ഗ്യാസ് ഉപേക്ഷിച്ച് അടുപ്പിലേക്ക് മടങ്ങുന്നു; മോദിയുടെ വികസന വണ്ടി പിറകോട്ടാണ് സഞ്ചരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി
national news
ഗ്യാസ് ഉപേക്ഷിച്ച് അടുപ്പിലേക്ക് മടങ്ങുന്നു; മോദിയുടെ വികസന വണ്ടി പിറകോട്ടാണ് സഞ്ചരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th November 2021, 3:53 pm

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനം പിറകോട്ടാണ് സഞ്ചരിക്കുന്നതെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. രാജ്യത്തെ ഭീമമായ പാചകവാതക വിലവര്‍ധനയുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.

‘ലക്ഷക്കണക്കിന് കുടുംബങ്ങള്‍ വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മോദിജിയുടെ വികസന വാഹനം റിവേഴ്‌സ് ഗിയറിലാണ് ഓടുന്നത്. അതിന്റെ ബ്രേക്കുകളും നഷ്ടപ്പെട്ടിരിക്കുന്നു,’ രാഹുല്‍ ട്വീറ്റ് ചെയ്തു.

ഇതിനോടൊപ്പം ഗ്രാമങ്ങളിലെ 42 ശതമാനം പേരും പാചകവാതകത്തിന്റെ ഉപയോഗം നിര്‍ത്തിയെന്ന റിപ്പോര്‍ട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഈ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമ ബംഗാളിലെ ഝാര്‍ഗ്രം, വെസ്റ്റ് മിഡ്‌നാപൂര്‍ എന്നിവിടങ്ങളിലെ ഉള്‍ഗ്രാമങ്ങളിലുള്ള 42 ശതമാനം കുടുംബങ്ങള്‍ പാചകവാതക സിലിണ്ടറുകള്‍ ഉപേക്ഷിച്ചുവെന്നാണ് പറയുന്നത്.

പ്രധാന്‍മന്ത്രി ഉജ്വല യോജന വഴി രാജ്യത്തെ എല്ലായിടത്തും ഗ്യാസ് കണക്ഷന്‍ ലഭ്യമായി എന്ന വാദങ്ങളെ പൊളിക്കുന്നതാണ് സര്‍വേ റിപ്പോര്‍ട്ട്.

‘ഝാര്‍ഗ്രമിലേയും വെസ്റ്റ് മിഡ്‌നാപൂരിലേയും 13 ബ്ലോക്കുകളിലെ 100 പഞ്ചായത്തുകളിലായി 560 കുടുംബങ്ങളിലാണ് ഞങ്ങള്‍ സര്‍വേ നടത്തിയത്. ഇതില്‍ 42 ശതമാനം പേരും ഗ്യാസ് കണക്ഷന്‍ ഒഴിവാക്കി വിറകുകളിലേക്ക് മടങ്ങിയതായി കാണുന്നു,’ സര്‍വേ നടത്തിപ്പുകാരിലൊരാളായ പ്രവത് കുമാര്‍ പറയുന്നു.

2016 ലാണ് പ്രധാന്‍മന്ത്രി ഉജ്വല യോജന പദ്ധതി പുറത്തിറക്കിയത്. 2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന പ്രചരാണയുധമായിരുന്നു ഇത്.

രാജ്യത്തെ 98 ശതമാനം പേരും പദ്ധതിയുടെ ഉപയോക്താക്കളായി എന്നായിരുന്നു ബി.ജെ.പിയുടെ പ്രചരണം.

എന്നാല്‍ പദ്ധതി പ്രകാരം ഗ്യാസ് കണക്ഷന്‍ എടുത്തവരില്‍ നല്ലൊരു ശതമാനം പേരും ഇതില്‍ നിന്ന് പിന്മാറിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

2020 സെപ്റ്റംബറില്‍ 620.50 രൂപയുണ്ടായിരുന്ന ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 2021 നംവബര്‍ 5 ന് 926 രൂപയാണ്.

നവംബര്‍ മൂന്നിന് രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 266 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് വില 2000 കടന്നു. ദല്‍ഹിയില്‍ 2000.5 മുംബൈയില്‍ 1950 കൊല്‍ക്കത്തയില്‍ 2073.50, ചെന്നൈയില്‍ 2133 എന്നിങ്ങനെയാണ് പുതിയ വില.

കഴിഞ്ഞ മാസമാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്. ഒരു സിലിണ്ടറിന് 15 രൂപ എന്ന നിരക്കിലായിരുന്നു വില വര്‍ധനവ്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം 

Content Highlight: Rahul Gandhi Slams PM Modi Over Gas Price Hike