തലശ്ശേരി വിട്ട് മറ്റൊരിടത്ത് ജയിക്കാന്‍ പറ്റാത്തയാളാണോ 2031 ല്‍ ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കാന്‍ നടക്കുന്നത്; ഷംസീറിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala News
തലശ്ശേരി വിട്ട് മറ്റൊരിടത്ത് ജയിക്കാന്‍ പറ്റാത്തയാളാണോ 2031 ല്‍ ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കാന്‍ നടക്കുന്നത്; ഷംസീറിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th August 2021, 4:34 pm

കണ്ണൂര്‍: 2031 ല്‍ മുസ്‌ലിം ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന എ,.എന്‍. ഷംസീറിന്റെ പ്രസ്താവന്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. തലശ്ശേരി വിട്ട് മറ്റൊരിടത്ത് ജയിക്കാന്‍ പറ്റാത്തയാളാണോ ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കാന്‍ നടക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു.

‘ പിന്നെ 2031 ല്‍ ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറയുന്ന താങ്കള്‍, തലശ്ശേരിയൊക്കെ വിട്ട് ഒന്ന് മത്സരിച്ച് ജയിച്ചു കാണിക്കുമോ? പാര്‍ട്ടി കോട്ടകളും, ഗ്രാമങ്ങളുമുള്ള വടകര പോലും ജയിക്കുവാന്‍ പറ്റാത്ത താങ്കളാണോ ലീഗ് അക്കൗണ്ട് പൂട്ടിക്കുന്നത്,’ രാഹുല്‍ ഫേസ്ബുക്കില്‍ ചോദിച്ചു.

താടിയില്ലാത്ത മോദിയായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് പറഞ്ഞ ഷംസീറിന്റെ പ്രസ്താവനയ്ക്ക് എതിരായും രാഹുല്‍ പ്രതികരിച്ചു. മീശയും താടിയുമില്ലാത്ത കോടിയേരിയാണ് ഷംസീര്‍ എന്ന് തിരിച്ചു പറയാത്തത് കോണ്‍ഗ്രസ് സംസ്‌കാരം കൊണ്ട് മാത്രമാണെന്ന് രാഹുല്‍ പറഞ്ഞു

നിയമസഭയില്‍ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയിലായിരുന്നു ഷംസീറിന്റെ പരാമര്‍ശം.

കഴിഞ്ഞ തെരഞ്ഞെടുപ്പോട് കൂടി ലീഗ് മൂന്ന് ജില്ലകളില്‍ ഒതുങ്ങിയെന്ന് ഷംസീര്‍ പറഞ്ഞിരുന്നു.

അടുത്ത തെരഞ്ഞെടുപ്പില്‍ കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് അവകാശപ്പെട്ട ഷംസീര്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പോടെ മലപ്പുറം ജില്ലയിലെ ലീഗിന്റെ അക്കൗണ്ടും പൂട്ടിക്കുമെന്നും പറഞ്ഞിരുന്നു.

എന്നാല്‍, ലീഗിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഐസ് കട്ടയ്ക്ക് പെയ്ന്റടിക്കുന്നതുപോലെയാണെന്നായിരുന്നു നിയമസഭയില്‍ ഉപധനാഭ്യര്‍ഥനകളെ എതിര്‍ത്ത് നടത്തിയ പ്രസംഗത്തില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ പറഞ്ഞത്.

ലീഗിനെ തകര്‍ക്കാനും ഇല്ലാതാക്കാനും ഒരുപാടുപേര്‍ ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം ലീഗിനെ എതിര്‍ക്കുന്നോ അതിന്റെ ഇരട്ടിയില്‍ തിരിച്ചുവരും. അതിന് കഴിവുള്ള നേതാക്കളുണ്ടെന്നും മഞ്ഞളാംകുഴി അലി പറഞ്ഞിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയ ഷംസീര്‍,

മീശയും താടിയുമില്ലാത്ത കോടിയേരിയാണ് ഷംസീര്‍ എന്ന് തിരിച്ചു പറയാത്തത് കോണ്‍ഗ്രസ്സ് സംസ്‌കാരം കൊണ്ട് മാത്രമാണ്.

നരേന്ദ്ര മോദിയെ വിമര്‍ശിക്കുമ്പോഴും ഇന്ദിര ഗാന്ധിയെ കൂട്ടി പറയണ്ടി വരുന്നത് അന്ധമായ കോണ്‍ഗ്രസ്സ് വിരോധം കൊണ്ട് മാത്രമല്ല, സംഘപരിവാറിനോടുള്ള ഭയം കലര്‍ന്ന വിധേയത്വം കൊണ്ടാണ്. മോദിയെ വിമര്‍ശിക്കുവാനൊക്കെ ഇങ്ങനെ പേടിക്കാതെ ഷംസീറെ!

തോക്കിന്‍ കുഴലില്‍ ഊഞ്ഞാലാടി എന്നൊക്കെ പ്രാസത്തില്‍ മുദ്രാവാക്യമൊക്കെ വിളിച്ച് നടന്നിട്ട്, മോദി എന്ന് പറയാന്‍ തന്നെയുള്ള ഭയം കാണുമ്പോള്‍ സഹതാപം തോന്നുന്നു.

പിന്നെ 2031 ല്‍ ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറയുന്ന താങ്കള്‍, തലശ്ശേരിയൊക്കെ വിട്ട് ഒന്ന് മത്സരിച്ച് ജയിച്ചു കാണിക്കുമോ? പാര്‍ട്ടി കോട്ടകളും, ഗ്രാമങ്ങളുമുള്ള വടകര പോലും ജയിക്കുവാന്‍ പറ്റാത്ത താങ്കളാണോ ലീഗ് അക്കൗണ്ട് പൂട്ടിക്കുന്നത്.

നിയമസഭയില്‍ പ്രതിപക്ഷത്തെ നോക്കാ കൂവിക്കൊണ്ടിരിക്കുവാന്‍ പാര്‍ട്ടി ക്വട്ടേഷനേല്പ്പിച്ചിരിക്കുന്ന താങ്കള്‍ മാസ്‌ക് താഴ്ത്താതെ കൂവാന്‍ ശ്രദ്ധിക്കണം, കാരണം എം. ബി രാജേഷ് വീണ്ടും താങ്കളെ ‘മേശപ്പുറത്ത് വെക്കും’….ലാല്‍സലാം..


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rahul Mankoottathil AN Shamsir Muslim League