അണ്ണാ ഡി.എം.കെ ബി.ജെ.പിക്ക് മുമ്പില്‍ കീഴടങ്ങി; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
national news
അണ്ണാ ഡി.എം.കെ ബി.ജെ.പിക്ക് മുമ്പില്‍ കീഴടങ്ങി; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ആദർശ് എം.കെ.
Monday, 20th April 2026, 2:54 pm

കന്യാകുമാരി: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എ.ഐ.എ.ഡി.എം.കെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അണ്ണാ ഡി.എം.കെ അഴിമതിയില്‍ മുങ്ങിയെന്നും ഇത് കാരണം അവര്‍ ബി.ജെ.പിക്ക് മുമ്പില്‍ കീഴടങ്ങിയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ബി.ജെ.പിക്ക് തമിഴ്നാട്ടിലേക്ക് പ്രവേശിക്കാനുള്ള ഒരു വഴിയായി പ്രാദേശിക പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെ ഇപ്പോള്‍ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കന്യാകുമാരിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ സംസ്ഥാനങ്ങള്‍ക്കും സ്വന്തം ശബ്ദവും സ്വയംഭരണാധികാരവും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഓരോ സംസ്ഥാനത്തെയും ജനങ്ങള്‍ തന്നെ ആ സംസ്ഥാനം ഭരിക്കണം. എന്നാല്‍ ബി.ജെ.പി ‘ഒരു പാരമ്പര്യം, ഒരു ഭാഷ, ഒരു ചരിത്രം’ എന്ന നയത്തിലാണ് വിശ്വസിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദ്രാവിഡ പ്രത്യയശാസ്ത്രത്തെ വെറുക്കുന്ന ആര്‍.എസ്.എസ് തമിഴ്നാട് ഭരിക്കാന്‍ പദ്ധതിയിടുകയാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ് ഭാഷയും സംസ്‌കാരവും ചരിത്രവും സംരക്ഷിക്കാന്‍ ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം എന്നും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാട് അതിന്റെ സ്വന്തം തത്വങ്ങള്‍ക്കും ഭരണവികേന്ദ്രീകരണത്തിനും അനുസൃതമായി സ്വന്തം ജനങ്ങളാല്‍ ഭരിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി.എം.കെയ്ക്ക് പുറമെ മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, കൊങ്കുനാടു മക്കള്‍ ദേശീയ കച്ചി, മനിതനേയ മക്കള്‍ കച്ചി, മനിതനേയ ജനനായക കച്ചി, മുക്കുളത്തോര്‍ പുലിപ്പടൈ, എസ്.ഡി.പി.ഐ, തമിളര്‍ ദേശം കച്ചി, ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം, വിടുതലൈ ചിരുതൈകള്‍ കച്ചി, സി.പി.ഐ.എം, സി.പി.ഐ, മുസ്‌ലിം ലീഗ് എന്നിവര്‍ക്കൊപ്പം സെക്യുലര്‍ പ്രോഗ്രസീവ് അലയന്‍സി (എസ്.പി.എ)ന്റെ ഭാഗമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.

28 സീറ്റുകളിലാണ് കോണ്‍ഗ്രസ് ജനവിധി തേടുന്നത്.

ഏപ്രില്‍ 23നാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. മെയ് നാലിനാണ് വോട്ടെണ്ണല്‍.

 

Content highlight: Rahul Gandhi says AIADMK surrenders to BJP

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.