എഡിറ്റര്‍
എഡിറ്റര്‍
‘പ്രധാനമന്ത്രിയെ അവഹേളിക്കാന്‍ ഞങ്ങളുടെ പാര്‍ട്ടി ബി.ജെ.പിയല്ല’; ട്വീറ്റുകള്‍ പിഡിയും താനും വീതിച്ചെടുക്കുകയാണെന്നും രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Sunday 12th November 2017 4:49pm

അഹമ്മദാബാദ്: പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുമെങ്കിലും അദ്ദേഹത്തിന്റെ പദവിയെ ഒരിക്കലും അവഹേളിക്കില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്തിലെ ബനസ്‌കന്ദയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതില്‍ ബി.ജെ.പിക്ക് അതൃപ്തിയുണ്ട്. കാരണം സത്യങ്ങള്‍ മാത്രമാണ് ഞങ്ങള്‍ പറയുന്നത്. മോദിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുമെങ്കിലും അദ്ദേഹം വഹിക്കുന്ന പദവിയോട് ഒരിക്കലും ബഹുമാനക്കുറവ് കാണിക്കില്ല. മുന്‍ പ്രധാനമന്ത്രിയോട് തികച്ചും അനാദരവോടെയാണ് പ്രധാനമന്ത്രി പദത്തില്‍ എത്തുന്നതിനുമുമ്പ് മോദി പെരുമാറിയിരുന്നതെന്നും രാഹുല്‍ ആരോപിച്ചു. തങ്ങള്‍ അങ്ങനെയല്ലെന്നും ഇതുതന്നെയാണ് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുളള പ്രധാന വ്യത്യാസം. മോദി തങ്ങളെക്കുറിച്ച് എന്തുപറഞ്ഞാലും പ്രശ്മില്ല. ഞങ്ങളുടെ വിമര്‍ശനങ്ങള്‍ ഒരിക്കലും ഒരു പരിധിക്കപ്പുറം പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ട്വിറ്റര്‍ സന്ദേശങ്ങളില്‍ വന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. തനിക്കു വേണ്ടി ട്വീറ്റ് ചെയ്യുന്നത് ‘പിഡി’ എന്ന വളര്‍ത്തുനായയാണെന്ന മറുപടിയായിരുന്നു ആദ്യമെങ്കിലും പിന്നീടദ്ദേഹം ഗൗരവത്തിലേക്ക് കടന്നു. തനിക്കു പറയാനുള്ളതെല്ലാം എന്റെ സോഷ്യല്‍ മീഡിയ ടീമംഗങ്ങളുമായി ഞാന്‍ ചര്‍ച്ച ചെയ്യാറുണ്ട്. അതേക്കുറിച്ച് എനിക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞ് ഒരുമിച്ചു സംസാരിച്ച് ചില മാറ്റങ്ങള്‍ വരുത്തും. അതാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, രാഷ്ട്രീയസ്വഭാവമുള്ള ട്വിറ്റര്‍ പോസ്റ്റുകള്‍ തന്റെ മാത്രം കാഴ്ചപ്പാടാണെന്നും രാഹുല്‍ വിശദീകരിച്ചു.


Also Read: ‘കൗതുകം ലേശം കൂടുതലാ, മാപ്പാക്കണം’; ആരാധകരുടെ ‘ചതിയില്‍’ കളിക്കളത്തില്‍ ചമ്മി ഐസായി എല്ലിസ് പെറി; ചിരിയടക്കാനാവാതെ സറയും


ഇരു പാര്‍ട്ടികളിലെയും സോഷ്യല്‍ മീഡിയ ടീമിനെ താരതമ്യപ്പെടുത്തുകയുമുണ്ടായി അദ്ദേഹം. ഇവിടെയിരിക്കുന്ന നിങ്ങളെ നോക്കിയാല്‍ പുഞ്ചിരിക്കുന്ന മുഖങ്ങള്‍ മാത്രമേ എനിക്കു കാണാനാകുന്നുള്ളൂ. എന്നാല്‍, ബി.ജെ.പിയുടെ ഇത്തരം യോഗങ്ങളില്‍ ഇതല്ല സ്ഥിതിയെന്നും മുഖത്ത് ചെറിയൊരു പുഞ്ചിരി പോലുമില്ലാതെയാണ് ബി.ജെ.പിയിലെ സോഷ്യല്‍ മീഡിയ ടീമംഗങ്ങള്‍ യോഗങ്ങളില്‍ പങ്കെടുക്കാറുള്ളത്. ഇത്തരത്തില്‍ ബി.ജെ.പിക്കാര്‍ ദേഷ്യവും വെറുപ്പും പടര്‍ത്തുമ്പോള്‍, നമുക്കതു ചെയ്യാനാവില്ല. നിങ്ങളുടെ ജീവിതം മുഴുവനായും ഇതിനായി മാറ്റിവച്ചാലും ഇതു സാധ്യമാകില്ല. കാരണം നിങ്ങള്‍ ഒരു കോണ്‍ഗ്രസുകാരനാണ്. അവര്‍ ബിജെപിക്കാരുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ രാഹുല്‍ നടത്തുന്ന ത്രിദിന നവസര്‍ജന്‍ യാത്ര നാളെയാണ് അവസാനിക്കുന്നത്. വടക്കന്‍ ഗുജറാത്തിലായിരുന്നു രാഹുലിന്റെ പ്രധാന പര്യടനങ്ങള്‍.

Advertisement