ന്യൂദല്‍ഹി: ലോക മഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമായിട്ടാണ് ഇന്ത്യയില്‍ ലോക് ഡൗണ്‍ നടപ്പാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ സാധാരണക്കാരെ വളരെ പരിതാപകരമായിട്ടാണ് ലോക് ഡൗണ്‍ ബാധിച്ചിട്ടുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
”ലോക്ക്ഡൗണ്‍ ഇന്ത്യയില്‍ നടപ്പാക്കിയ രീതി ലോകമഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമായ രീതിയിലാണ്. ലോക മഹായുദ്ധകാലത്ത് പോലും ലോകം ഇങ്ങനെ അടച്ചുപൂട്ടിക്കാണുമെന്ന് എനിക്ക് തോന്നുന്നില്ല,” രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തെ സാധാരണക്കാരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും സംബന്ധിച്ച് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലാണ് രാഹുലിന്റെ പരമര്‍ശം.
ഇന്ത്യയില്‍ വളരെ നിര്‍ദ്ദയമായ രീതിയിലാണ് ലോക് ഡൗണ്‍ നടപ്പാക്കിയതെന്ന് രാജീവ് ബജാജ് അഭിപ്രായപ്പെട്ടു.
ഇതുപോലൊരു ലോക് ഡൗണിനെക്കുറിച്ച് ലോകത്തെവിടേയും താന്‍ കേട്ടിട്ടില്ലെന്നും നിര്‍ദ്ദയമായിട്ടാണ് ഇന്ത്യ ലോക് ഡൗണ്‍ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.