'ശ്വാസം മുട്ടുന്ന ജനങ്ങളെക്കാള്‍ വലുത് പ്രധാനമന്ത്രിയുടെ ഈഗോയാണ്'; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
national news
'ശ്വാസം മുട്ടുന്ന ജനങ്ങളെക്കാള്‍ വലുത് പ്രധാനമന്ത്രിയുടെ ഈഗോയാണ്'; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th May 2021, 9:45 pm

ന്യൂദല്‍ഹി: കൊവിഡിന്റെ പിടിയില്‍പ്പെട്ട് ശ്വാസം മുട്ടുന്ന ജനങ്ങളെക്കാള്‍ വലുതാണ് പ്രധാനമന്ത്രിയുടെ ഈഗോയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ജീവനുവേണ്ടി ആളുകള്‍ നെട്ടോട്ടമോടുമ്പോള്‍ കോടികള്‍ ചെലവിട്ട് പാര്‍ലമെന്റ് കെട്ടിടം നവീകരിക്കാനാണ് മോദിയ്ക്ക് തിടുക്കമെന്നും രാഹുല്‍ പറഞ്ഞു.

‘ജനങ്ങളുടെ ജീവനെക്കാള്‍ വലുതാണ് പ്രധാനമന്ത്രിയുടെ ഈഗോ. സെന്‍ട്രല്‍ വിസ്ത പദ്ധതിയ്ക്ക് ചെലവാക്കുന്ന കോടികള്‍ ഏകദേശം 45 കോടി ഇന്ത്യാക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഉപയോഗിക്കാം. അതുമല്ലെങ്കില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങാന്‍ ഉപയോഗിക്കാം,’ രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മ്മിക്കാന്‍ അന്തിമസമയം നിശ്ചയിച്ച കേന്ദ്രസര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു.

ഓക്സിജനും വാക്സിനും ആശുപത്രി കിടക്കകളും മരുന്നുകളും ലഭിക്കാതെ രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ടതിന് പകരം 13000 കോടി ചിലവാക്കി പ്രധാനമന്ത്രിയുടെ വസതി നിര്‍മ്മിക്കുകയാണോ വേണ്ടതെന്ന് പ്രിയങ്ക ചോദിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ ഓക്സിജന് കടുത്ത ക്ഷാമം ഉള്ളതായുള്ള വാര്‍ത്തകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കേന്ദ്രത്തിന്റെ നടപടിക്കെതിരെ പ്രിയങ്ക രംഗത്തെത്തിയത്.

‘ഓക്സിജന്‍, വാക്സിനുകള്‍, ആശുപത്രി കിടക്കകള്‍, മരുന്നുകള്‍ എന്നിവയുടെ അഭാവത്തില്‍ രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍, അതിന് വേണ്ട നടപടികള്‍ സ്വീകരിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ടിതിന് പകരം 13000 കോടി ചിലവഴിച്ച് പ്രധാനമന്ത്രിയ്ക്ക് വസതി നിര്‍മ്മിക്കുകയാണ്. സര്‍ക്കാര്‍ എന്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്’, പ്രിയങ്ക പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rahul Gandhi Slams Narendra Modi