പാലക്കാട്: യുവതിയുടെ പരാതിയില്‍ ബലാത്സംഗവും ഗര്‍ഭഛിദ്രവുമടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലുള്ളതായി റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച രാവിലെ കുറച്ച് സമയം രാഹുലിന്റെ മൊബൈല്‍ ഫോണ്‍ ഓണ്‍ ആയിരുന്നു. ഈ സിഗ്നല്‍ നിരീക്ഷിച്ച് രാഹുലിന്റെ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
മുന്‍കൂര്‍ ജാമ്യഹരജിയെ തന്റെ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടവുമായി സംസാരിക്കാന്‍ വേണ്ടിയായിരിക്കാം രാഹുല്‍ ഫോണ്‍ ഉപയോഗിച്ചതെന്നാണ് കരുതുന്നത്.
യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയത്. ഇതിന് മുമ്പ് സത്യം ജയിക്കുമെന്ന് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടാവുമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
നിലവില്‍ പാലക്കാട് ജില്ല വിട്ട് പുറത്ത് പോയാല്‍ അത് മുന്‍കൂര്‍ ജാമ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന നിയമോപദേശം ഉള്ളതിനാല്‍ ജില്ലയില്‍ തന്നെ ഒളിച്ചിരിക്കാനാണ് സാധ്യത എന്നാണ് പൊലീസ് നിഗമനം.
രാഹുല്‍ സംസ്ഥാനം വിടാനും വിദേശത്തേക്ക് കടക്കാനുമുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് കഴിഞ്ഞ ദിവസം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മറ്റേതോ വാഹനത്തിലാണ് രാഹുല്‍ കടന്നത്.
എം.എല്‍.എയെ പൊലീസ് പിടികൂടാന്‍ ശ്രമം തുടരുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ കേസിലെ സാക്ഷി മൊഴികള്‍ രേഖപ്പെടത്തും. ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥകളുണ്ടായ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറുടേതടക്കമുള്ള മൊഴികളാണ് ഇന്ന് രേഖപ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തും.
പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതും വൈദ്യപരിശോധനയും കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു.
അതേസമയം, പെണ്‍കുട്ടിയുമായി തനിക്ക് സൗഹൃദം മാത്രമാണുള്ളതെന്നും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നുമാണ് മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വാദിക്കുന്നത്.
അറസ്റ്റ് തടയണമെന്നും തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. യുവതിയുടെ വാദങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അവകാശപ്പെട്ടു.
മാധ്യമങ്ങളാണ് തനിക്കെതിരെ ഇത്തരം ആക്ഷേപങ്ങള്‍ പ്രചരിപ്പിച്ചത്. ആരോപണങ്ങള്‍ എല്ലാം രാഷ്ടീയ പ്രേരിതമാണെന്നും രാഹുല്‍ പറയുന്നു.
നേരത്തെ വിവാഹിതയായ പെണ്‍കുട്ടിയുമായി ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും ഗര്‍ഭത്തിന് ഉത്തരവാദി പെണ്‍കുട്ടിയുടെ ഭര്‍ത്താവാണെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു മാസം മാത്രമേ വിവാഹബന്ധം നീണ്ടുനിന്നതെന്നും, നാല് ദിവസം മാത്രമേ പങ്കാളിയുമായി ഒന്നിച്ച് താമസിച്ചതെന്നും യുവതി പൊലീസില്‍ മൊഴി നല്‍കിയിരുന്നു.
Content Highlight: Rahul Mamkoottathil MLA, who went into hiding, is reportedly in a secret center in Palakkad.