തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ (വ്യാഴം). കേസ് നാളെ വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങളും തെളിവുകളും പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി അറിയിച്ചു. അതേസമയം രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് തടസങ്ങളില്ല.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. വാദങ്ങളെ സാധൂകരിക്കുന്ന കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.
ഈ രേഖകള്‍ കൂടി പരിശോധിച്ച്, അന്തിമ വാദം കേട്ടതിന് ശേഷമായിരിക്കും വിധി പറയുക. നാളെ 11 മണിയോടെ ഒന്നാമത്തെ കേസായി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമെന്നാണ് വിവരം.
അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന രാഹുലിന്റെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് കേസില്‍ കോടതി ഇന്ന് വാദം കേട്ടത്. ഒന്നേമുക്കാല്‍ മണിക്കൂറോളമാണ് കേസില്‍ വാദമുണ്ടായത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷന്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഈ ഘട്ടത്തില്‍ രാഹുല്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ട്. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു