ന്യൂദല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രശ്‌നം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് താന്‍ കരുതുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി.
പ്രധാനമന്ത്രിയുടെ കാര്യത്തില്‍ എല്ലാം ഒരു ഷോ മാത്രമാണെന്നും അല്ലാതെ അദ്ദേഹത്തില്‍ മറ്റൊന്നുമില്ലെന്നും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വെറും ഒരു കഥാപാത്രമാണ്. അദ്ദേഹത്തിന്റെ കാര്യത്തില്‍ എല്ലാം ഒരു ഷോ മാത്രമാണ്. മാധ്യമങ്ങള്‍ അദ്ദേഹത്തിന് അമിത പ്രാധാന്യം നല്‍കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ദല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ‘ഭാഗിദാരി ന്യായ് മഹാസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയെ കുറിച്ചുള്ള തന്റെ നിലപാട് രാഹുല്‍ വിശദീകരിച്ചത്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് പറയാമോ എന്നായിരുന്നു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ സദസിനോട് ചോദിച്ചത്.
നരേന്ദ്ര മോദി
സദസിലിരുന്ന ഒരാള്‍ നരേന്ദ്ര മോദിയുട പേര് വിളിച്ചുപറഞ്ഞതോടെയായിരുന്നു, അല്ല, നരേന്ദ്ര മോദി ഒരു വലിയ പ്രശ്‌നമേ അല്ലെന്നുള്ള രാഹുലിന്റെ മറുപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രണ്ടോ മൂന്നോ തവണ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും വലിയ പ്രശ്നം അദ്ദേഹമാണെന്ന് കരുതുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ അദ്ദേഹത്തിന് വളരെയധികം പ്രാധാന്യം നല്‍കിയിട്ടുണ്ട്; അദ്ദേഹം ഒരു പ്രശ്‌നമല്ല. മുമ്പ്, ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ലായിരുന്നു, പക്ഷേ ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തെ രണ്ടു മൂന്ന് തവണ കണ്ടു. അപ്പോള്‍ എനിക്ക് മനസ്സിലായി അദ്ദേഹത്തില്‍ ഒന്നുമില്ലെന്ന്. അദ്ദേഹത്തില്‍ അങ്ങനെ ഒരു അസ്ഥിത്വം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. നിങ്ങള്‍ അദ്ദേഹത്തെ കണ്ടിട്ടില്ല, ഞാന്‍ കണ്ടിട്ടുണ്ട്,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 21 വര്‍ഷമായി താന്‍ രാഷ്ട്രീയത്തില്‍ ഉണ്ടെന്നും തിരിഞ്ഞു നോക്കുമ്പോള്‍ തനിക്ക് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും പരിപാടിയില്‍ പങ്കെടുക്കവേ രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി
‘ഞാന്‍ 2004 മുതല്‍ രാഷ്ട്രീയത്തിലുണ്ട്, ഏതാണ്ട് കഴിഞ്ഞ 21 വര്‍ഷമായിട്ട്. തിരിഞ്ഞുനോക്കുമ്പോള്‍, എനിക്ക് ഒരു തെറ്റ് പറ്റിയെന്ന് ഞാന്‍ മനസിലാക്കുന്നു. ഒ.ബി.സി വിഭാഗക്കാരുടെ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിട്ടില്ല. അവരുടെ പ്രശ്‌നങ്ങളെ അക്കാലത്ത് എനിക്ക് ആഴത്തില്‍ മനസിലാക്കാനായില്ല. അവരുടെ ചരിത്രവും പ്രശ്നങ്ങളും അറിയാമായിരുന്നെങ്കില്‍ അന്ന് തന്നെ ജാതി സെന്‍സസ് എന്ന വിഷയം ഞാന്‍ ഉന്നയിക്കുമായിരുന്നു,’ രാഹുല്‍ പറഞ്ഞു.
ഇത് തന്റെ മാത്രം തെറ്റാണെന്നും പാര്‍ട്ടിയുടേതല്ലെന്നും താന്‍ അത് തിരുത്താന്‍ പോകുകയാണെന്നും യോഗത്തില്‍ രാഹുല്‍ പറഞ്ഞു.
‘നിങ്ങളുടെ പ്രശ്‌നങ്ങള്‍ അന്ന് എനിക്ക് ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണ് അത്… നിങ്ങളുടെ ചരിത്രത്തെക്കുറിച്ച്, നിങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് കുറച്ചുകൂടി അറിയാമായിരുന്നെങ്കില്‍, ആ സമയത്ത് തന്നെ ഞാന്‍ ഒരു ജാതി സെന്‍സസ് നടത്തുമായിരുന്നു. അത് ഞാന്‍ ചെയ്ത തെറ്റാണ്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെറ്റല്ല. അത് എന്റെ തെറ്റാണ്. ആ തെറ്റ് ഞാന്‍ തിരുത്താന്‍ പോകുന്നു,’ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ പറഞ്ഞു.
Content Highlight: Rahul Gandhi said Narendra Modi is not a Big Problem in Our Democracy