രാഹുല്‍ വളരെ വിദഗ്ധമായി മാധ്യമപ്രവര്‍ത്തകരേയും പറ്റിച്ച് തിടുക്കത്തില്‍ സ്ഥലം കാലിയാക്കി.

Content Highlight: Rahul mankoottathil Who cares attittude to medias