ആദിവാസികള്‍ എതിര്‍ത്തു; പക്ഷേ 1.5 കോടി മരം വിറ്റ് അദാനിക്ക് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തണം: ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിക്കെതിരെ രാഹുല്‍ ഗാന്ധി
India
ആദിവാസികള്‍ എതിര്‍ത്തു; പക്ഷേ 1.5 കോടി മരം വിറ്റ് അദാനിക്ക് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തണം: ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിക്കെതിരെ രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th June 2026, 9:45 pm

ന്യൂദല്‍ഹി: നിക്കോബാര്‍ ദ്വീപുകളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പദ്ധതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള വീഡിയോകളും രാഹുല്‍ ഗാന്ധി പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോയിലും സമൂഹ മാധ്യമ പോസ്റ്റുകളിലുമായാണ് രാഹുല്‍ ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ വിമര്‍ശിച്ചിട്ടുള്ളത്.

നിക്കോബാര്‍ സന്ദര്‍ശിച്ച ശേഷം രാഹുല്‍ തയ്യാറാക്കിയതാണ് വീഡിയോകള്‍. ദ്വീപിന് സമീപത്തെ പവിഴപ്പുറ്റുകളില്‍ രാഹുല്‍ സ്‌കൂബ ഡൈവിങ് നടത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

നിക്കോബാറില്‍ ആദിവാസികളും കുടിയേറ്റക്കാരും അടക്കമുള്ളവരെ താന്‍ കണ്ട് സംസാരിച്ചതായി രാഹുല്‍ സമൂഹ മാധ്യമ പോസ്റ്റില്‍ അറിയിച്ചു. ഇരു വിഭാഗങ്ങളിലുള്ളവരുടെയും ഭൂമിയിലുള്ള അവകാശത്തെ ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി അപകടത്തിലാക്കുന്നു. ആദിവാസികളുടെ അനുമതി ഇല്ലാതെയാണ് ഭൂമി ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഈ പദ്ധതിക്കായി കവര്‍ന്നെടുക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ രാഹുല്‍ പറഞ്ഞു.

വ്യവസായി ഗൗതം അദാനിയെ സഹായിക്കാനാണ് ഈ പദ്ധതി എന്ന് രാഹുല്‍ വീഡിയോയില്‍ പറയുന്നു. പ്രതിരോധ ആവശ്യത്തിന് ഗുണകരമാണ് ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി എന്ന വാദത്തെ വീഡിയോയില്‍ രാഹുല്‍ ചോദ്യം ചെയ്യുന്നു. നിലവില്‍ ഐ.എന്‍.എസ് ബാസ് എന്ന നാവിക സേനാ കേന്ദ്രം നിക്കോബാറിലുണ്ട്. ഇത് വിപുലീകരിക്കുക എന്നതാണ് പ്രതിരോധ രംഗത്ത് ചെയ്യേണ്ടതെന്ന് രാഹുല്‍ പറഞ്ഞു.

ഇന്ത്യയുടെ ട്രാന്‍ഷിപ്പ്‌മെന്റ് തുറമുഖം എന്ന നിലക്കാണ് നിക്കോബാറിലെ പദ്ധതിയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതെങ്കില്‍ നിലവില്‍ കേരളത്തിലെ വിഴിഞ്ഞത്ത് ട്രാന്‍ഷിപ്പ്‌മെന്റ് തുറമുഖം വന്നിട്ടുണ്ട്. പ്രതിരോധത്തിന് വേണ്ടിയാണ് പദ്ധതി എന്ന് വാദിക്കുന്നവര്‍ അദാനിയുടെ പങ്ക് മറച്ച് വയ്ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

പദ്ധതിക്കായി മുറിക്കുന്ന മരങ്ങളുടെ കണക്കിലും കേന്ദ്രം കള്ളം പറയുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഒരു ഹെക്ടറില്‍ 145 മരം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഏതാനും മീറ്ററില്‍ തന്നെ 145 മരങ്ങള്‍ ഉണ്ട്. 1.5 കോടി മരങ്ങള്‍ പദ്ധതി പ്രദേശത്ത് നിന്ന് അപഹരിക്കാനാണ് അദാനിയുടെ ശ്രമമെന്നും രാഹുല്‍ പറയുന്നു.

മരമൊന്നിന് മൂന്ന് ലക്ഷം വരെ വില വരും. ഇങ്ങനെയുള്ള 1.5 കോടി മരങ്ങള്‍ വിറ്റ് സ്വന്തം വ്യവസായത്തിന് പണം കണ്ടെത്താനാണ് അദാനി ശ്രമിക്കുന്നത്. ഈ പണം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയില്‍ ചിലവഴിച്ച് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്താനാണ് അദാനിയുടെ നീക്കമെന്നും രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഐ.എന്‍.എസ് ബാസ് വിപുലീകരണത്തിനായി ആവശ്യപ്പെടുന്നുണ്ട്. പ്രതിരോധമാണ് ലക്ഷ്യമെങ്കില്‍ ഐ.എന്‍.എസ് ബാസിന് വിപുലീകരിക്കാന്‍ ഉള്ള അവകാശം നല്‍കണം. ഐ.എന്‍.എസ് ആവശ്യമായ അത്രയും വിപുലീകരിക്കാന്‍ പറ്റും. കാട് വെട്ടിത്തെളിക്കാതെ തന്നെ ആ വിപുലീകരണം സാധിക്കും.

ദ്വീപിലെ കുടിയേറ്റക്കാരായ മനുഷ്യരെ അവരുടെ ഭൂമിയില്‍ നിന്ന് പദ്ധതിക്ക് വേണ്ടി പുറത്താക്കിയിട്ടുണ്ട്. വനാവകാശ നിയമം പ്രകാരം പ്രദേശത്തെ ആദിവാസികളുടെ ഗ്രാമസഭ ചേര്‍ന്ന് പദ്ധതിക്കായുള്ള സമ്മതം നേടിയിട്ടില്ല. പകരം വ്യാജ പ്രതിനിധികളാണ് ഗ്രാമസഭകളില്‍ പങ്കെടുത്തതെന്നും രാഹുല്‍ ആരോപിച്ചു. ദ്വീപിലെ നിക്കോബാറി സമുദായക്കാര്‍ ഈ പദ്ധതിയെ അനുകൂലിക്കുന്നില്ല. തങ്ങളുടെ കാടുകളിലേക്ക് വരരുത് എന്നാണ് ആദിവാസികള്‍ ഈ പദ്ധതിയെക്കുറിച്ച് പറയുന്നതെന്നും വീഡിയോയില്‍ പറയുന്നു.

ആദിവാസികളെ അവരുടെ അവകാശത്തില്‍ നിന്ന് ആട്ടിയോടുക്കകയാണെന്നും ഒരു വീഡിയോയില്‍ രാഹുല്‍ പറയുന്നു. ആദിവാസികള്‍ക്ക് സമ്മതമല്ലായിരുന്നു, പക്ഷേ അദാനിക്ക് ഇത് വേണമെന്നതിനാല്‍ സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോവുകയാണെന്നും രാഹുല്‍ പറഞ്ഞു.

Content highlight: Rahul Gandhi videos about Great Nicobar Project- Against Adani