തിരുവനന്തപുരം: ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് ജയിലിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ട്വന്റി ഫോര്‍ ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിം നടത്തിയ അഭിമുഖത്തിന് നേരെ വ്യാപകമായ വിമര്‍ശനം. പരസ്പര സ്‌നേഹവും വിനയവും ബഹുമാനവും നിറഞ്ഞതായിരുന്നു ചോദ്യങ്ങളും ഉത്തരങ്ങളുമെന്ന് സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നു. റേറ്റിങ്ങില്‍ മുന്നില്‍ വരാനായി ചാനല്‍ നടത്തിയ തന്ത്രമാണിതെന്നും വിമര്‍ശനമുണ്ട്.

അവന്‍ എന്ത് ചെയ്തു, എങ്ങിനെയൊക്കെ പെരുമാറി, എന്തൊക്ക ക്രൂരതകള്‍ കാണിച്ചു എന്ന് ഇരകളുടെ ശബ്ദത്തില്‍, അവരുടെ ദയനീയ രോദനങ്ങളില്‍, ഡിജിറ്റല്‍ തെളിവുകളില്‍ കേരളം കേട്ടതാണ്, കണ്ടതാണ്. അവയെ മായ്ച്ചു കളയാന്‍ ഒരു പി.ആര്‍ അഭിമുഖത്തിനും കഴിയില്ല.

”എല്ലാം മൊബൈലിലുണ്ട്, ഞാന്‍ കാണിച്ചു തരാം.. നോക്കാം”
”എനിക്ക് കാണേണ്ട.. നോക്കേണ്ട”
ഹോ.. എന്തൊരു പരസ്പര സ്‌നേഹം, വിശ്വാസം, വിനയം, ബഹുമാനം. ചില ചോദ്യങ്ങള്‍ ചോദിച്ചു എന്ന് വരുത്തി, വാക്ചാതുരി കൊണ്ട് കളിക്കുന്ന ഒരു പെര്‍വേട്ടിന്റെ ന്യായീകരണങ്ങള്‍ക്ക് മുന്നില്‍ പൂച്ചയെപ്പോലെ പതുങ്ങിയിരുന്ന് തലയാട്ടുന്ന പണിയെ മാധ്യമ പ്രവര്‍ത്തനം എന്നല്ല കൂട്ടിക്കൊടുപ്പ് എന്നാണ് വിളിക്കേണ്ടത്‘, മാധ്യമപ്രവര്‍ത്തകനായ ബഷീര്‍ വള്ളിക്കുന്ന് ഫേസ്ബുക്കിലൂടെ ട്വന്റി ഫോര്‍ ചാനലിന്റെ അഭിമുഖത്തെ വിമര്‍ശിച്ചു.

അതിജീവിതകളെ അപമാനിക്കുന്നതും കുറ്റപ്പെടുത്തുന്നതുമാണ് രാഹുലിന്റെ അഭിമുഖത്തിലെ വാദങ്ങള്‍. മലയാളത്തില്‍ മറ്റ് വാര്‍ത്താചാനലുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഥാപ്രസംഗം കൊണ്ട് മാത്രം പറ്റില്ലെന്ന സാഹചര്യത്തില്‍ എന്തും ചെയ്ത് പോകുമെന്ന അവസ്ഥയിലാണ് ട്വന്റി ഫോറെന്നും വയറ്റിപ്പിഴപ്പാണ് അവരെക്കൊണ്ട് ഇക്കാര്യം ചെയ്യിപ്പിച്ചതെന്നും ബഷീര്‍ വള്ളിക്കുന്നിലിന്റെ വിമര്‍ശനത്തിന് താഴെ വന്ന കമന്റുകള്‍ പ്രതികരിക്കുന്നു.

അധപതനത്തിന്റെ പുതിയ തലമൊക്കെ നമ്മുടെ മാധ്യമങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. എന്തുതരം മനുഷ്യരാണിതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍ സോഷ്യല്‍മീഡിയയിലൂടെ ചോദ്യം ചെയ്യുന്നു.

രാഹുലിനെ വെളുപ്പിക്കുന്നതിനായി എടുത്ത അഭിമുഖമായിരുന്നോ ഇതെന്നും പണം വാങ്ങിയാണോ സംപ്രേഷണം ചെയ്തതെന്നും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന അഭിമുഖത്തിന് താഴെ വന്ന കമന്റുകള്‍ ചോദിക്കുന്നു.

ട്വന്റി ഫോറിന്റെ അഭിമുഖത്തില്‍ രാഹുലിനെതിരെ ആരോപണം ഉന്നയിച്ച യുവതികളെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പ്രയോഗങ്ങളും രാഹുല്‍ നടത്തുന്നുണ്ട്. ഇക്കാര്യം ചോദ്യകര്‍ത്താവ് തന്നെ രാഹുലിനോട് ഉന്നയിക്കുന്നുമുണ്ട്.

തനിക്ക് എതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നായിരുന്നു രാഹുല്‍ അഭിമുഖത്തില്‍ അവകാശപ്പെട്ടത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുറത്തുള്ളവരാണ് ഗൂഢാലോചന നടത്തിയത്. തനിക്കെതിരായ പരാതികളില്‍ കേരളം ഞെട്ടുന്ന തരത്തിലുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവരുമെന്നും രാഹുല്‍ പറയുന്നുണ്ട്.

