തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
നാളെ (ശനി) തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമെന്നാണ് വിവരം. യുവതിയുമായുള്ളത് സൗഹൃദം മാത്രമാണെന്നും എഫ്.ഐ.ആര്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ താന്‍ ചെയ്തിട്ടില്ലെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
അറസ്റ്റ് തടയണമെന്നും തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. യുവതിയുടെ വാദങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അവകാശപ്പെട്ടു.
മാധ്യമങ്ങളാണ് തനിക്കെതിരെ ഇത്തരം ആക്ഷേപങ്ങള്‍ പ്രചരിപ്പിച്ചത്. ആരോപണങ്ങള്‍ എല്ലാം രാഷ്ടീയ പ്രേരിതമാണെന്നും രാഹുല്‍ പറയുന്നു.
അതേസമയം ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് യുവതി നേരിട്ട് പരാതി നല്‍കിയതിന് പിന്നാലെയാണ് മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വലിയമല പൊലീസാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. ശേഷം നേമം പൊലീസിന് കേസ് കൈമാറി.
ലൈംഗിക പീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വധഭീഷണി, വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനം തുടങ്ങിയ ആരോപണങ്ങളായിരുന്നു യുവതിയുടെ പരാതിയിലുണ്ടായിരുന്നത്. നിലവില്‍ ഗര്‍ഭഛിദ്രത്തിനാണ് പ്രധാനമായും കേസെടുത്തത്.