കുറ്റം ചെയ്തിട്ടില്ല, നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും ബോധ്യപ്പെടുത്തും; പരാതിക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala News
കുറ്റം ചെയ്തിട്ടില്ല, നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും ബോധ്യപ്പെടുത്തും; പരാതിക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th November 2025, 5:55 pm

തിരുവനന്തപുരം: സ്ത്രീപീഡന, ഗര്‍ഭഛിദ്ര പ്രേരണ ആരോപണങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ തനിക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യം തനിക്കുണ്ടെന്നും നിയമപരമായി നീങ്ങും എന്നുമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എഴുതിയത്.

കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടും. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും. സത്യം ജയിക്കും എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിലെഴുതിയത്.

സെക്രട്ടറിയേറ്റില്‍ കുടുംബാഗങ്ങള്‍ക്കൊപ്പം നേരിട്ടെത്തിയാണ് അതിജീവിത രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചു കൊണ്ടാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്നാണ് പരാതിയിലുള്ളത്. രാഹുലിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

തെളിവുകളുള്‍പ്പടെയാണ് യുവതി സെക്രട്ടറിയേറ്റിലെത്തി പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ വധഭീഷണി മുഴക്കുന്നതടക്കമുള്ള ഡിജിറ്റല്‍ തെളിവുകളാണ് അതിജീവിത കൈമാറിയത്.

മുഖ്യമന്ത്രി ഈ പരാതി പൊലീസ് മേധാവിക്കും, പൊലീസ് മേധാവി അന്വേഷണ സംഘത്തിനും കൈമാറും.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികചൂഷണം നടത്തുകയും, പിന്നീട് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു എന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുള്ളത്.

തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നതായും യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

യുവതിക്കും ഗര്‍ഭസ്ഥശിശുവിനും നേരെ മാങ്കൂട്ടത്തില്‍ കൊലവിളി നടത്തുന്നതിന്റെയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നതിന്റെ വാട്‌സ്ആപ്പ് ചാറ്റുകളും ശബ്ദരേഖകളും നേരത്തെ പുറത്തുവന്നിരുന്നു.

ഈ ശബ്ദരേഖയുടെയും ചാറ്റുകളുടെയും അടിസ്ഥാനത്തില്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പൊലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

 

Content Highlight: Rahul Mamkootathil reacts to woman filing complaint against him to Chief Minister