അതിജീവിതയുടെ പരാതി വ്യാജമാണെന്നും ചാറ്റ് പുറത്തുവിടുമ്പോള്‍ മുഴുവനായും പുറത്തുവിടണമെന്നും രാഹുല്‍ ഭീഷണി മുഴക്കുന്നു. പരാതികള്‍ ഉയര്‍ന്നപ്പോള്‍ മൗനം പാലിക്കുകയാണ് ചെയ്തത്. തന്റെ മൗനമായിരുന്നു തന്റെ സന്ദേശം, എന്നാല്‍ ആ മൗനത്തിലാണ് തനിക്കെല്ലാം പിഴച്ചതെന്നും രാഹുല്‍ വിശദീകരിച്ചു.

ഒരു സ്ത്രീക്ക് പോലും സമ്മതമില്ലാതെ ഷേയ്ക്ക് ഹാന്‍ഡ് പോലും നല്‍കിയിട്ടില്ലാത്ത വ്യക്തിയാണ് താന്‍. അത്ര ധാര്‍മ്മികത പുലര്‍ത്തുന്നയാളാണ് താനെന്നും രാഹുല്‍ അഭിമുഖത്തില്‍ പറഞ്ഞു. ഹു കെയേഴ്സ് എന്ന് പറഞ്ഞത് ഒന്നിനേയും പരിഹസിക്കാനല്ല. ജയിലില്‍ കിടക്കാനുള്ള തെറ്റ് ചെയ്തിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അവകാശപ്പെടുന്നു.

നിരവധി ലൈംഗികാരോപണങ്ങളാണ് രാഹുലിനെതിരെ ഉയര്‍ന്നിരുന്നത്. മൂന്ന് പരാതികളില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായി ജാമ്യത്തിലാണ് രാഹുലിപ്പോള്‍. നിലവില്‍ മറ്റേത് രാഷ്ട്രീയ നേതാവിനേക്കാളും കൂടുതല്‍ കാലം ജയിലില്‍ കിടന്ന നേതാവാണ് താനെന്നാണ് ഇക്കാര്യത്തെ രാഹുല്‍ വിശേഷിപ്പിച്ചത്.

തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച നടി റിന്‍ ആന്‍ ജോര്‍ജിനെ ഭീഷണിപ്പെടുത്തുന്ന തരത്തിലും വ്യക്തിഹത്യ ചെയ്യുന്ന തരത്തിലും രാഹുല്‍ പ്രയോഗങ്ങള്‍ നടത്തി. റിനിയുമായി തനിക്കുണ്ടായിരുന്നത് നല്ല സൗഹൃദമായിരുന്നെന്നും പ്രണയമായിരുന്നില്ലെന്നും തന്നോട് പൊസസീവ്‌നെസ്സ് തോന്നേണ്ട കാര്യം റിനിക്കില്ലെന്നുമായിരുന്നു രാഹുലിന്റെ വാക്കുകള്‍.

റിനി തന്നോടൊപ്പം പാലക്കാട് വെച്ച് സെല്‍ഫിയെടുത്തിരുന്നെന്നും റിനിയുടെ അമ്മയ്ക്ക് താന്‍ പിറന്നാള്‍ ആശംസകള്‍ പോലും നേര്‍ന്നിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

പരിചയപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ തന്നെ മോശമായി പെരുമാറിയെന്ന റിനിയുടെ ആരോപണം തള്ളിക്കൊണ്ടായിരുന്നു രാഹുലിന്റെ വിശദീകരണം. തെളിവായി റിനിയുമായുള്ള മുഴുവന്‍ ചാറ്റും പുറത്തുവിടാന്‍ തയ്യാറാണെന്നും രാഹുല്‍ പറഞ്ഞു.

എല്ലാം പുറത്തുപറഞ്ഞാല്‍ ചാറ്റ് പുറത്തിവിടുമെന്ന് പറയുന്നത് ഭീഷണിപ്പെടുത്തലാണോ എന്ന അവതാരകന്റെ ചോദ്യത്തോട് അങ്ങനെയല്ലെങ്കില്‍ എങ്ങനെയാണ് തന്റെ നിരപരാധിത്വം തെളിയിക്കേണ്ടതെന്നായിരുന്നു രാഹുലിന്റെ ചോദ്യം.

കര്‍ഷക സമരത്തിന്റെ സമയത്ത് ദല്‍ഹിയിലേക്ക് ക്ഷണിച്ചെന്നും മോശമായി പെരുമാറിയെന്നുമുള്ള എം.എ ഷഹനാസിന്റെ പ്രതികരണം തന്നെ ഞെട്ടിച്ചെന്ന് രാഹുല്‍ വിശദീകരിക്കുന്നുണ്ട്. ഷഹനാസ് പാലക്കാട് മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടു. മാനനഷ്ടത്തിന് കേസ് നല്‍കാന്‍ ഷഹനാസ് പറഞ്ഞെന്നും രാഹുല്‍ ആരോപിച്ചു.

പരാതിക്കാരിയോട് ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും സത്യാവസ്ഥയുടെ പത്ത് ശതമാനം പുറത്തുവന്നിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. പുറത്തുവന്ന ഓഡിയോകളെയും കോടതി അംഗീകരിച്ച തെളിവുകളെയും വെല്ലുവിളിക്കുന്നതാണ് രാഹുലിന്റെ വാദങ്ങള്‍. മൂന്നാമത്തെ കേസിലെ പരാതിക്കാരിയോട് ഫ്ളാറ്റ് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ അവകാശപ്പെടുന്നുണ്ട്.

Content Highlight: Rahul Mamkoottathil rejects Allegations in 24 news  channel interview, social media criticizes