നിന്നെ കൊല്ലാന്‍ എനിക്ക് എത്ര സമയം വേണമെന്നാണ് കരുതുന്നത്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഞെട്ടിപ്പിക്കുന്ന ഫോണ്‍സംഭാഷണം പുറത്ത്
Kerala
നിന്നെ കൊല്ലാന്‍ എനിക്ക് എത്ര സമയം വേണമെന്നാണ് കരുതുന്നത്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഞെട്ടിപ്പിക്കുന്ന ഫോണ്‍സംഭാഷണം പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd August 2025, 2:32 pm

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ വീണ്ടും ഗുരുതര തെളിവുകള്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇരയാക്കിയ യുവതിയുടെ വെളിപ്പെടുത്തല്‍ ന്യൂസ് മലയാളമാണ് പുറത്തുവിട്ടത്.

വിവാഹ വാഗ്ദാനം നല്‍കി രാഹുല്‍ ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയുടെ ശബ്ദരേഖയാണ് പുറത്തുവന്നത്. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കൊന്നുകളയാനും തനിക്കാവുമെന്ന് ഓഡിയോയില്‍ രാഹുല്‍ പറയുന്നുണ്ട്.

ഗര്‍ഭാവസ്ഥ താന്‍ എങ്ങനെയെങ്കിലും മാനേജ് ചെയ്‌തോളാമെന്ന് പറയുമ്പോള്‍ അത് താന്‍ എങ്ങനെ മാനേജ് ചെയ്യും, അത് പറയ് എന്ന് പറഞ്ഞുകൊണ്ടാണ് രാഹുലിന്റെ തെറിവിളി.

തന്നോട് ഏറ്റെടുക്കാന്‍ പറഞ്ഞോ, തന്നെ ഇത് എഫക്ട് ചെയ്യാന്‍ പോകുന്നില്ലെന്ന് പെണ്‍കുട്ടി വീണ്ടും പറയുമ്പോള്‍ നിന്നെ ബാധിക്കുന്നതുകൊണ്ടല്ല, എന്റെ ലൈഫാണ് ഇല്ലാതാകുന്നത് എന്നാണ് രാഹുല്‍ പറയുന്നത്. തന്റെ അനുവാദം ഇല്ലാതെ എങ്ങനെ ഗര്‍ഭം അലസിപ്പിക്കാന്‍ പറ്റുമെന്ന് പെണ്‍കുട്ടി ചോദിക്കുന്നുണ്ട്.

ആലോചിച്ചിട്ട് പറയാമെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ ആലോചിച്ചിട്ട് മാനേജ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ എന്തുചെയ്യുമെന്നും തന്റെ ലൈഫാണ് നശിക്കുന്നതെന്നും രാഹുല്‍ പറയുന്നുണ്ട്.

ഇത് താന്‍ ഒറ്റയ്ക്ക് ഉണ്ടാക്കിയെടുത്തതല്ലെന്നും 70 ശതമാനം ഉത്തരവാദിത്തം നിനക്കാണ് എന്നും പെണ്‍കുട്ടി പറയുമ്പോഴും അധികം കിടന്ന് പിടിച്ചാല്‍ ചവിട്ടുവെച്ചുതരുമെന്നാണ് രാഹുല്‍ പറയുന്നത്. അസഭ്യവര്‍ഷത്തിലൂടെ കേട്ടലറയ്ക്കുന്ന നിരവധി വാക്കുകളാണ് രാഹുല്‍ സംഭാഷണത്തില്‍ ഉപയോഗിക്കുന്നത്.

അബോഷന് തയ്യാറല്ലെന്ന് പെണ്‍കുട്ടി ആവര്‍ത്തിക്കുമ്പോള്‍ പെണ്‍കുട്ടിയെ കാണണമെന്ന് രാഹുല്‍ ആവശ്യപ്പെടുന്നു.

തന്നോടുള്ള സ്‌നേഹം കൊണ്ടല്ല തന്നെ കാണണെന്ന് പറയുന്നത് എന്ന് വ്യക്തമായി അറിയാമെന്ന് പെണ്‍കുട്ടി പറയുന്നു.

തന്നെ എന്തെങ്കിലും കലക്കിത്തന്ന് കൊല്ലാനാണോ കാണണം എന്ന് പറയുന്നത് എന്ന് ചോദിക്കുമ്പോല്‍ നിന്നെ കൊല്ലാനാണെങ്കില്‍ എത്ര സെക്കന്റ് എനിക്ക് വേണമെന്നാണ് കരുതുന്നത് എന്നായിരുന്നു രാഹുലിന്റെ ചോദ്യം.

കൊല്ലാനാണെങ്കില്‍ കൊല്ല് എന്ന് പറഞ്ഞാണ് പെണ്‍കുട്ടി ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നത്.

Content Highlight: Rahul Mamkoottathil Shocking Audio Clip