'ഇത് കമ്മീഷന്‍ വാങ്ങിയിട്ട് തന്നെ'; രാഹുല്‍ ഈശ്വര്‍ വിഷയം ചര്‍ച്ചയ്‌ക്കെടുത്ത നിഷാദ് റാവുത്തറിനെതിരെ കോണ്‍ഗ്രസ്-ലീഗ് അനുകൂലികളുടെ സൈബര്‍ ആക്രമണം
Kerala
'ഇത് കമ്മീഷന്‍ വാങ്ങിയിട്ട് തന്നെ'; രാഹുല്‍ ഈശ്വര്‍ വിഷയം ചര്‍ച്ചയ്‌ക്കെടുത്ത നിഷാദ് റാവുത്തറിനെതിരെ കോണ്‍ഗ്രസ്-ലീഗ് അനുകൂലികളുടെ സൈബര്‍ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd December 2025, 4:57 pm

കോഴിക്കോട്: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വലത് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയ്ക്കെടുത്ത മീഡിയവണ്‍ മാധ്യമപ്രവര്‍ത്തകന്‍ നിഷാദ് റാവുത്തറിനെതിരെ സൈബര്‍ ആക്രമണം.

ഇന്നലെ (തിങ്കള്‍) ‘വെട്ടുകിളികളുടെ രക്ഷിതാവാര്’ എന്ന തലക്കെട്ടോടുകൂടി നിഷാദ് റാവുത്തര്‍ നടത്തിയ ‘സ്‌പെഷ്യല്‍ എഡിഷന്‍’ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സൈബറിടങ്ങളില്‍ ആക്രമണം ആരംഭിച്ചത്. അധിക്ഷേപകരമായ പ്രയോഗങ്ങള്‍ ഉപയോഗിച്ചും തെറിവിളിച്ചുമാണ് നിഷാദിനെതിരായ സൈബര്‍ ആക്രമണം നടക്കുന്നത്.

കമ്മീഷന്‍ കൈപ്പറ്റിയായിരിക്കും നിഷാദ് റാവുത്തര്‍ രാഹുല്‍ മാങ്കൂട്ടത്തില്‍-ഈശ്വര്‍ വിഷയത്തെ ചര്‍ച്ചയ്ക്കെടുത്തതെന്നാണ് ഇക്കൂട്ടരുടെ പ്രധാന ആരോപണം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിമയാണ് റാവുത്തര്‍, ഒരു പെണ്ണ് വിചാരിച്ചാല്‍ നിന്നെയും ഇതുപോലെ കുടുക്കാന്‍ കഴിയും, നിങ്ങള്‍ ഒരു അവസരവാദിയാണ് തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കോണ്‍ഗ്രസ്-ലീഗ് അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ് ഇത്തരം കമന്റുകള്‍ ഉയരുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പറയുന്നത്.

ഇത്തരം ചര്‍ച്ചകള്‍ നടത്താന്‍ മീഡിയവണ്ണിന് നാണമുണ്ടോയെന്നാണ് കോണ്‍ഗ്രസ്-ലീഗ് അനുകൂലികളുടെ ചോദ്യം. റാവുത്തറിന്റെ ചര്‍ച്ച കണ്ടതോടെ മീഡിയവണ്ണിനോടുള്ള താത്പര്യം കുറഞ്ഞുവെന്നും ചിലര്‍ പ്രതികരിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെയും രാഹുല്‍ ഈശ്വറിനെയും പിന്തുണക്കുന്ന കോണ്‍ഗ്രസിനുള്ളിലെ നേതാക്കന്മാരെയും പ്രവര്‍ത്തകരെയും മറ്റു അനുകൂലികളെയും നിശിതമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു നിഷാദിന്റെ ചര്‍ച്ച. സി.പി.ഐ.എം നേതാവ് ജെയ്ക് സി. തോമസ്, കോണ്‍ഗ്രസ് സഹയാത്രികന്‍ എന്‍. ശ്രീകുമാര്‍, രാഹുല്‍ അനുകൂലി അജിത് കുമാര്‍ എന്നിവരാണ് സ്‌പെഷ്യല്‍ എഡിഷനില്‍ പങ്കെടുത്തത്.

നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ മറ്റൊരു പെണ്‍കുട്ടിയും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഹോട്ടല്‍ മുറിയില്‍ കയറി ക്രൂരമായി പീഡിപ്പിച്ചെന്നും ശരീരത്തില്‍ മുറിവേല്‍പ്പിച്ചെന്നുമാണ് പരാതി.

വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ചെന്നും ക്രൂരമായി ബലാത്സംഗം ചെയ്തെന്നും പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തിലും രാഹുല്‍മാരെ വിമര്‍ശിക്കുന്നവര്‍ക്കെതിരായ സൈബര്‍ ആക്രമണം തുടരുകയാണ്.

Content Highlight: Rahuls issue; Cyber ​​attack on journalist Nishad Rawther