രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചു
Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st August 2025, 1:05 pm

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചു. ഇന്ന് രാവിലെ ഹൈക്കമാന്‍ഡ് രാജി ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.

രാഹുലിനെതിരെ ഹൈക്കമാന്‍ഡിന് പത്തോളം പരാതികള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍ എം.പിയുടെ മകള്‍ അടക്കം രാഹുലിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിയിരുന്നു.

പ്രാഥമിക പരിശോധനയില്‍ തന്നെ രാഹുലിനെതിരായ ആരോപണം ഗുരുതരമാണെന്ന നിഗമനത്തില്‍ ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു.

ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ രാഹുലിനെതിരെ വി.ഡി സതീശനും നിലപാടെടുത്തിരുന്നു. ഇത്തരത്തിലൊരു ആരോപണം ആര്‍ക്കെതിരെ വന്നാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നായിരുന്നു വി.ഡി. സതീശന്‍ പ്രതികരിച്ചത്.

പരാതി നല്‍കിയ കുട്ടിയെ വിവാദകേന്ദ്രമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ മകളെപ്പോലെ ആ കുട്ടിയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനകത്തെ ഒരാള്‍ ഇത്തരത്തിലൊരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും പാര്‍ട്ടി അതില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതിന് താന്‍ തന്നെ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ആരോപണം എപ്പോഴും ചിരിച്ചു തള്ളാനാകില്ലെന്നും രാഹുല്‍ മൗനം പാലിക്കുന്നത് ശരിയല്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി സ്‌നേഹ പറഞ്ഞിരുന്നു.

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാറി നില്‍ക്കണമെന്നും സത്യം സമൂഹത്തെ അറിയിക്കാന്‍ സംഘടനയ്ക്ക് ബാധ്യതയുണ്ടെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

Content Highlight: Rahul mankoottathil resigned